ADVERTISEMENT

വടകര∙ മണ്ഡലത്തിൽ പരാതി പ്രവാഹം. വർഗീയ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും പരാതി നൽകി. യുഡിഎഫ് കടുത്ത വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി നൽകി. യുഡിഎഫും യൂത്ത് ലീഗും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വർഗീയ പ്രചാരണം നടത്തുന്നുവെന്നാണു പരാതിയിൽ പറയുന്നത്. വാട്സാപ്പ് സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് പരാതി നൽകിയത്. ശൈലജയ്ക്കെതിരെ തോൽവി ഉറപ്പിച്ച യുഡിഎഫ് കടുത്ത വർഗീയത പ്രചരിപ്പിക്കുകയാണെന്നും  പരാതിയിൽ പറയുന്നു. എൽഡിഎഫ് വടകര മണ്ഡലം ട്രഷറർ സി.ഭാസ്ക്കരനാണ് പരാതി നൽകിയത്. 

അതേസമയം, എൽഡിഎഫിനെതിരെ യുഡിഎഫും പരാതി നൽകി. മതതീവ്രവാദ സംഘടനകളുമായി ചേർന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി വോട്ട് തേടുന്നുവെന്ന വ്യാജ പോസ്റ്റർ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. എസ്ഡിപിഐയുമായി ചേർന്ന് വോട്ടു തേടുന്നുവെന്നാണ് വ്യാജ പ്രചാരണം. ഷാംജിത്ത് പി.കോട്ടപ്പള്ളി എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകളിലും സമാനമായ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. വർഗീയ വിഭജനം ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ശക്തമായ നടപടി എടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് തിരഞ്ഞെടുപ്പ് കൺവീനർ എൻ.വേണുവാണ് പരാതി നൽകിയത്. 

അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ തിരഞ്ഞടുപ്പ് ജോലിക്ക് നിയമിച്ചതിനെതിരെയും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്. മീഞ്ചന്ത ആർട്സ് കോളജിലെ അസോസിയേറ്റ് പ്രഫസർ അബ്ദുൽ റിയാസിനെതിരെ വിദ്വേഷ പ്രചാരണത്തിന് യുഡിഎഫ് വടകര പാർലമെന്റ് മണ്ഡലം സോഷ്യൽ മീഡിയ കമ്മിറ്റി ചെയർമാൻ വി.പി.ദുൽഖിഫിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ റിയാസിനെതിരെ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി നിയമിച്ചത്. ഇതോടെയാണ് ദുൽഖിഫിൽ കലക്ടർക്ക് വീണ്ടും പരാതി നൽകിയത്. കലാശക്കൊട്ടിനിടെ കെ.കെ.ശൈലജയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് രാവിലെ പരാതി നൽകിയിരുന്നു.

English Summary:

LDF and UDF filed a complaint alleging communal propaganda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com