ADVERTISEMENT

കണ്ണൂർ∙ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തെ ലഘൂകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കഴിഞ്ഞ ദിവസം വരുന്ന വഴിക്ക് താനും ജാവഡേക്കറിനെ കണ്ടിരുന്നുവെന്നും, പിന്നീടാണ് അതു ജാവഡേക്കറാണെന്ന് മനസ്സിലായതെന്നും ഗോവിന്ദൻ പ്രതികരിച്ചു.

‘‘ഇ.പിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയ്ക്ക് എല്ലാ ആയുധങ്ങളും ഒരുക്കി വച്ചിരിക്കുകയാണ്. അതിലേറെയും മുഖ്യമന്ത്രിക്കും പാർട്ടിക്കും സർക്കാരിനും വിവിധ നേതാക്കൾക്കും എതിരായിട്ടാണ്. ഇത്തരത്തിലുള്ള നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇതിനെയെല്ലാം 26–ാം തീയതി വരെ മാത്രം, അതായത് ഇന്നു വരെ മാത്രം ആയുസ്സുള്ള ഒന്നായിട്ടാണ് ഞങ്ങൾ കാണുന്നത്. ഇന്നു വൈകുന്നേരമാകുമ്പോഴേയ്ക്കും അതെല്ലാം തീരും. സിപിഎമ്മിനോ ഇടതു മുന്നണിക്കോ അത്തരത്തിൽ ഏതെങ്കിലുമൊരു വിഷയം ചർച്ച ചെയ്യേണ്ട കാര്യമേയില്ല. അതിനെയെല്ലാം ഇടതുവിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ ചർച്ചയുടെ ഭാഗമായി മാത്രം കണ്ടാൽ മതി.’’ – ഗോവിന്ദൻ പറഞ്ഞു.

ഇ.പി. ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ‘‘കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു. വരുന്ന വഴിക്ക് അദ്ദേഹം അവിടെയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ‌ അദ്ദേഹത്തെ കണ്ടു എന്നു പറയേണ്ട വല്ല കാര്യവുമുണ്ടോ? എനിക്ക് അങ്ങനെ പരിചയമുള്ള ആളല്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്.’’ – ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan Brushes Off Reports on EP Jayarajan's Encounter with BJP's Javadekar as Anti-Communist Propaganda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com