ADVERTISEMENT

ബൻസ്വാര∙ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള രാജസ്ഥാനിലെ ബൻസ്‌വാര-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ നടക്കുന്നതു വിചിത്രമായ പോരാട്ടം. ഈ മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യർഥിക്കുകയാണ് കോൺഗ്രസ്. 

ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിലാണ് ഈ സീറ്റിൽ ഭാരത് ആദിവാസി പാർട്ടി സ്ഥാനാർഥി രാജ്കുമാർ റോട്ടിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിക്കുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെയായിരുന്നു തീരുമാനം. ഇതേ സീറ്റിൽ കോൺഗ്രസ് അരവിന്ദ് ദാമോദറെ നേരത്തേ നിർത്തിയിരുന്നതാണ്. 

കോൺഗ്രസ് ബിഎപി സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിനു പിറകേ കോൺഗ്രസ് സ്ഥാനാർഥി അരവിന്ദ് നാമനിർദേശ പത്രിക പിൻവലിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം കഴിയുന്നതു വരെ അരവിന്ദിനെ കുറിച്ചു യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടു മാധ്യമങ്ങൾക്കു മുന്നിൽ എത്തിയ കോൺഗ്രസ് നേതാവ് സംഭവിച്ചതൊന്നും അറിഞ്ഞില്ലെന്നും തിര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. 

ബിജെപിയും കോൺഗ്രസ് – ബിഎപിയും തമ്മിലുള്ള പോരാട്ടത്തിൽ ഇതോടെ കോൺഗ്രസ് വോട്ടുകൾ മറിയുമോയെന്ന ആശങ്കയിലാണു കോൺഗ്രസ്. ഇത് ബിജെപി സ്ഥാനാർഥി മഹേന്ദർജിത് സിങ് മാളവ്യക്ക് മുൻതൂക്കം നൽകുമെന്നും അവർ കരുതുന്നു. 

ആശങ്കയിലായ പ്രാദേശിക പാർട്ടി പ്രവർത്തകർ ജനങ്ങളോടു കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്യരുതെന്നും ബിഎപി സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്നും അഭ്യർഥിച്ച് വീടുകൾതോറും കയറിയിറങ്ങുകയാണ്. നിരവധി പ്രമുഖ നേതാക്കളും ബിഎപിയെയാണു തങ്ങൾ പിന്തുണയ്ക്കുന്നതെന്നും കോൺഗ്രസ് സ്ഥാനാർഥിക്കു വോട്ട് ചെയ്യരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2023 നിയമസഭാ തിരഞ്ഞെടുപ്പിലാണു ബിഎപി രാജസ്ഥാനിൽ സ്ഥാനമുറപ്പിക്കുന്നത്. മൂന്ന് എംഎൽഎമാർ പാർട്ടിക്കുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com