ADVERTISEMENT

കൊച്ചി∙ കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുന്നു. സർവീസ് തുടങ്ങി ഒരു വർഷമാകുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് 20 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തി. രാജ്യാന്തര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു. 

സർവീസ് ആരംഭിച്ച് ആറു മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറു മാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് 2 മില്യൻ യാത്രക്കാർ എന്ന വണ്ടർ നമ്പറിലെത്താൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.

ഈ ചുരുങ്ങിയ കാലയളവില്‍ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 14 ബോട്ടുകളുമായി 5 റൂട്ടുകളിലാണ് നിലവില്‍ സർവീസ് ഉള്ളത്. ഹൈകോർട്ട് ജംക്‌ഷൻ - ഫോർട്ട് കൊച്ചി, ഹൈകോർട്ട് ജംക്‌ഷൻ - വൈപ്പിൻ, ഹൈകോർട്ട് ജംക്‌ഷൻ - ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ , വൈറ്റില - കാക്കനാട് എന്നിവയാണ് റൂട്ടുകൾ.

കുമ്പളം, പാലിയംതുരുത്ത്, വെല്ലിങ്ടൻ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവാസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനു മുന്നോടിയായി സെപ്റ്റംബറോടെ 5 ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്‌യാർഡ് അറിയിച്ചിട്ടുണ്ട്. 

ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര- പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സർവീസ് നടത്തും.

English Summary:

Kochi Water Metro: Over 2 million passengers travelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com