ADVERTISEMENT

ഞ്ഞിമിഠായിയിൽ (കോട്ടൺ കാൻഡി) രാസപദാർഥങ്ങൾകൊണ്ടു കൃത്രിമമായി നിറം ചേർക്കുന്നത് അടുത്തിടെയാണു കർണാടക നിരോധിച്ചത്. എന്നാൽ, തടവും പിഴയും ലഭിക്കാതെ എങ്ങനെ നിറങ്ങൾ മാറ്റാം എന്നാലോചിക്കുകയാണ് കർണാടക, അതുപക്ഷേ രാഷ്ട്രീയ മിഠായിയിൽ ആണെന്നു മാത്രം. ദക്ഷിണേന്ത്യയിൽ കാവിക്കൊടി പാറിക്കാൻ ആഞ്ഞുശ്രമിക്കുന്ന ബിജെപിക്കു പശിമയുള്ള മണ്ണാണു കർണാടക. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം ഒരുങ്ങുന്നതാകട്ടെ കൊടിയൊന്നു മാറ്റിക്കെട്ടാനും. ബിജെപി–ജനതാദൾ എസ് (ജെഡിഎസ്) സഖ്യവും കോൺഗ്രസും തമ്മിലാണിവിടെ മത്സരം.

1999നു ശേഷം രണ്ടക്കം കാണാനാകാതെ പ്രയാസപ്പെടുന്ന കോൺഗ്രസിന് ആ കണക്കു തിരുത്തണമെന്നുണ്ട്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റും നേടിയല്ലോയെന്ന ആത്മവിശ്വാസത്തിലാണു ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും മാറിമാറി വന്നാലും ലോക്സഭയിലേക്കു ബിജെപി മതിയെന്നതാണു കുറച്ചുകാലമായി കന്നഡിഗരുടെ ശീലം. ബിജെപി 2004ൽ 18, 2009ൽ 19, 2014ൽ 17, 2019ൽ 25 സീറ്റ് എന്നിങ്ങനെയാണു വിജയിച്ചത്. ഇതേ വർഷങ്ങളിൽ യഥാക്രമം 8, 6, 9, 1 എന്നിങ്ങനെയാണു കോൺഗ്രസിന്റെ സീറ്റുനേട്ടം. 1999ൽ നേടിയ 18 സീറ്റാണു കോൺഗ്രസിനുള്ള നല്ലോർമ. അന്നു ബിജെപിക്ക് ഏഴും ജെഡിയുവിനു മൂന്നും സീറ്റാണു കിട്ടിയത്. 

നരേന്ദ്ര മോദി (Photo: Sajjad Hussain/AFP)
നരേന്ദ്ര മോദി (Photo: Sajjad Hussain/AFP)

ഏപ്രിൽ 26, മേയ് 7 എന്നിങ്ങനെ രണ്ടു ഘട്ടമായാണു 5.33 കോടി വോട്ടർമാർ ജനവിധി രേഖപ്പെടുത്തുക. ചിത്രദുർഗ, ഉഡുപ്പി–ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹാസൻ, തുമക്കൂരു, ചിക്കബല്ലാപുര, കോലാർ, മണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ എന്നീ മണ്ഡലങ്ങൾ ആദ്യഘട്ടത്തിലും ബെളഗാവി, ബെള്ളാരി, ചിക്കോഡി, ഹാവേരി–ഗദഗ്, കലബുറഗി, ബീദർ, ഹുബ്ബള്ളി–ധാർവാഡ്, കൊപ്പാൾ, റായ്ച്ചൂർ, ഉത്തര കന്നഡ, ദാവനഗരെ, ശിവമൊഗ്ഗ, ബാഗൽകോട്ട്, വിജയനഗര എന്നിവ രണ്ടാം ഘട്ടത്തിലും വോട്ടിടും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആരവമൊടുങ്ങും മുൻപാണു ലോക്‌സഭാ പോരാട്ടം. ഒരു വർഷത്തെ കോൺഗ്രസ് ഭരണത്തിനാണോ ‘മോദിയുടെ ഗ്യാരന്റി’ക്കാണോ ജനത്തിന്റെ പിന്തുണയെന്ന് ഉടനറിയാം.

