ADVERTISEMENT

ലങ്ങി മറിയുന്ന രാഷ്ട്രീയവും ചരിത്രവുമുള്ള ത‌യ്‌വാന്റെ ഭൂമിശാസ്ത്രം എന്നും കുലുക്കങ്ങളുടേതാണ്. നിലയ്ക്കാത്ത ഭൂമികുലുക്കത്തിലും കാലിടറാതെ നിൽക്കാൻ പഠിച്ചു എന്നതാണു ലോകത്തെ മികച്ച സമ്പദ് ഘടനകളിലൊന്നായി ഒരുകാലത്ത് അറിയപ്പെട്ടിരുന്ന തയ്‌വാനെ വ്യത്യസ്തമാക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്തു ജപ്പാന്റെ കീഴിൽ ഞെരിഞ്ഞമർന്നെങ്കിലും അതിനുശേഷം കുതിച്ചുയർന്ന് ഏഷ്യയുടെ കടുവയായി മാറിയ ചരിത്രമാണ് കേരളത്തിന്റെയത്ര പോലും വലുപ്പമില്ലാത്ത ഈ കുഞ്ഞൻ രാജ്യത്തിന്റെ പ്രത്യേകത.

∙ റിപ്പബ്ലിക് ഓഫ് ചൈന അഥവാ തയ്‌വാൻ 

റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് തയ്‌വാൻ ഔദ്യോഗിക രേഖകളിൽ അറിയപ്പെടുന്നത്. എന്നാൽ ചൈനയുടെ വല്യേട്ടൻ മനോഭാവത്തിൻ കീഴിലാണ് ഇവിടുത്തെ ഭരണം. എന്നാൽ ചൈന നേരിട്ടു ഭരണകാര്യങ്ങളിൽ ഇടപെടാറില്ല. 1912ലെ ചൈനീസ് വിപ്ലവത്തിൽ സാമ്രാജ്യ ശക്തികളിൽനിന്നു ഭരണം പിടിച്ചെടുത്തവരാണ് ആദ്യമായി റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിക്കുന്നത്. ചൈനയും സമീപദ്വീപായ തയ്‌വാനും അന്ന് ഒന്നായിരുന്നു. പിന്നീട് ജപ്പാൻ ഈ ദ്വീപിൽ അധിപത്യം സ്ഥാപിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാൻ ഇവിടം വിട്ടുകൊടുത്തു. എന്നാൽ കുമിന്താങുമകളും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുണ്ടായ പോര് തയ്‌വാനും ചൈനയും അകലാൻ കാരണമായി. റിപ്പബ്ലിക് ഓഫ് ചൈന എന്ന പേരിൽ തയ്‌വാനിൽ കുമിന്താങ് വിഭാഗം ഭരണം ആരംഭിച്ചു.

ചൈനീസ് കോസ്റ്റുഗാർഡും (വെള്ള ഹെൽമറ്റ്) തയ്‌വാൻ കോസ്റ്റുഗാർഡും (ഓറഞ്ച് ഹെൽമറ്റ്) Photo credit: AFP
ചൈനീസ് കോസ്റ്റുഗാർഡും (വെള്ള ഹെൽമറ്റ്) തയ്‌വാൻ കോസ്റ്റുഗാർഡും (ഓറഞ്ച് ഹെൽമറ്റ്) Photo credit: AFP

മുഖ്യധാരാ ചൈന പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ച് അവിടെ ഭരണം തുടങ്ങി. തയ്‌വാൻ റിപ്പബ്ലിക് ഓഫ് ചൈനയായി മാറുകയും ചെയ്തു. ചുവപ്പൻ ചൈന അഥവാ കമ്യൂണിസ്റ്റ് ചൈനയിൽനിന്നു വ്യത്യസ്തമായ ഒരു രാജ്യവും ഭരണവ്യവസ്ഥയും ആണെന്നു കാണിക്കാനാണു നാഷനലിസ്റ്റ് ചൈനയെന്നും സ്വതന്ത്ര ചൈനയെന്നും തയ്‌വാൻ സ്വയം വിശേഷിപ്പിക്കാൻ തുടങ്ങിയത്. അര നൂറ്റാണ്ടോളം നീണ്ട ജാപ്പനിസ് ആധിപത്യത്തിൽനിന്ന് തയ്‌വാൻ മോചിതമാകുന്നത് 1945ലാണ്. 1952 ൽ ജപ്പാൻ പൂർണമായും രാജ്യം വിട്ടുപോയി. ഫോർമോസ എന്നും മുൻ‌പ് തയ്‌വാനെ വിളിച്ചിരുന്നു.

