ADVERTISEMENT

കോട്ടയം∙ പോരാട്ടം കഴിഞ്ഞ് തിരഞ്ഞെടുപ്പു ഗോദയിൽ നിന്ന് ഇറങ്ങിയെങ്കിലും മണ്ഡലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണ് സ്ഥാനാർഥികൾ. തിരക്കില്ലെങ്കിൽ പിന്നെ പൊതുപ്രവർത്തകർ എന്നു പറയുന്നതിൽ എന്ത് അർഥം എന്നാണ് പലരുടെയും ചോദ്യം. തിരഞ്ഞെടുപ്പു കഴിഞ്ഞെങ്കിലും സിറ്റിങ് എംപിമാർക്ക് വിശ്രമിക്കാനാകില്ല. അവർ ഇപ്പോഴും എംപിമാരാണല്ലോ. മണ്ഡലത്തില്‍ പലകാര്യങ്ങളും ചെയ്തു തീർക്കാനുണ്ട്. നിരവധിപേരുടെ പരാതികൾ കേൾക്കാനുണ്ട്, മരണവീടുകളും കല്യാണ വീടുകളും സന്ദർശിക്കണം. അങ്ങനെ നൂറുനൂറുകാര്യങ്ങളാണ്.

വായനയും സിനിമയുമായി ഇനി അൽപം വിശ്രമമാകാം എന്നു ചിന്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. വോട്ടെടുപ്പിനു ശേഷം തിരഞ്ഞെടുപ്പ് ഫലം വരുന്നതു ‌വരെയുള്ള കാലത്തെ ഇടവേള എങ്ങനെ ചെലവഴിക്കുമെന്ന് മനോരമ ഓൺലൈനിനോട് മനസ്സു തുറക്കുകയാണ് ഇവർ.

∙ വിശ്രമിച്ചാൽ ഞാൻ ഞാനല്ലാതായി മാറും: കൊടിക്കുന്നിൽ സുരേഷ്

രാവിലെ ആറുമണിക്കു തന്നെ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ പോയിരുന്നു. അവിടെ കുർബാനയിൽ പങ്കെടുത്തു. ഏഴരയോടെ നടന്ന തിരുന്നാൾ കൊടിയേറ്റിലും പങ്കാളിയായി. തുടർന്ന് വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. പിന്നീട് ചില മരണവീടുകൾ സന്ദർശിച്ചു. അവിടെ നിന്ന് നേരെ ചങ്ങനാശേരി എൻഎസ്എസ് ആസ്ഥാനത്തെത്തി ജി. സുകുമാരൻ നായരെ കണ്ടു. അദ്ദേഹവുമായി ഒരു മണിക്കൂറോളം ഇന്നലെ നടന്ന തിരഞ്ഞെടുപ്പിന്റെ കാര്യങ്ങൾ സംസാരിച്ചു. അവിടെ നിന്ന് നേരെ ചങ്ങനാശേരി അരമനയും സന്ദർശിച്ചു.

പിന്നീട് മാന്നാറിലും കൊട്ടാരക്കരയിലും മറ്റു ചിലയിടങ്ങളിലും ഇന്നലെ തിരഞ്ഞെടുപ്പിനിടെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന ചില പ്രവർത്തകരെ കണ്ടു. ഫലം വരുന്നതു വരെ ഇനിമണ്ഡലത്തിൽ തന്നെ സജീവമായിരിക്കും. ഇടയ്ക്ക് ഡൽഹിക്കും തിരുവനന്തപുരത്തിനും പോകേണ്ടി വരും എന്നു മാത്രം. എനിക്കൊരു ദിവസവും വിശ്രമമില്ല. വിശ്രമിച്ചാൽ ഞാൻ ഞാനല്ലാതായി മാറും.

