ADVERTISEMENT

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ ഒൻപതു പേര്‍ മരിച്ചു. പാലക്കാട് മൂന്നു പേരാണ് മരിച്ചത്.

ഇടുക്കിയിൽ വോട്ട് ചെയ്തശേഷം നടന്നുപോകുന്നതിനിടെ കുഴഞ്ഞുവീണ സ്ത്രീ മരിച്ചു. മറയൂർ കൊച്ചാരം സ്വദേശി വള്ളി മോഹനൻ (47) ആണ് മരിച്ചത്.

കോഴിക്കോട് നാദാപുരത്ത് വോട്ട് ചെയ്യാന്‍ എത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വളയം ചെറുമോത് കുന്നുമ്മല്‍ മാമി(63)യാണ് മരിച്ചത്. വളയം യുപി സ്‌കൂളിലെ ബൂത്തില്‍ ക്യൂ നില്‍ക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

പാലക്കാട് പെരുമാട്ടി വിളയോടിയിൽ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തു മകൻ കണ്ടൻ (73) ആണ് മരിച്ചത്. ചിറ്റൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിളയോടി നല്ല മാടൻ ചള്ള എസ്​എൻ യുപി സ്ക്കൂളിലെ 155 ബൂത്തിലെ വോട്ടറായിരുന്നു മരിച്ച കണ്ടൻ. സംസ്ക്കാരം 27ന് രാവിലെ 10 ന് പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം ശ്മശാനത്തിൽ.  ഭാര്യ: ദൈവാനി. മക്കൾ: ബാബു (കണ്ണൻ), മുരളീധരൻ, ശാന്തി. മരുമക്കൾ: കൃഷ്ണവേണി, സുബ്രഹ്മണ്യൻ.

കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം.അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: അടക്കാനി വീട്ടിൽ സെറീന (ബീവി). മക്കൾ: ഫായിസ് അഹ്‌മദ്‌, ഫളിലു അഹ്‌മദ്‌, ആഖിൽ അഹ്‌മദ്‌, ബിലാൽ അഹ്‌മദ്‌. മരുമക്കൾ: പഴയ തോപ്പിൽ അനൂന, പുതിയ വീട്ടിൽ ഡോ. ഫാത്തിമ ഫെലി.

പാലക്കാട് ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

മലപ്പുറം തിരൂരിൽ തിരഞ്ഞെടുപ്പ്  ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂർ  പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്. 

ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു. 138 നമ്പർ ബൂത്തിലെ വോട്ടറാണ്.

പാലക്കാട് തേങ്കുറുശ്ശിയിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്റെ മകൻ എസ്.ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം. അമ്മ: മല്ലിക. സഹോദരങ്ങൾ: ഷൈജ, ഷീജ, ഷീബ.

മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സ്കൂളിനു സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കിൽനിന്നു വീഴുകയായിരുന്നു.

വയനാട് തൊട്ടിൽപാലം നാഗം പാറയിൽ വോട്ട് ചെയ്ത് ഇറങ്ങിയ ആൾ കുഴഞ്ഞു വീണ മരിച്ചു. ബിമേഷ് (42) ആണ് മരിച്ചത്.

English Summary:

Voter Passes Away at Polling Booth During Loksabha Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com