മുഖ്യരാജ്യമായ ചൈനയെയും തയ്‌വാനെയും വേർതിരിക്കുന്ന കടലിടുക്കിനെ ഫോർമോസ കടലിടുക്കെന്നാണ് ഇപ്പോഴും വിളിക്കുന്നത്. യഥാർഥ ചൈനയുടെ ഭരണം പിആർസി അഥവാ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന കയ്യാളുമ്പോൾ തയ്‌വാൻ പോലെയുള്ള സമീപ ദ്വീപുകളുടെയും മറ്റും നിയന്ത്രണം നിർവഹിക്കുന്ന ഏകോപിത കേന്ദ്രീകൃത ഭരണ സംവിധാനത്തെയാണ് ആർഒസി അഥവാ റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കുന്നത്. 


കുമിന്താങ്ങുകളുടെ പ്രസിഡന്റ് സ്ഥാനാർഥി ഹു യു ഇഹിനു വേണ്ടി തയ്‌വാനിലെ കവോസിയുങ്ങിൽ നടന്ന പ്രകടനം.                                                                           ചിത്രം:എഎഫ്പി
കുമിന്താങ്ങുകളുടെ പ്രസിഡന്റ് സ്ഥാനാർഥി ഹു യു ഇഹിനു വേണ്ടി തയ്‌വാനിലെ കവോസിയുങ്ങിൽ നടന്ന പ്രകടനം. ചിത്രം:എഎഫ്പി

∙ മെയ്ഡ് ഇൻ തയ്‌വാൻ കാലം

ചൈനയുടെയും ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ഇടയിൽ വടക്കുപ‍ടിഞ്ഞാറൻ പസിഫിക് സമുദ്രത്തിന്റെ ഭാഗമായ പൂർവ–ദക്ഷിണ ചൈന കടലിലെ 160ലേറെ കുഞ്ഞൻ ദ്വീപുകൾ ചേരുന്ന രാജ്യമാണ് തയ്‌വാൻ. 36,000 ചതുരശ്ര കിലോമീറ്ററാണ് മുഖ്യ ദ്വീപായ ഫോർമോസയുടെ വിസ്തൃതി. കേരളത്തേക്കാൾ അൽപ്പം ചെറുത്. കേരളത്തിലെ ജനസംഖ്യ ഏകദേശം 3 കോടിയാണെന്നു പറയുന്നതുപോലെ തയ്‌വാനിലെ ജനസംഖ്യ ഏകദേശം 2.3 കോടിയാണ്. കേരളം പോലെ ഏറെ ജനസാന്ദ്രതയുള്ള നാട്. തലസ്ഥാനമായ തായ്‌പേയ് ലോക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

1930കളിൽ ലോകമെങ്ങും മധുരം ഹരമായതോടെ ഇവിടെയും കരിമ്പുകൃഷി ആരംഭിച്ചതും ഇതിനായി റെയിൽവേ ലൈനുകൾ നിർമിച്ചതുമെല്ലാം ചരിത്രം. രണ്ടാം ലോകയുദ്ധ സമയത്ത് നാവിക താവളമായി മാറിയതോടെ കൃഷിയെല്ലാം നശിച്ച ചരിത്രവും പറയാനുണ്ട്. യുഎസുമായുള്ള ഏറ്റുമുട്ടലിന്റെ പ്രധാന താവളമായി ജപ്പാൻ തയ്‌വാനെ മാറ്റിയെടുത്തു. ജപ്പാൻ സൈനികർക്കു വേണ്ട ‘സഹായം’ ചെയ്യാൻ 2000 സ്ത്രീകളെ ‘അടിമ’കളായി നിയമിച്ച ചരിത്രവും ഈ ദ്വീപുരാജ്യത്തിന്റെ ചരിത്രത്തോടൊപ്പം വായിച്ചെടുക്കാം. കൊറിയൻ യുദ്ധകാലത്ത് അമേരിക്കയുടെ ഏഴാം കപ്പൽപ്പടയും മറ്റും ഇവിടെ തമ്പടിച്ചിരുന്നു.