∙ ആരുടെ തരംഗമാകും തുടരുക?

നിയമസഭാ വിജയത്തിന്റെ ആവേശം നിലനിർത്താനായാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടക്കം നേടാമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ 28ൽ 25ഉം ബിജെപി നേടിയതിന്റെ ക്ഷീണം അങ്ങനെ മറികടക്കാം. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കോൺഗ്രസിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ തവണ. 2019 പോലെയല്ല 2024 എന്നാണു കോൺഗ്രസ് പറയുന്നത്. അന്ന് ജെഡിഎസ്-കോൺഗ്രസ് സഖ്യമായിരുന്നു സംസ്ഥാനത്ത് അധികാരത്തിൽ. ഒരുമിച്ചാണു തിരഞ്ഞെടുപ്പിനെ നേരിട്ടതും. പക്ഷേ ഏവരെയും ഞെട്ടിച്ച് ബിജെപി തൂത്തുവാരി. കോൺഗ്രസിനും ജെഡിഎസിനും കിട്ടിയത് ഓരോ സീറ്റ് വീതം. ഇത്തവണ ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമാണു ജെഡിഎസ്. ബിജെപി 25 സീറ്റിലും ജെഡിഎസ് 3 സീറ്റിലും മത്സരിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം നടത്തുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ. ചിത്രം: മനോരമ
കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ സമരം നടത്തുന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവർ. ചിത്രം: മനോരമ

വോട്ടർമാർക്ക് 5 ഉറപ്പുകൾ നൽകിയതിന്റെ ബലത്തിലാണു സംസ്ഥാനഭരണം നേടാനായതെന്നാണു കോൺഗ്രസിന്റെ വിശ്വാസം. ഇതേതന്ത്രം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിയെ വിജയതീരത്തെത്തിച്ചു. ബിജെപി അഴിമതിപ്പാർട്ടിയാണെന്ന് ആരോപിച്ചുള്ള ‘പേ സിഎം’ (PayCM) പ്രചാരണവും ഏറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുറാലികളും റോഡ് ഷോകളും ഉണ്ടായിട്ടും ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനം ബിജെപിക്കു നഷ്ടമായി. ഉറപ്പുകൾ നടപ്പാക്കിയ റിപ്പോർട്ട് കാർഡുമായി പ്രവർത്തകർ ജനങ്ങളിലേക്കിറങ്ങി. കോൺഗ്രസ് പ്രസിഡന്റും കർണാടകക്കാരനുമായ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഒപ്പിട്ട പുതിയ ഗ്യാരന്റി കാർഡുകളുമായാണു പ്രചാരണം. മുഖ്യമന്ത്രി സിദ്ധരാമയ്യ– ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ സഖ്യവും വോട്ടുറപ്പാക്കുമെന്നാണു പ്രതീക്ഷ.

കോൺഗ്രസിന് ഊർജം പകരുന്നതായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിജയം. എൻഡിഎയുടെ അധിക സ്ഥാനാർഥിയെന്ന വെല്ലുവിളി മറികടന്നതും ബിജെപി എംഎൽഎയുടെ കൂടി വോട്ടു നേടിയതും ആത്മവിശ്വാസമായി. 134 എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനായതിലൂടെ പാർട്ടി ഒറ്റക്കെട്ടാണെന്ന സന്ദേശം പ്രവർത്തകരിലേക്കെത്തിച്ചു. ജാതി സെൻസസും നേട്ടമാകുമെന്നാണു കണക്കുകൂട്ടൽ. പ്രബല സമുദായങ്ങളായ ലിംഗാത്തുകളുടെയും വൊക്കലിഗരുടെയും എതിർപ്പിനിടെയാണ്, മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻപാകെ പിന്നാക്ക ക്ഷേമ കമ്മിഷൻ ജാതി സെൻസസ് സമർപ്പിച്ചത്.

കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ
രാഹുൽ ഗാന്ധി. ചിത്രം: സമീർ എ.ഹമീദ് ∙ മനോരമ

‘മോദിയുട‍െ ഗ്യാരന്റി’ തന്നെയാണു ബിജെപിയുടെ തുറുപ്പുചീട്ട്. ബിജെപിയിൽ വിമതശല്യം രൂക്ഷമാണെങ്കിലും മോദി തരംഗത്തിലാണ് എൻ‌ഡിഎ ക്യാംപിന്റെ പ്രതീക്ഷ. കോൺഗ്രസ് വികസനം കൊണ്ടുവന്നില്ലെന്നാണു പ്രചാരണം. കോൺഗ്രസിന്റെ ഉറപ്പുകൾ പലർക്കും ഗുണപ്പെട്ടില്ല, കർഷകർക്കു സഹായം ലഭ്യമാക്കിയില്ല, ഫണ്ട് ദുർവിനിയോഗത്തിന് കേന്ദ്രത്തെ കുറ്റപ്പെടുത്തി തുടങ്ങിയവയും ഉന്നയിക്കുന്നു. കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളാണു കോൺഗ്രസ് അഴിച്ചുവിട്ടത്. കർഷകർക്കുള്ള വരൾച്ചാ ദുരിതാശ്വാസം വൈകിപ്പിച്ചു, നികുതിവിഹിതം നൽകുന്നതിലെ അനീതി, നദീജല പദ്ധതികൾക്ക് ധനസഹായം നൽകാതിരിക്കൽ എന്നിവയ്ക്കൊപ്പം എൻഡിഎ ഭരണഘടന മാറ്റുമെന്നും ചൂണ്ടിക്കാട്ടി. ഹിന്ദു മതത്തെ രക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന മാറ്റണമെന്ന അനന്ത്കുമാർ ഹെഗ്ഡെ എംപിയുടെ പ്രസ്താവന രാജ്യമാകെ ബിജെപിക്കെതിരെ പ്രതിപക്ഷം ഉപയോഗിച്ചിരുന്നു. 6 തവണ എംപിയായ അനന്ത്കുമാറിനു വിവാദത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി സീറ്റ് നിഷേധിച്ചു. 

∙ കർണാടകയിലെ കുടുംബ കാർണിവൽ!

ഈ ലോക്സഭാ തിരഞ്ഞെടുപ്പ് പാർട്ടികൾക്കു ‘വീട്ടുകാര്യം’ കൂടിയാണ്. ജനതാദൾ– എസ് മത്സരിക്കുന്ന 3 സീറ്റിൽ രണ്ടിലും കുടുംബാംഗങ്ങളാണ്. മണ്ഡ്യയിൽ എൻഡിഎ മുന്നണി സ്ഥാനാർഥിയായി ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി മത്സരിക്കുന്നു. പാർട്ടി ദേശീയാധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായി എച്ച്.ഡി.ദേവെഗൗഡയുടെ പേരക്കുട്ടി പ്രജ്വൽ രേവണ്ണ ഹാസനിൽ സ്ഥാനാർഥിയാണ്. ദളിന്റെ മൂന്നാം സീറ്റായ കോലാറിൽ എം.മല്ലേഷ് ബാബുവാണു മത്സരിക്കുന്നത്. ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥി ശ്രേയസ് എം.പട്ടേൽ, അന്തരിച്ച കോൺഗ്രസ് എംപി ജി.പുട്ടസ്വാമി ഗൗഡയുടെ കൊച്ചുമകനാണ്. ദേവെഗൗഡയുടെ മകളുടെ ഭർത്താവ് ഡോ. സി.എൻ.മഞ്ജുനാഥ് ബിജെപി ടിക്കറ്റിൽ ബെംഗളൂരു റൂറലിലും നിന്നതോടെ കുടുംബത്തിൽ 3 സ്ഥാനാർഥികളായി. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനും സിറ്റിങ് എംപിയുമായ ഡി.കെ.സുരേഷാണ് മഞ്ജുനാഥിന്റെ എതിരാളി.

