കുരുക്കഴിയാതെ പ്രജ്വലും രേവണ്ണയും; ഒരുയുവതി കൂടി രഹസ്യമൊഴി നൽകി, തട്ടിക്കൊണ്ടുപോകൽ കേസും
Mail This Article
ബെംഗളൂരു∙ ഹാസനിലെ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാല്‍സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നല്‍കി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്ട്രേറ്റ് മുന്‍പാകെയാണു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പുതിയ കേസ്.
അതിനിടെ, പുറത്തുവന്ന വിഡിയോയിലുള്ള തന്റെ അമ്മയെ മൂന്നു ദിവസമായി കാണാതായെന്നു കാട്ടി പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വിഡിയോയിലുള്ളയാളുടെ മകനാണ് അമ്മയെ തട്ടിക്കൊണ്ടുപോയതായി രേവണ്ണയ്ക്കെതിരെ പരാതിപ്പെട്ടത്. മൈസുരുവിലെ കെ.ആർ. നഗർ പൊലീസ് സ്റ്റേഷനിലാണ് തട്ടിക്കൊണ്ടുപോകലിൽ കേസ് എടുത്തിരിക്കുന്നത്. ആറുവർഷത്തോളം രേവണ്ണയുടെ വീട്ടിൽ ജോലിക്കുനിന്നയാളാണ് അമ്മയെന്ന് മകന്റെ പരാതിയിൽ പറയുന്നു.
‘‘മൂന്നു വർഷം മുൻപ് അവർ അവിടുന്നു ജോലി വിട്ടു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് സതീഷ് എന്നയാൾ വീട്ടിലെത്തി ഭവാനി രേവണ്ണ വീട്ടിലേക്കു വിളിക്കുന്നെന്നു പറഞ്ഞു. അവിടെച്ചെന്നശേഷം തിരഞ്ഞെടുപ്പിന്റെ അന്ന് തിരിച്ചുപോന്നു. ഈ കൂടിക്കാഴ്ചയിൽ പൊലീസുകാർ സമീപിച്ചാൽ ഒന്നും പറയരുതെന്നും അല്ലെങ്കിൽ കേസെടുക്കുമെന്നും അമ്മയോട് അവർ പറഞ്ഞു. ഏപ്രിൽ 29ന് സതീഷ് വീണ്ടും വീട്ടിലെത്തി പൊലീസുകാർ അമ്മയ്ക്കെതിരെ കേസെടുത്തെന്നും രേവണ്ണ കൂടിക്കാഴ്ചയ്ക്കായി വിളിക്കുന്നെന്നും പറഞ്ഞു. സതീഷിന്റെ കൂടെ ബൈക്കിലാണ് അമ്മ പോയത്. പിന്നീട് അമ്മയെക്കുറിച്ച് ഒരു വിവരവും ഇല്ല. കുടുംബവും കൂട്ടുകാരും അമ്മയെ പ്രജ്വൽ ഉപദ്രവിക്കുന്ന വിഡിയോ കണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു. പിന്നീട് സതീഷിനെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. അമ്മയുടെ ജീവന് ഭീഷണിയുണ്ട്. രേവണ്ണയ്ക്കെതിരെ കേസെടുക്കണം’’ – മകന്റെ പരാതി ഇങ്ങനെ.
ആകെ മൂന്നു കേസുകളാണ് ഇതുവരെ ഈ വിഷയത്തിൽ ഫയൽ ചെയ്തിരിക്കുന്നത്. രേവണ്ണയ്ക്കും പ്രജ്വലിനുമെതിരെ ബെംഗളൂരു എസ്ഐടി റജിസ്റ്റർ ചെയ്തത്, പ്രജ്വലിനെതിരെ മാത്രമായി എസ്ഐടി റജിസ്റ്റർ ചെയ്തത്, രേവണ്ണയ്ക്കും മറ്റുള്ളവർക്കുമെതിരെ മൈസുരുവിൽ റജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് എന്നിവയാണവ.
ചോദ്യംചെയ്യലിനു നല്‍കിയ നോട്ടിസ് മടങ്ങിയതിനെ തുടര്‍ന്ന് പ്രജ്വലിനെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ ജര്‍മനിയിലേക്ക് കടന്നതായും ഇവിടെനിന്ന് ദുബായിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.