ADVERTISEMENT

കൊച്ചി ∙ കോൺഗ്രസ് നേതാവ് കെ.സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകിയെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിപിക്കും പാലാരിവട്ടം പൊലീസിനും നൽകിയ പരാതിയിൽ സുധാകരനും ശോഭ സുരേന്ദ്രനും ഇ.പി.ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ പറയുന്നു. വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു. ഇ.പി.ജയരാജനും ഇവർക്കെതിരെ കേസ് കൊടുക്കും. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല. ഇ.പി രാമനിലയത്തിൽ വച്ച് ജാവഡേക്കറെ കണ്ടെന്നും ഡൽഹി സന്ദർശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. ബിജെപിയിൽ നേരിടുന്ന അവഗണയിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമമാണ് ശോഭ സുരേന്ദ്രന്റേത്. രാമനിലയത്തിൽവച്ച് ജാവഡേക്കറുമായി താനാണ് കൂടിക്കാഴ്ച നടത്തിയത്. 73കാരനായ ഇ.പി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും നന്ദകുമാർ പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിന് സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിനു മുൻപ് തിരുവനന്തപുരത്തു വച്ച് കൂടിക്കാഴ്ച നടത്താൻ ഇ.പിയെ താൻ ജാവഡേക്കറുടെ അടുത്ത് എത്തിച്ചെന്നും നന്ദകുമാർ പറഞ്ഞു. ‘‘തൃശൂരിൽ കരുത്തനായ സ്ഥാനാർഥിയെ നിർത്തരുത് എന്നായിരുന്നു ജാവഡേക്കറുടെ ആവശ്യം. ലാവ്‌ലിൻ കേസിലും സഹകരണ ബാങ്ക് കേസിലും ഇളവു നൽകാമെന്നായിരുന്നു ഇതിനു പകരം മുന്നോട്ടുവച്ച ഉപാധി. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കേസിലും ഇളവ് നൽകാമെന്ന് ജാവഡേക്കര്‍ പറഞ്ഞെങ്കിലും ഇ.പി ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നു. തൃശൂർ സിപിഐയുടെ മണ്ഡലമാണെന്നും അവിടെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു’’ –നന്ദകുമാര്‍ പറഞ്ഞു.

സിപിഎമ്മിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ നവകേരള യാത്രക്കിടെ ശോഭ സുരേന്ദ്രൻ പിണറായി വിജയനെ കണ്ടിരുന്നുവെന്നും നന്ദകുമാര്‍ പറഞ്ഞു. ബിജെപിയിൽ നേരിടുന്ന തുടർച്ചയായ അവഗണയ്ക്കു പിന്നാലെയാണ് ശോഭ പാർട്ടി മാറാൻ ശ്രമിച്ചതെന്നും, അതിന്റെ തുടർ‌ച്ചയായുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.

English Summary:

EP Jayarajan will never go to BJP: Dallal Nandakumar filed case agaist Shobha Surendran and K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com