ADVERTISEMENT

തിരുവനന്തപുരം∙ സഹകരണബാങ്ക് നിക്ഷേപം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സോമ സാഗരം പണത്തിനായി സമീപിച്ചിരുന്നുവെന്നു സമ്മതിച്ച് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്. മകളുടെ വിവാഹം, വീടുപുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞിരുന്നുവെന്നും എന്നാൽ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടില്ലെന്നും ബാങ്ക് സെക്രട്ടറി ജയകുമാരി പറഞ്ഞു. 

‘‘ഏകദേശം ഒരു ലക്ഷം രൂപയോളം നാലഞ്ചു തവണയായി പണം നൽകിയിട്ടുണ്ട്. ഇത് അത്ര അത്യാവശ്യമാണെന്നു കരുതിയില്ല. ആദ്യം വീടു പണിയെന്നാണു പറഞ്ഞത്, പിന്നീടു പറഞ്ഞു മോളുടെ കല്യാണമാണെന്ന്. കല്യാണം ഉറപ്പിച്ചിട്ടൊന്നുമില്ലായിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ പണം തിരികെ കിട്ടില്ലെന്ന ഭീതിയുടെ പുറത്താണ് അദ്ദേഹം നിക്ഷേപം തിരികെയെടുക്കാൻ വന്നതെന്നതാണു വസ്തുത. കണ്ടലയിൽ പ്രശ്നം വന്നപ്പോൾ  നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു. ഞങ്ങൾ കുറേയൊക്കെ കൊടുത്തു തീർത്തു. പിന്നീടു നിക്ഷേപകർക്കു കൊടുക്കണമെങ്കിൽ ലോൺ പിരിച്ചെടുത്താൽ മാത്രമേ കൊടുക്കാൻ കഴിയൂ എന്നൊരു അവസ്ഥയായി. അതുകാരണം താമസം വന്നു. ആ സമയത്താണ് ഇദ്ദേഹം വരുന്നത്. അദ്ദേഹം ആദ്യം ചോദിച്ച തുകയൊക്ക കൊടുത്തിട്ടുണ്ട്. 

വളരെ ശാന്തമായാണ് അദ്ദേഹം സംസാരക്കാറ്. കൂലിപ്പണിക്ക് പോകുന്നയാളാണെന്നും പണം അത്യാവശ്യമാണ് അതു തരണമെന്നുമാണു പറഞ്ഞത്. അദ്ദേഹം ഇക്കാര്യത്തിന് ആത്മഹത്യ ചെയ്തെന്നുള്ളതു ഞങ്ങൾക്കു തന്നെ അതിശയമാണ്. കാരണം അദ്ദേഹം ഒരിക്കലും അങ്ങനെ സംസാരിച്ചിട്ടേയില്ല. പണം നൽകിയില്ലെങ്കിൽ മരിക്കുമെന്ന തരത്തിലൊന്നും ഞങ്ങളോട് ഇതുവരെ സംസാരിച്ചിട്ടില്ല. നിക്ഷേപകർക്കു പണം നൽകാൻ പറ്റിയ സാഹചര്യമല്ലെങ്കിലും കുറേയൊക്കെ ഞങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ സാഹചര്യത്തിലും നിലനിൽക്കുന്നത്.’’– ജയകുമാരി അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് നെയ്യാറ്റിൻകര മരത്തൂർ സ്വദേശി സോമ സാഗരം(52) മരിച്ചത്. കോൺഗ്രസ് ഭരിക്കുന്ന പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലാണ് 5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനു തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും ഇതേത്തുടർന്നാണു വിഷം കഴിച്ചതെന്നുമാണ് അറിയുന്നത്. രണ്ടാഴ്ച മുൻപാണ് വിഷം കഴിച്ചത്.

English Summary:

Perumpazhuthoor cooperative bank secretary on Somasagaram's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com