ADVERTISEMENT

ന്യൂഡൽഹി∙ സുപ്രീം കോടതി നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ പരസ്യവുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്നത്തെ പത്രങ്ങളിലാണ് പതഞ്ജലിയുടെ പുതിയ പരസ്യം വന്നിരിക്കുന്നത്. പതഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം ഇത്തവണ കൂടുതൽ വലുപ്പത്തിലാണ് നൽകിയിരിക്കുന്നത്. പരസ്യം ചെറുതായി നൽകരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പരസ്യത്തിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ട്. 

വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പ് അപേക്ഷ. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഹിമ കോഹ്‍ലിക്കും അഹ്സുദ്ദീൻ അമാനുള്ളക്കും മുൻപാകെ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിനു 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. കൂടുതൽ പരസ്യം പ്രസിദ്ധീകരിക്കാൻ തയാറാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. പിന്നാലെ പതഞ്ജലി പ്രസിദ്ധീകരിച്ച മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പതഞ്ജലി ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്ന വലുപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. 

പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകര്‍പ്പുകള്‍ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു. എന്തു വലുപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു തങ്ങള്‍ക്കു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വച്ചു നോക്കി കണ്ടുപിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇതിനുപിന്നാലെയാണ് ഇന്നത്തെ പത്രങ്ങളിൽ പുതിയ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

English Summary:

Ramdev's Apology In Newspapers In Misleading Ads Case, Second In Two Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com