∙ ജനപ്രതിനിധികൾക്കു വിശ്രമമില്ല: രമ്യ ഹരിദാസ്

പ്രചാരണത്തിനിടെ പ്രവർത്തകരുടെയും മണ്ഡലത്തിലുള്ള മറ്റു പലരുടെയും വീടുകളിൽ മരണം നടന്നിരുന്നു. തിരക്കുകാരണം അവിടെയൊന്നും സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഇന്ന് ആ വീടുകളിലെത്തി അവരുടെ എല്ലാം ദുഃഖത്തിൽ പങ്കുചേർന്നു. അതിനുശേഷം ചില കല്യാണവീടുകളും സന്ദർശിച്ചു.

എന്തെങ്കിലും ആഘോഷങ്ങളോ മറ്റോ ഉണ്ടാകുമ്പോൾ മാത്രമാണ് സ്വന്തം നാടായ കോഴിക്കോട്ട് പോകുന്നത്. അല്ലാത്ത സമയങ്ങളിൽ പൂർണമായും മണ്ഡലത്തിൽ തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നു കരുതി വിശ്രമം ഒന്നും ഇല്ല. കഴിഞ്ഞ രണ്ടുമാസമായി മണ്ഡലത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലെല്ലാം എത്തണം. ഒരു ജനപ്രതിനിധിക്ക് ഒരിക്കലും വിശ്രമിക്കാനാകില്ലല്ലോ.

∙ ഇന്നും വിശ്രമമില്ല, ഫുൾ ടൈം ഓൺ: വി.കെ. ശ്രീകണ്ഠൻ

തിരഞ്ഞെടുപ്പിന്റെ ഒരു വിശകലനത്തിനു ശേഷം ഇന്നലെ രാവിലെത്തന്നെ  എംപി ഓഫിസിലെത്തി. കുറെയേറെ പരാതികളും മറ്റു കാര്യങ്ങളും പരിശോധിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ഒന്നര മാസത്തോളമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നതിനാൽ അവയെല്ലാം പെൻഡിങ്ങിലായിരുന്നു. പരാതികൾ പരിശോധിച്ച ശേഷം നേരെ ഒരു മരണവീടും വിവാഹവീടും സന്ദർശിച്ചു. പിന്നീടുള്ള മുഴുവൻ സമയവും ഓഫിസിൽ തന്നെയാണ് ചെലവഴിക്കുന്നത്. ഇന്നും വിശ്രമമില്ല. വിശ്രമിക്കാൻ ഉദ്ദേശവുമില്ല.

പ്രചാരണത്തിനിടയിലും കുറെ ആളുകൾ പരാതികൾ നൽകിയിട്ടുണ്ട്. അതിൽ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് പരിശോധിക്കണം. ‌കഴിഞ്ഞ ഒരുമാസമായി തീരെ വിശ്രമമുണ്ടായിരുന്നില്ല. രാവിലെ ഏഴുമണിയോടെ തന്നെ പ്രചാരണത്തിനിറങ്ങുമായിരുന്നു. ഭക്ഷണം പോലും പലപ്പോഴും കഴിക്കാൻ സാധിക്കാറില്ല. രാത്രി രണ്ടോ മൂന്നോ മണിക്കൂർ മാത്രമാണ് ഉറക്കം. അതൊരു പ്രശ്നമല്ല. ഒരു ജനപ്രതിനിധിയാകുമ്പോൾ ചിലപ്പോൾ അതിനു സമയം ലഭിക്കില്ല. മുഴുവൻ സമയവും ജനസേവനമാണല്ലോ അവരുടെ കർത്തവ്യം.

