ADVERTISEMENT

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രചാരണത്തിനാണ് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്. പ്രചാരണത്തിലെ പോരാട്ട വീര്യം കുറഞ്ഞപ്പോൾ പോളിങ് ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വൻ ഇടിവ് ഇത്തവണയുണ്ടായി. പോളിങ് കുത്തനെ കുറഞ്ഞു. 2019 ൽ 77.51 ശതമാനമായിരുന്നു പോളിങ്.  ഇത്തവണ പോളിങ് ദിനത്തിൻ രാത്രി വൈകിയുള്ള കണക്കനുസരിതച്ച് അത് 70.35 ശതമാനമായി കുറഞ്ഞു. അതായത് 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതൽ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളിൽ പോളിങ് ഗണ്യമായി കുറഞ്ഞു.

ഇത്തവണ പോളിങ് കുറയാൻ കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തെ ഘടകം കാലാവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യപിച്ച മാർച്ച് മുതൽ കേരളത്തിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. ജോലിക്കും പഠനത്തിനുമായി വിദേശത്തേക്കു കടക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് കഴിഞ്ഞ വർഷങ്ങളിൽ ദൃശ്യമായത് പ്രത്യേകിച്ച് എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങളിലാണ് കുടിയേറ്റ തോത് ഉയർന്നു നിൽക്കുന്നത്. കേരളത്തിലെ മധ്യവർഗ വിഭാഗത്തിൽപ്പെട്ട കുടുംബത്തിലെ അംഗങ്ങളിൽ 33 ശതമാനത്തിലേറെ ജോലിക്കും പഠനത്തിനുമായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയവരാണ്. വരും വർഷങ്ങളിൽ ഇതിന്റെ തോത് ഉയരാനാണ് സാധ്യത.

ഇരട്ട വോട്ടിന് എതിരായി ഇത്തവണ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ഇത്തരം ക്രമവിരുദ്ധ മാർഗങ്ങൾക്ക് ഒരു പരിധി വരെ തടയിടാനായി. തിരഞ്ഞെടുപ്പ് ഗതിയെ നിയന്ത്രിക്കുന്ന വിവാദ വിഷയങ്ങളുടെ അഭാവം വോട്ടർമാരുടെ ആവേശത്തെ ബാധിച്ചു. സംസ്ഥാന സർക്കാരിന് എതിരായ ശക്തമായ വികാരം ഒരു വിഭാഗം വോട്ടർമാരെ നിശബ്ദമാക്കിയെന്നത് യാഥാർഥ്യമാണ്. പ്രത്യേകിച്ച് ഇടത് അനുഭാവികളായ വോട്ടർമാരെ. കേരളത്തിൽ നിന്നു ജയിച്ചു ലോക്സഭയിലെത്തിയ എംപിമാരെല്ലാം കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്താണ്. പ്രതിപക്ഷ മണ്ഡലങ്ങളിലെ വികസനത്തിന് തടസമായി നിൽക്കുന്ന രാഷ്ട്രിയം ഒരുപരിധി വരെ വോട്ടർമാരുടെ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചു. 

പ്രദേശികമായി ചെറിയ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും പോളിങ്ങിലുണ്ടായ കുറവ് സംസ്ഥാനത്തൊട്ടാകെ ഒരേ പാറ്റേണിലാണ് നടന്നിരിക്കുന്നത്. നല്ലൊരു വിഭാഗം വോട്ടർമാർ വോട്ടെടുപ്പിൽ നിന്നു മാറി നിന്നു. ഇതാണ് വരും ദിവസങ്ങളിൽ കേരളം കൂടുതൽ ചർച്ച ചെയ്യുക. 

പോളിങ് കണക്ക് 2024

കേരളം

∙2024: 70.35%

∙2019: 77.51%

വ്യത്യാസം: 7.16 % കുറവ് 

കാസർകോട് 

∙2024: 74.28%

∙2019: 80.66 %

∙വ്യത്യാസം: 6.38 % 

കണ്ണൂർ

∙2024: 75.74%

∙2019: 83.28%

∙വ്യത്യാസം: 7.54 % 

വടകര

∙2024: 73.36%

∙2019: 82.7%

∙വ്യത്യാസം: 9.34% 

വയനാട്

∙2024: 72.85%

∙2019: 80.37%

∙വ്യത്യാസം: 7.52% 

കോഴിക്കോട്

∙2024: 73.34%

∙2019: 81.7%

∙വ്യത്യാസം: 8.36% 

മലപ്പുറം

∙2024: 71.68%

∙2019: 75.5%

∙വ്യത്യാസം: 3.82% 

പൊന്നാനി

∙2024: 67.93%

∙2019: 74.98%

∙വ്യത്യാസം: 7.05% 

പാലക്കാട്

∙2024: 72.68%

∙2019: 77.77%

∙വ്യത്യാസം: 5.09% 

ആലത്തൂർ

∙2024: 72.66%

∙2019: 80.47%

∙വ്യത്യാസം: 7.81% 

തൃശൂർ

∙2024: 72.11%

∙2019: 77.94%

∙വ്യത്യാസം: 5.83%

ചാലക്കുടി

∙2024: 71.68%

∙2019: 80.51%

∙വ്യത്യാസം: 8.83% 

എറണാകുളം

∙2024: 68.10%

∙2019: 77.64%

∙വ്യത്യാസം: 9.54%

ഇടുക്കി

∙2024: 66.39%

∙2019: 76.36%

∙വ്യത്യാസം: 9.97%

കോട്ടയം

∙2024:  65.59%

∙2019: 75.47%

∙വ്യത്യാസം: 9.88%

ആലപ്പുഴ

∙2024: 74.37%

∙2019: 80.35%

∙വ്യത്യാസം: 5.98%

മാവേലിക്കര

∙2024: 65.88%

∙2019: 74.33%

∙വ്യത്യാസം: 8.45%

പത്തനംതിട്ട

∙2024: 63.35%

∙2019: 74.3%

∙വ്യത്യാസം: 10.95%

കൊല്ലം

∙2024: 67.92%

∙2019: 74.73%

∙വ്യത്യാസം: 6.81%

ആറ്റിങ്ങൽ

∙2024: 69.40%

∙2019: 74.48%

∙വ്യത്യാസം: 5.08%

തിരുവനന്തപുരം

∙2024: 66.43%

∙2019: 73.74%

∙വ്യത്യാസം: 7.31%

English Summary:

Loksabha elections 2024 polling in Kerala down by over seven percentage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com