എച്ച്.ഡി.കുമാരസ്വാമി, എച്ച്.ഡി.ദേവെഗൗഡ  (PTI Photo/Shailendra Bhojak)
എച്ച്.ഡി.കുമാരസ്വാമി, എച്ച്.ഡി.ദേവെഗൗഡ (PTI Photo/Shailendra Bhojak)

ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര മത്സരിക്കുന്നത് ശിവമൊഗ്ഗയിൽ. മറ്റൊരു മകൻ വിജയേന്ദ്രയാണ് കർണാടക ബിജെപി അധ്യക്ഷൻ. കോൺഗ്രസ് പട്ടികയിൽ 5 മന്ത്രിമാരുടെ മക്കൾ, ഒരു മന്ത്രിയുടെ ഭാര്യ, മറ്റൊരു മന്ത്രിയുടെ സഹോദരി എന്നിങ്ങനെ കുടുംബക്കാരുണ്ട്. മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോഡി), വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), ടെക്സ്റ്റയിൽ മന്ത്രി ശിവാനന്ദ പാട്ടീലിന്റെ മകൾ സംയുക്ത എസ്.പാട്ടീൽ (ബാഗൽക്കോട്ട്), വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബീദർ), ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബെംഗളൂരു സൗത്ത്) എന്നിവരാണു മറ്റ് മക്കൾ താരങ്ങൾ.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി. ചിത്രം: രാഹുൽ പട്ടം ∙ മനോരമ
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി. ചിത്രം: രാഹുൽ പട്ടം ∙ മനോരമ

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകളുടെ ഭർത്താവ് രാധാകൃഷ്ണ ദൊഡ്ഡമണി കലബുറഗിയിൽ പോരിനുണ്ട്. ഖർഗെയുടെ മകൻ പ്രിയങ്ക് കർണാടക മന്ത്രിയാണ്. ഖനി മന്ത്രി എസ്.എസ്.മല്ലികാർജുന്റെ ഭാര്യ പ്രഭ ദാവനഗെരെയിൽ സ്ഥാനാർഥിയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരുമകൾ കൂടിയാണ് പ്രഭ. ശിവമൊഗ്ഗയിൽ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരി ഗീത ശിവരാജ്കുമാറാണ് കളത്തിൽ. മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകളും കന്നഡ സൂപ്പർതാരം ശിവരാജ്കുമാറിന്റെ ഭാര്യയുമാണ് ഗീത. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ കെ.റഹ്മാൻ ഖാന്റെ മകൻ മൻസൂർ അലി ഖാൻ ബെംഗളൂരു സെൻട്രലിൽ മാറ്റുരയ്ക്കുന്നു. ചിക്കോഡിയിൽ മുൻ ബിജെപി മന്ത്രി ശശികലാ ജ്വല്ലെയുടെ ഭർത്താവ് അന്നാസാഹേബ് ജ്വല്ലെയാണ് ബിജെപി സ്ഥാനാർഥി. ദാവനഗെരെയിൽ സിറ്റിങ് എംപി ജി.എം.സിദ്ദേശ്വരയ്ക്കു പകരം ഭാര്യ ഗായത്രിക്കാണു സീറ്റ്.

∙ നാൽവർ സംഘത്തിനു നിർണായകം

സംസ്ഥാന രാഷ്ട്രീയത്തെ നയിക്കുന്ന നാലു നേതാക്കൾക്കു നിർണായകമാണു ലോക്സഭാ തിരഞ്ഞെടുപ്പ്. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ, ബിജെപി അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര, എച്ച്.ഡി.കുമാരസ്വാമി എന്നിവരെയാണു തിരഞ്ഞെടുപ്പുഫലം ഏറ്റവുമധികം ബാധിക്കുക. ഒബിസി, ന്യൂനപക്ഷം, ദലിത് വിഭാഗങ്ങൾക്കിടയിലെ തന്റെ പ്രതിഛായ വർധിപ്പിക്കുകയാണു സിദ്ധരാമയ്യയുടെ ആവശ്യം. സ്വന്തം തട്ടകമായ മൈസൂരു, ചാമരാജനഗർ സീറ്റുകൾ നേടുകയും രണ്ടക്കത്തിലേക്കു കോൺഗ്രസിനെ എത്തിക്കുകയും വേണം. സംസ്ഥാന സർക്കാരിലും ദേശീയ നേതൃത്വത്തിലും ഇരിപ്പിടം ഉറപ്പിക്കാൻ വിജയം അനിവാര്യം. മുഖ്യമന്ത്രി പദവി നോട്ടമിടുന്ന, കെപിസിസി പ്രസിഡന്റ് കൂടിയായ ഡി.കെ.ശിവകുമാറിനു ഓൾഡ് മൈസൂരു മേഖലയിൽ വൊക്കലിഗ വോട്ടർമാരിലെ സ്വാധീനമാണു തെളിയിക്കാനുള്ളത്. മറ്റിടങ്ങളിലും വിജയമുണ്ടായാൽ സിദ്ധരാമയ്യയുടെ പിൻഗാമിയാകാം. കേരളത്തിലുൾപ്പെടെ തീപ്പൊരി പ്രസംഗങ്ങളുമായി എത്തിയ ഡി.കെ പ്രവർത്തകർക്ക് ആവേശമാണ്.

ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ബി.വൈ.വിജയേന്ദ്ര, പിതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയ്ക്കൊപ്പം. (PTI Photo)
ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ബി.വൈ.വിജയേന്ദ്ര, പിതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയ്ക്കൊപ്പം. (PTI Photo)

ബിജെപിയുടെ ജനകീയ മുഖമായ യെഡിയൂരപ്പയുടെ മകനാണു ബി.വൈ.വിജയേന്ദ്ര. ഇതു മാത്രമല്ല തന്റെ യോഗ്യതയെന്ന് തെളിയിക്കാനുള്ള ആദ്യത്തെ വലിയ അവസരമാണിത്. 2019ലെ വിജയത്തിന്റെ ആവർത്തനവും കോൺഗ്രസിനേക്കാൾ ലീഡും നേടിയാൽ ശക്തനായ നേതാവായി ഉയരാനാകും. ജെഡിഎസിന്റെ പ്രതാപം തിരിച്ചു പിടിക്കുകയാണ് ‘കിങ് മേക്കർ’ ടാഗുള്ള കുമാരസ്വാമിയുടെ ലക്ഷ്യം. മത്സരിക്കുന്ന 3 സീറ്റുകളിൽ ജയിക്കുകയും തന്റെ സമുദായത്തിനു സ്വാധീനമുള്ള സീറ്റുകളിൽ ബിജെപിയെ സഹായിക്കുകയും ചെയ്താൽ ഈ വൊക്കലിഗ നേതാവിന്റെ ഭാവി സുരക്ഷിതം. എൻഡിഎ ഭരണത്തിൽ കുമാരസ്വാമി കേന്ദ്രമന്ത്രിയാകുമെന്നും സംസാരമുണ്ട്.

കെ.എസ്.ഈശ്വരപ്പ (ഫയൽ ചിത്രം)
കെ.എസ്.ഈശ്വരപ്പ (ഫയൽ ചിത്രം)

നിയമസഭയിലേക്കു കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചുതോറ്റ മുൻ മുഖ്യമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ ജഗദീഷ് ഷെട്ടാർ ബെളഗാവിയിൽ താമരചിഹ്നത്തിൽ മത്സരിക്കുന്നു. ബിജെപി മുൻ സംസ്ഥാന പ്രസിഡന്റും മുൻ ഉപമുഖ്യമന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ സ്വതന്ത്രനായി കളത്തിലുണ്ട്. യെഡിയൂരപ്പയുടെ കുടുംബത്തെ രാഷ്ട്രീയമായി തകർക്കുമെന്നു പ്രതിജ്ഞയെടുത്ത ഈശ്വരപ്പ, ശിവമൊഗ്ഗയിൽ രാഘവേന്ദ്രയ്ക്കെതിരെ മത്സരിക്കുന്നു. ഇദ്ദേഹത്തെ ബിജെപി പുറത്താക്കി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യുവനേതാവ് തേജസ്വി സൂര്യ തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നുണ്ട്. 8 സിറ്റിങ് എംപിമാരെ ബിജെപി മാറ്റിയപ്പോൾ, ഡസനോളം മണ്ഡലങ്ങളിൽ നേതാക്കളുടെ കുടുംബാംഗങ്ങളെയാണു കോൺഗ്രസ് മത്സരിപ്പിച്ചത്.

English Summary:

Karnataka Lok Sabha Election 2024 Forecast: Who Will Triumph?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com