ADVERTISEMENT

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോയെന്നു ചോദിച്ച മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷോഭിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുകൊണ്ടാണ് താൻ അദ്ദേഹത്തിന് പണ്ട് ‘ആകാശവാണി വിജയൻ’ എന്നു പേരിട്ടതെന്ന് സതീശൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ പ്രവർത്തനം ആകാശവാണി പോലെയാണെന്നും അദ്ദേഹം പറയുന്നത് കേട്ടിട്ടു പോരുകയാണ് നല്ലതെന്നും സതീശൻ പറഞ്ഞു. ഒറ്റ സീറ്റു പോലും കിട്ടില്ലെന്ന് ഉറപ്പായിരിക്കെ, തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണോയെന്നു ചോദിച്ചാൽ അദ്ദേഹം പൊട്ടിത്തെറിക്കുകയല്ലാതെ എന്തു ചെയ്യുമെന്നും സതീശൻ ചോദിച്ചു.

‘‘അദ്ദേഹം പൊട്ടിത്തെറിക്കും. ഏതു ചോദ്യം ചോദിച്ചാലും അദ്ദേഹം പൊട്ടിത്തെറിക്കും. അദ്ദേഹം ഇങ്ങോട്ടു പറയുന്നതു മാത്രം കേൾക്കുക. ഞാൻ പണ്ട് ആകാശവാണി വിജയൻ എന്നു പേരിട്ടത് അതുകൊണ്ടാണ്. ആകാശവാണി നമുക്കു കേൾക്കാൻ മാത്രമേ പറ്റൂ. ആകാശവാണിയോട് തിരിച്ച് എന്തെങ്കിലും ചോദിക്കാൻ പറ്റുമോ? റേഡിയോയോട് ചോദിക്കാൻ പറ്റുമോ? അതു നിങ്ങളാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ അങ്ങോട്ടു ചോദിക്കാൻ പാടില്ല. പറയുന്നതു കേട്ടിട്ട് തിരിച്ചു പോരണം. മനസ്സിലായില്ലേ?

‘‘കേരളത്തിൽ ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. അപ്പോൾപ്പിന്നെ നിങ്ങൾ സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണോ എന്നു ചോദിച്ചാൽ അദ്ദേഹം ചൂടാവുകയല്ലാതെ എന്തു ചെയ്യും? സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാണെന്നു പറഞ്ഞാൽ തീർന്നില്ലേ? കഥ തീർന്നില്ലേ?’’ – സതീശൻ ചോദിച്ചു. തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്.

‘‘തിരഞ്ഞെടുപ്പ് എന്നത് എന്താണെന്ന് ഇതേവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ താങ്കൾ എന്തൊരു മാധ്യമപ്രവർത്തകനാണ്? നിങ്ങൾക്ക് അതുപോലും മനസ്സിലാക്കാനാകുന്നില്ല എന്നല്ലേ അതിന്റെ അർഥം? ഈ തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനുള്ളതല്ലേ? അതല്ലേ ഇതിൽ പ്രധാനമായിട്ടുള്ളത്. ആരെങ്കിലും ചോദിക്കുന്നതു കേട്ട് അതേപോലെ ചോദിക്കുകയാണോ വേണ്ടത്? നിങ്ങൾ ഇതിൽ സ്വയംബുദ്ധി പ്രയോഗിക്കേണ്ടേ? അപ്പോഴല്ലേ ഇത് സംസ്ഥാന ഭരണത്തിന്റെയല്ല കേന്ദ്ര ഭരണത്തിന്റെ വിലയിരുത്തലാണെന്ന് മനസ്സിലാക്കുക’’ – ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

English Summary:

Kerala's Chief Minister Pinarayi Vijayan Clashes with Journalists Over Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com