ADVERTISEMENT

കൊച്ചി ∙ ഇക്കഴിഞ്ഞ മാർച്ച് 8. വരാപ്പുഴ സ്വദേശി നിതിന്റെ 24–ാം ജന്മദിനമാണ് ഏതാനും ദിവസം കഴിഞ്ഞാൽ. മകന്റെ ആഗ്രഹം പോലെ പുതിയ ബൈക്ക് വാങ്ങി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചു. അങ്ങനെ അമ്മയും മകനും കടവന്ത്രയിലെ ബൈക്ക് ഷോറൂമിലെത്തി. അമ്മയെ അവിടെ ഇരുത്തിയിട്ട് നിതിൻ ബൈക്ക് ഓടിച്ചു നോക്കാനായി എടുത്തുകൊണ്ടു പോയത് സഹോദരൻ അയ്യപ്പൻ റോഡിലേക്കാണ്. ഇളംകുളത്തിന് സമീപം വച്ച് യു ടേൺ എടുത്ത നിതിൻ മുന്നോട്ട് ഓടിച്ചെങ്കിലും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 825–ാം മെട്രോ തൂണിലേക്കാണ് ആ ബൈക്ക് പാഞ്ഞുകയറിയത്. ആ ചെറുപ്പക്കാരന്റെ ജീവിതം അവിടെ അവസാനിച്ചു.

ആലുവയിൽ‍ ഇന്നു പുലർച്ചെ ട്രക്ക് മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഇവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. രാത്രികളിൽ വാഹനങ്ങളുടെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അതിവേഗവും പലപ്പോഴും ഈ മേഖലയിൽ അപകടത്തിന് കാരണമാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പകൽ നടക്കുന്ന അപകടങ്ങളിലാകട്ടെ, പലപ്പോഴും അതിവേഗമാണ് വില്ലൻ. മെട്രോ തൂണുകൾ‍ ഉള്ളതിനാൽ റോഡുകൾക്ക് വീതിയും കുറവാണ്.

സഹോദരൻ അയ്യപ്പൻ റോഡിൽ ഇളംകുളം ജംക്‌ഷനും ഇളംകുളം മെട്രോ സ്റ്റേഷനും ഇടയ്ക്കുള്ള 825, 826 നമ്പര്‍ തൂണുകൾ ആളെക്കൊല്ലി എന്നാണ് അറിയപ്പെടുന്നത്. പ്രദേശവാസികളുടെ കണക്കില്‍ 14 പേരെങ്കിലും കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഈ തൂണിൽ വാഹനമിടിച്ചുണ്ടായ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. 

റോഡ് നിര്‍‍മാണത്തിലെ അപാകമാണ് പലപ്പോഴും മെട്രോ തൂണുകളുമായി ബന്ധപ്പെട്ട അപകടങ്ങൾക്ക് കാരണം. തുണുകളോട് ചേർന്നുള്ള റോഡുകൾ നിരപ്പല്ലാത്തതാണ് പ്രധാന പ്രശ്നം. വേഗം കൂടുതലാണെങ്കിൽ ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നത് ഇവിടെ പതിവാണ്. അപകടങ്ങൾ തുടർക്കഥയായതോടെ മെട്രോ റെയിൽ അധികൃതർ ഇതു പരിശോധിച്ചിരുന്നു. തുടർന്ന് തുണുകളോടു ചേർന്നുള്ള റോഡ് നിരപ്പാക്കുകയും പരുക്കനാക്കുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളിൽ വേഗം നിയന്ത്രിക്കുന്നതിന് ഈ ഭാഗത്ത് പൊലീസ് ബാരിക്കേഡുകളും സ്ഥാപിക്കാറുണ്ട്. 

തൃപ്പൂണിത്തുറ മുതൽ ആലുവ വരെയുള്ള മെട്രോ തൂണുകളുടെ അടിയിൽ മിക്ക സ്ഥലങ്ങളിലും വാഹനത്തിരക്ക് കൂടുതലായിരിക്കും. ഈ മേഖലകളിൽ അപകടങ്ങളും പതിവാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുക. മെട്രോ തൂണുകള്‍ തമ്മിൽ 100–150 മീറ്റർ അകലത്തിൽ യു ടേൺ എടുക്കാനുള്ള അവസരമുണ്ട്. ഇരുചക്ര വാഹനങ്ങൾ ഇവിടെ കൂട്ടിയിടിക്കുന്നത് പതിവാണ്. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ ഇത്തരം സ്ഥലങ്ങളിലെത്തുമ്പോൾ പെട്ടെന്നു നിർത്തേണ്ടി വരും. അപ്പോൾ‌ പിന്നാലെ വരുന്ന വാഹനങ്ങളുമായും മറ്റും കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്.

മാർച്ച് എട്ടിന് രണ്ടു യുവാക്കൾ പാലാരിവട്ടത്ത് സെന്റ് മാർട്ടിൻ പള്ളിക്ക് സമീപം മെട്രോത്തൂണിൽ‌ ബൈക്കിടിച്ച് കൊല്ലപ്പെട്ടിരുന്നു. രാത്രി 11.30 ന് കലൂരുനിന്ന് ഇടപ്പള്ളിയിലേക്കു പോവുകയായിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് തൂണില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ ഒരു കാലത്ത് ഡ്രൈവർ ഉറങ്ങിപ്പോവുന്നതു കൊണ്ടുള്ള അപകടങ്ങൾ തുടർക്കഥയായിരുന്നു. പുളിഞ്ചോട് ജംക്‌ഷനായിരുന്നു അപകടങ്ങൾ നിരന്തരം സംഭവിച്ചിരുന്ന സ്ഥലങ്ങളിലൊന്ന്. ദേശീയപാതയിലേക്ക് ആലുവ ടൗണിൽ നിന്ന് വാഹനങ്ങൾ അതിവേഗം കയറി വരുന്നതായിരുന്നു അതിന്റെ പ്രധാന കാരണം. ഇപ്പോൾ പക്ഷേ ഈ മേഖലയിലെ ഗതാഗതം കുറെക്കൂടി ശാസ്ത്രീയമായി പരിഷ്കരിച്ചിട്ടുണ്ട്. അത്താണി, കരിയാട് ജംക്‌ഷനുകളും അപകട മേഖലകൾ തന്നെയാണ്. കൊടുംവളവും നിരപ്പില്ലായ്മയുമാണ് കരിയാട്ട് വാഹനങ്ങൾ അപകടത്തില്‍പ്പെടുന്നതിനുള്ള കാരണം. 

English Summary:

14 people died in 4 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com