ചിലപ്പോൾ ചെന്നൈയിൽ ചികിത്സയിലുള്ള സുഹൃത്തിനെ കാണാൻ പോകും. പ്രസംഗിച്ചു പ്രസംഗിച്ച് തൊണ്ടയ്ക്ക് ചെറിയ പ്രശ്നമുണ്ടായതല്ലാതെ അസ്വസ്ഥതയും ക്ഷീണവും ഇല്ല. ഫുൾടൈം ഓൺ ആണ്. പാലക്കാട്ടെ പ്രചാരണത്തിൽ ഫുൾ ടൈം ഓപ്പൺ ജീപ്പിലാണ് സഞ്ചരിച്ചത്. ചൂടേറ്റ് മുഖത്ത് കണ്ണിനു താഴെ ചെറിയ പൊള്ളലേറ്റു. പ്രവർത്തകെല്ലാം വെയിലുകൊണ്ട് ബൈക്കിൽ സഞ്ചരിക്കുമ്പോൾ സ്ഥാനാർഥിക്ക് എങ്ങനെയാണ് എസി കാറിൽ സഞ്ചരിക്കാൻ സാധിക്കുക?

∙ റിലാക്സിങ് മൂഡാണെങ്കിലും പൂർണ വിശ്രമമില്ല: എൻ. കെ. പ്രേമചന്ദ്രൻ

ഇന്ന് ഒരു റിലാക്സിങ് മൂഡാണെങ്കിലും പൂർണമായ വിശ്രമത്തിലല്ല. മണ്ഡലത്തിൽ തന്നെയുണ്ട്. രാവിലെ ഒരു കല്യാണവീടും മരണവീടും സന്ദർശിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതു വരെ മണ്ഡലത്തിൽ തന്നെ സജീവമായിരിക്കും. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഡൽഹിയിലേക്കു പോകും.

∙ ഞാനൊരു സിനിമാപ്രേമി, സിനിമ കാണണം: എ.എം. ആരിഫ്

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി അൽപം വിശ്രമിക്കാമെന്നാണ് കരുതുന്നത്. ഞാനൊരു സിനിമാ പ്രേമിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി സിനിമകൾ കാണാൻ സാധിക്കാതെ വന്നു. അതെല്ലാം കണ്ടു തീർക്കാനാണ് ആഗ്രഹിക്കുന്നത്.

∙ ഡൽഹിയിലേക്കു മടക്കം: അനിൽ ആന്റണി

ഞാൻ ബിജെപിയുടെ ദേശീയ സെക്രട്ടറിയാണ്. അതുകൊണ്ടു തന്നെ മറ്റു ചില സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു ചുമതലയുണ്ട്. അവിടെയുള്ള പ്രവർത്തനങ്ങളെല്ലാം നോക്കണം. ഇടയ്ക്ക് നാട്ടിൽ വരും. പിന്നീട് തിരഞ്ഞെടുപ്പ് ഫലം വരുന്നതോട് അനുബന്ധിച്ചായിരിക്കും നാട്ടിലേക്കു വരുന്നത്.

വോട്ടെടുപ്പിനു ശേഷവും എല്ലാവരെയും കണ്ടിരുന്നു. 110 ശതമാനവും ജയിക്കും. പോളിങ് കുറവായിരുന്നു. എങ്കിലും മൂന്നരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നത്.

∙ വിശ്രമവേളകൾ ആനന്ദകരമാക്കാൻ പുസ്തക വായന: ജോയ്സ് ജോർജ്

തിരഞ്ഞെടുപ്പിനു ശേഷം ആദ്യം ചെയതത് തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു. മുഴുവൻ സമയവും മണ്ഡലത്തിൽ തന്നെയുണ്ടായിരിക്കും. ഓഫിസുമായി ബന്ധപ്പെട്ട് ചില ജോലികൾ ചെയ്തു തീർക്കാനുള്ളതിനാൽ ഭൂരിഭാഗം സമയവും അവിടെയായിരിക്കും. വിശ്രമത്തിനായി വിശ്രമമില്ല. ശാരീരികമായി ചെറിയ ക്ഷീണമുള്ളതിനാൽ ചെറിയ വിശ്രമം ഉണ്ടാകും. ഒഴിവുസമയങ്ങൾ കിട്ടാറില്ല. അങ്ങനെ സമയം ലഭിച്ചാൽ പുസ്തകം വായിക്കാനാണ് ഇഷ്ടം.

English Summary:

Candidates Keep Active Post-Election; Public Service Never Rests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com