ADVERTISEMENT

കോട്ടയം ∙ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് (ജംക്‌ഷൻ) റെയിൽവേ സ്‌റ്റേഷനിൽ കയറാതെ നോർത്ത് (ടൗൺ) സ്‌റ്റേഷൻ വഴി യാത്ര തുടരണമെന്ന ആവശ്യം വീണ്ടും സജീവമാകുമ്പോൾ യാത്രക്കാർ ആരായുന്നത് ബദൽ യാത്രാമാർഗം. രാവിലെ പാലരുവി - വേണാട് എക്സ്പ്രസുകൾക്കിടയിൽ എറണാകുളം സൗത്തിലേക്കു മെമു സർവീസ് അനുവദിക്കാതെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ബദൽ സംവിധാനമായി ഉയർത്തിക്കാട്ടുന്ന മെട്രോ റെയിൽ അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നുമാണു യാത്രക്കാരുടെ നിലപാട്.

കോട്ടയം വഴി എറണാകുളം ഭാഗത്തേയ്ക്കു ഗുരുതര യാത്രാക്ലേശമാണു നിലവിലുള്ളത്. വേണാട് എക്സ്പ്രസിന് എറണാകുളം നോർത്ത് സ്‌റ്റേഷനേക്കാൾ യാത്രക്കാരുള്ളത് സൗത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളിലേക്കാണ്. ഈ സാഹചര്യത്തിൽ ബദൽ സംവിധാനമൊരുക്കാതെ വേണാട് സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കിയാൽ വലിയ ദുരിതമാകും ട്രെയിൻ യാത്രക്കാർ അനുഭവിക്കേണ്ടി വരിക.

ernakulam-venad-express-train-sevices

‘‘തൃപ്പൂണിത്തുറയിൽനിന്ന് രാവിലെ 9.20ന് വേണാട് പുറപ്പെട്ടാൽ 9.40ന് സൗത്ത് സ്റ്റേഷനിൽ എത്തും. പ്ലാറ്റ്ഫോം ദൗർലഭ്യം കാരണം ഔട്ടറിൽ പിടിച്ചാൽ അതും പ്രയോജനപ്പെടുത്തുന്നവരുണ്ട്. സാധാരണ നിലയിൽ വേണാട് 10 മണിക്കു മുൻപു സൗത്ത് സ്റ്റേഷനിൽ എത്താറുണ്ട്. എന്നാൽ 9.20ന് തൃപ്പൂണിത്തുറയിൽ ഇറങ്ങുന്ന ഒരാൾ മെട്രോ സ്റ്റേഷനിലെ രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തുമ്പോഴേക്ക് കുറഞ്ഞത് 15 മിനിറ്റ് പിന്നിടും. 7 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവീസ്.

വേണാട് ട്രെയിൻ സൗത്ത് സ്റ്റേഷൻ ഒഴിവാക്കുന്നതിനു ബദലല്ല മെട്രോ. വേണാടിനു യാത്രക്കാർ കൂടുതലുള്ളതു സൗത്തിലേക്കാണ്. അവരെ വഴിയിലിറക്കി വിടുന്ന തീരുമാനമാണിത്. മെമു പരിഗണിക്കാതെ വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കുന്നതിൽ കടുത്ത വിയോജിപ്പുണ്ട്.

അവിടെനിന്ന് സൗത്തിലേക്ക് 20 മിനിറ്റ്  ദൈർഘ്യമുണ്ട്. സ്റ്റേഷനിൽനിന്ന് പുറത്തുകടക്കാനുള്ള സമയവും കൂടി കണക്കിലെടുത്താൽ തൃപ്പണിത്തുറയിൽനിന്ന് വേണാടിൽ ഇറങ്ങുന്നയാൾക്ക് മെട്രോ മാർഗ്ഗം സൗത്തിലെ ഓഫിസുകളിൽ സമയത്തെത്തുക എളുപ്പമല്ല. ഒപ്പം 30 രൂപ മെട്രോ ടിക്കറ്റ് നിരക്കും യാത്രക്കാരനിൽ അടിച്ചേൽപ്പിക്കപ്പെടും. ഇരുദിശയിലേക്കും ദിവസേന ഈ അധികച്ചെലവ് സാധാരണക്കാരനു താങ്ങാൻ കഴിയില്ല’’– യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.

രാവിലെ കോട്ടയം വഴി എറണാകുളത്തേക്ക് എത്തുന്ന വേണാട് - പാലരുവി എക്സ്പ്രസുകളുടെ സമയത്തിൽ ഒന്നര മണിക്കൂറിലേറെ ഇടവേളയുണ്ട്. തിരക്ക് ഉൾപ്പെടെ പരിഗണിച്ച് ഇതിനിടയിൽ ഒരു മെമു അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. അത്യാവശ്യക്കാർ മെമു പ്രയോജനപ്പെടുത്തുമ്പോൾ വേണാട് സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കിയാലും യാത്രക്കാരെ ബാധിക്കില്ല. അല്ലാതെയുള്ള നീക്കം ദോഷകരമാണെന്നു യാത്രക്കാർ പറയുന്നു.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന മെമു ട്രെയിൻ (ഫയൽ ചിത്രം: മനോരമ)
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന മെമു ട്രെയിൻ (ഫയൽ ചിത്രം: മനോരമ)

സൗത്ത് സ്റ്റേഷനിൽ ഒരു പ്ലാറ്റ്ഫോമിൽതന്നെ 2 മെമു അനുവദിക്കാറുണ്ട്. എൻജിൻ മാറ്റിഘടിപ്പിക്കുന്നതു പോലുള്ള സാങ്കേതിക പ്രശ്നങ്ങൾ മെമുവിന്റെ ഓപ്പറേഷൻ തടസ്സപ്പെടുത്തുന്നില്ല എന്ന കാരണത്താൽ കൂടിയാണിത്. സൗത്ത് സ്റ്റേഷനിലെ പ്ലാറ്റ്ഫോം ദൗർലഭ്യം പരിഹരിക്കേണ്ടതു വേണാട് ഒഴിവാക്കിക്കൊണ്ടല്ലെന്നാണു യാത്രക്കാരുടെ പക്ഷം.

English Summary:

Is Ernakulam South Junction Losing Its Charm Among Venad Express Riders?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com