ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു മലയാളികൾക്ക് കേരളത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനായി നാളെ കൊച്ചുവേളിയിലേക്കും മംഗളൂരുവിലേക്കും (പാലക്കാട് വഴി) 2 സ്പെഷൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. മടക്ക സർവീസ് 26ന് പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. 

എസ്എംവിടി ബയ്യപ്പനഹള്ളി–കൊച്ചുവേളി സ്പെഷൽ (06549) നാളെ വൈകിട്ട് 3.10നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 7നു കൊച്ചുവേളിയിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കൊല്ലം എന്നിവിടങ്ങളിൽ നിർത്തും. 14 തേഡ് ഇക്കോണമി എസി, 4 ടു ടയർ എസി കോച്ചുകളാണുള്ളത്. 

കൊച്ചുവേളി–ബയ്യപ്പനഹള്ളി  എസ്എംവിടി സ്പെഷൽ (06550) 26നു രാവിലെ 8നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രാത്രി 11.50നു ബയ്യപ്പനഹള്ളിയിലെത്തും. എസ്എംവിടി ബയ്യപ്പനഹള്ളി–മംഗളൂരു സെൻട്രൽ സ്പെഷൽ (06553) നാളെ വൈകിട്ട് 6നു ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10നു മംഗളൂരുവിലെത്തും. കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ നിർത്തും. 

  • Also Read

മംഗളൂരു സെൻട്രൽ–എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ (06554) 26ന് ഉച്ചയ്ക്ക് 12ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച പുലർച്ചെ 3ന് ബയ്യപ്പനഹള്ളിയിലെത്തും. 2 സ്ലീപ്പർ, 4 എസി ത്രിടയർ, 1 എസി ടുടയർ, 4 ജനറൽ കോച്ചുകളാണ് ട്രെയിനിനുള്ളത്.

കേരള, കർണാടക ആർടിസി സ്പെഷൽ ബസിൽ സീറ്റില്ല 

ബെംഗളൂരു∙ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകുന്നവർക്കായി കേരള, കർണാടക ആർടിസികൾ അനുവദിച്ച സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ തീർന്നു. കേരള ആർടിസി നാളെ മാത്രം 16 സ്പെഷൽ ബസുകളാണ് ഇന്നലെ വരെ അനുവദിച്ചത്. ബസുകൾ ലഭിക്കുന്നതിനനുസരിച്ച് കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് കൂടുതൽ സ്പെഷൽ ബസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സ്പെഷൽ ബസുകളിൽ ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. കർണാടക ആർടിസി  21 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. കൂടാതെ മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും സ്പെഷൽ ബസ് ഏർപ്പെടുത്തി. സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് മൾട്ടി ആക്സിൽ സ്ലീപ്പർ ബസിൽ നാളത്തെ നിരക്ക് 3400–3800 രൂപവരെയാണ് ഉയർന്നത്. കാർപൂളിങ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ നാട്ടിലേക്ക് മടങ്ങുന്നവരും കുറവല്ല. 

വോട്ടുവണ്ടികൾ ഒരുക്കി പാർട്ടികൾ 

വോട്ടർമാരെ നാട്ടിലെത്തിക്കാൻ സ്വന്തം നിലയ്ക്ക് വാഹനങ്ങൾ ക്രമീകരിച്ച് രാഷ്ട്രീയ പാർട്ടികളും മലയാളി കൂട്ടായ്മകളും. കേരളത്തിലും കർണാടകയിലും ഒരേ ദിവസം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാഹനങ്ങൾ ലഭിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വോട്ടെടുപ്പിന് 2 ദിവസം ബാക്കിനിൽക്കെ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട പ്രചാരണത്തിലായിരുന്നു വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രവാസികൂട്ടായ്മകൾ.   

നിയമസഭാ മണ്ഡലം തിരിച്ച് വാഹനം

വിവിധ മണ്ഡലങ്ങളിലെ പരമാവധി വോട്ടർമാരെ നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ. യുഡിഎഫ് കർണാടക സംസ്ഥാന കമ്മിറ്റി, ഓൾ ഇന്ത്യ കെഎംസിസി, കർണാടക മലയാളി കോൺഗ്രസ്, കർണാടക പ്രവാസി കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കർണാടക  ആർടിസി ബസുകളിൽ ഉൾപ്പെടെ ഗ്രൂപ്പ് ടിക്കറ്റുകൾ എടുത്താണ് പ്രവർത്തകരെ നാട്ടിലെത്തിക്കുന്നത്. 

യുഡിഎഫ് കർണാടക കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര, കണ്ണൂർ മണ്ഡലങ്ങളിലെ പ്രവർത്തകരെ എത്തിക്കാൻ നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വാഹനസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. നാളെ കലാശിപാളയ, മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനൽ എന്നിവിടങ്ങളിൽ നിന്ന് ബസുകൾ പുറപ്പെടും. നഗരത്തിലെ വ്യാപാരികൾ ഏറെയുള്ള കാസർകോട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലേക്കും പ്രവർത്തകരെ എത്തിക്കുന്നുണ്ട്. 

സമൂഹമാധ്യമങ്ങളിൽ പ്രചാരണം

എൽഡിഎഫ് സ്ഥാനാർഥികളുടെ വോട്ടുറപ്പിക്കാൻ ഇടതുപക്ഷ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയുമാണ് പ്രചാരണം ഊർജിതമാക്കിയത്. സിപിഎം ഐടി ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പ്രചാരണയോഗത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ, കെ.പി.മോഹനൻ എംഎൽഎ എന്നിവർ പങ്കെടുത്തിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിൽ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങി. കൂടാതെ വിവിധ മണ്ഡലങ്ങളിൽ  സ്ഥാനാർഥികൾക്കൊപ്പം പ്രചാരണ പ്രവർത്തനങ്ങളിലും ഇവർ സജീവമാണ്. 

വീടുകൾ കേന്ദ്രീകരിച്ച് കൂട്ടായ്മകൾ

ബിജെപി സ്ഥാനാർഥികളുടെ വോട്ടുറപ്പിക്കാൻ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം സജീവമാക്കിയത്. സംഘമിത്ര, സമന്വയ, തത്വമസി വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാൻ വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തി. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥികൾക്കൊപ്പമുള്ള പ്രചാരണ പ്രവർത്തനങ്ങളിലും സംഘടനാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സജീവമാണ്.

English Summary:

Two special train to kochuveli and Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com