ADVERTISEMENT

കണ്ണൂർ ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ വിവാദത്തിലായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ ഉന്നമിട്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ ആരാധകരായ റെഡ് ആർമിയും പോരാളി ഷാജിയും. കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളുമായി റെഡ് വൊളന്റിയർമാരെ നോക്കി പി.ജയരാജൻ നിൽക്കുന്ന ചിത്രവുമാണ് രണ്ടു പേജുകളിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയാവാൻ വരെ യോഗ്യതയുള്ള നേതാവ് എന്ന തരത്തിൽ പോസ്റ്റിന് കമന്റുകളും വരുന്നുണ്ട്.

പി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് പി.ജെ.ആർമി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വാഴ്ത്തുപാട്ടുകളുമായി നിറഞ്ഞിരുന്നവരാണ് ഇപ്പോൾ റെഡ് ആർമി എന്ന പേരിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇടപെടുന്നത്. കണ്ണൂരിൻ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ പേരിലുയർന്ന വ്യക്തിപൂജ വിവാദത്തിന്റെ പേരിൽ പി.ജയരാജന് വിമർശനം നേരിടേണ്ടി വന്നു. ഇതു സംബന്ധിച്ച് പാർട്ടി നടത്തിയ അന്വേഷണത്തിൽ പി.ജയരാജന് ക്ലീൻ ചിറ്റ് നൽകിയതിനു പിന്നാലെയാണ് പി.ജെ ആർമിയുടെ പേര് റെഡ് ആർമി എന്നായി മാറ്റുന്നത്. 

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞ പി.ജയരാജന് പിന്നീട് ആ പദവി തിരിച്ചുകിട്ടിയില്ല. തുടർന്നുള്ള നാളുകളിൽ പി.ജയരാജൻ അനുകൂല പോസ്റ്റുകളും വാഴ്ത്തുപാട്ടുകളുമായി നിറഞ്ഞ പി.ജെ.ആർമി പേജ്, പി.ജയരാജന്റെ രാഷ്ട്രീയ ഭാവിക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിയിലേക്കു വളർന്നു. സ്വർണക്കടത്ത്, പൊട്ടിക്കൽ, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും ഉൾപ്പെടെയുള്ളവർ സജീവമായിരുന്ന പി.ജെ.ആർമിയെ പി.ജയരാജൻ തന്നെ പലവട്ടം തള്ളിപ്പറയേണ്ടി വരികയും ചെയ്തു. 

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്ക് അനുകൂലമായ പോസ്റ്റുകളായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ റെഡ് ആർമി പേജിൽ നിറഞ്ഞിരുന്നത്. പോരാളി ഷാജി പേജിന് മൂന്നു ലക്ഷത്തിലേറപ്പേരും റെഡ് ആർമിക്ക് ഒരു ലക്ഷത്തോളം പേരും ഫോളോവർമാരായുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജനെ ഉൾപ്പെടുത്താതിരുന്നതിൽ പ്രതിഷേധിച്ച് 2022ലും റെഡ് ആർമിയും പോരാളി ഷാജിയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇ.പി.ജയരാജന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കഴിഞ്ഞ വർഷം സംസ്ഥാന കമ്മിറ്റിയിൽ പി.ജയാരാജൻ പരാതിയുയർത്തിയിരുന്നു. ഇതിനു പിന്നാലെ അഴീക്കോട് സൗത്ത് കാപ്പിലെപീടികയിൽ ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടതും വിവാദമായിരുന്നു. 

‘ഒരു കമ്യൂണിസ്റ്റിന്റെ കയ്യിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം. ഒന്ന് വർഗശത്രുവിനു നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനു നേരെയും’ എന്നായിരുന്നു ബോർഡിലെ വാചകങ്ങൾ. പാർട്ടിയിൽ ഭിന്നതയുണ്ടെന്നു വരുത്താനുള്ള വലതുപക്ഷ നീക്കമെന്നു പറഞ്ഞാണ് അന്ന് ഫ്ലെക്സ് ബോർഡിനെ പി.ജയരാജൻ തള്ളിയത്. വിവാദമായതോടെ ബോർഡ് നീക്കുകയും ചെയ്തു.

English Summary:

P Jayarajan followers against EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com