ചൈനീസ് ആധിപത്യത്തെ തള്ളിമാറ്റി, യുഎസുമായി ചേർന്ന് നടപ്പാക്കിയ സാമ്പത്തിക– കാർഷിക പരിഷ്കാരങ്ങൾ തയ്‌വാനെ ലോകത്തിലെ ഏറ്റവും മികച്ച ഉത്പാദന ക്ഷമതയുള്ള സമ്പദ് ഘടനയാക്കി മാറ്റി. ഒരുപക്ഷേ എഴുപതുകളിലെ കേരളത്തിനു ലഭിക്കേണ്ടിയിരുന്ന മേൽക്കൈ. കൃഷി തുടരുന്നതിനിടെ വ്യവസായങ്ങൾക്കും വാതിൽ തുറന്നു. തുണി ഉൽപ്പാദനം ഉൾപ്പെടെ ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിച്ചും തയ്‌വാൻ ലോകത്തിനു മുന്നിൽ തുറന്ന ആ മഹാദ്ഭുതമാണ് കേരള മോഡൽ എന്ന് നമ്മൾ പറയുന്നതുപോലെയുള്ള തയ്‌വാൻ മിറക്കിൾ എന്ന പേരിൽ അറിയപ്പെടുന്നത്. 1970ൽ ലോകത്തിലെ ഏറ്റവും അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള രാജ്യമായി തയ്‌വാൻ മാറി. ഇലക്ട്രോണിക്സ്, ഫാഷൻ രംഗങ്ങളിൽ ചൈന ഒന്നുമല്ലാതിരുന്ന കാലത്ത് തയ്‌വാൻ മെയ്ഡ് ഇൻ സാധനങ്ങൾ രാമേശ്വരം തീരത്തു വരെ എത്തുമായിരുന്നു.

എൺപതുകൾ ആയപ്പോഴേക്കും ഹോങ്കോങ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തയ്‌വാൻ എന്നിവയായിരുന്നു ഏഷ്യയിലെ നാല് വളരുന്ന പ്രതാപ രാജ്യങ്ങൾ. തൊണ്ണൂറുകൾ ആയപ്പോഴേക്കും തയ്‌വാൻ ജനാധിപത്യത്തിലേക്കും കൂടുതൽ പത്ര– പൗര സ്വാതന്ത്ര്യത്തിലേക്കും ഇതൾ വിരിക്കുന്ന കാഴ്ചയാണു ലോകം കണ്ടത്. പുതിയ രാഷ്ട്രീയ– ജനകീയ പാർട്ടികളും പൗരസംഘടനകളും നിലവിൽ വന്നതോടെ പൗരബോധവും ജനാധിപത്യ ചിന്തകളും വീണ്ടും തല ഉയർത്തി. പുതിയ പുലരിയെ സ്വപ്നം കണ്ട് തയ്‌വാൻ ഉണർന്നു. അടിച്ചമർത്തലുകൾ ഇതിനിടയിലും ഉണ്ടായെങ്കിലും ജനങ്ങൾക്കു ലഭിച്ച പുതിയ സ്വാതന്ത്ര്യം കൂടുതൽ മനുഷ്യാവകാശ ചിന്തകളിലേക്കു ജനങ്ങളെ വഴിതിരിച്ചു. 

ചൈനയുമായി ഒപ്പിട്ട പുതിയൊരു വ്യാപാര കരാറിനെതിരെ വിദ്യാർഥികൾ നിയമസഭാ മന്ദിരത്തിന് അകത്തേക്ക് കയറി പ്രതിഷേധിച്ചത് 10 വർഷം മുൻപ് 2014ലാണ്. 1989ൽ ഇതുപോലെ ചൂടേറിയ ഏപ്രിൽ വസന്തകാലത്തു ചൈനയിലെ ടിയാനൻമെൻ ചത്വരത്തിൽ നടന്ന വിദ്യാർഥി സമരത്തെ ചൈന അടിച്ചമർത്തിയ രീതിയുമായി വച്ചു നോക്കുമ്പോൾ തയ്‌വാൻ എത്രയോ ജനാധിപത്യ ബോധത്തിലേക്കു നടന്നുകയറി എന്ന് ഈ സംഭവം വിളിച്ചറിയിച്ചു. സൂര്യകാന്തി വിദ്യാർഥി വിപ്ലവം എന്നാണ് ഇത് അറിയപ്പെട്ടത്. പിന്നീട് ടുണീഷ്യയിൽ മൊട്ടിട്ട് ഈജിപ്തിലേക്ക് ഉൾപ്പെടെ പന്തലിച്ച മുല്ലപ്പൂ വിപ്ലവം വന്ന രീതിയും ഓർക്കുക.

അടുത്ത ഭാഗം:
ചായയിൽ മുക്കിയ ബൺപോലെ കേരളം; നമ്മുടെ വീടുകൾ സുരക്ഷിതമോ, തയ്‌വാൻ നമുക്കുള്ള പാഠം

English Summary:

Baby Taiwan, which shocked China, is smaller than Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com