ADVERTISEMENT

കൊച്ചി∙ ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം.2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്.

തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങൾ സ്വന്തമാക്കുവാനും അദ്ദേഹത്തിനു കീഴില്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.

2025 മേയ് വരെ ഇവാന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടായിരുന്നു. 2021 ജൂണിലാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ഇവാൻ ചേരുന്നത്. 2024 സീസണിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായതോടെയാണ് 46 വയസ്സുകാരനായ സെർബിയൻ കോച്ചിന്റെ മടക്കം. സീസണിന്റെ പകുതി വരെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന ബ്ലാസ്റ്റേഴ്സ്, രണ്ടാം പകുതിയിൽ നോക്കൗട്ടിലേക്കു കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.

നോക്കൗട്ട് പോരാട്ടത്തിൽ ഒഡീഷ എഫ്സിയോട് 2–1ന് തോറ്റ് ടീം പുറത്തായി. സൂപ്പർ താരം അഡ്രിയൻ ലൂണയുൾപ്പെടെ പരുക്കേറ്റു പുറത്തായതാണ് ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായത്. 2024ൽ 17 മത്സരങ്ങളിൽ ഏഴു വിജയവും എട്ടു തോൽവിയും രണ്ടു സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്.

English Summary:

Ivan Vukomanovic step down as blasters coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com