ADVERTISEMENT

കോഴിക്കോട്∙ രാഹുൽ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാർഥിത്വത്തിനും വയനാട് മണ്ഡലത്തിലെ മത്സരത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഗാന്ധി കുടുംബത്തിന്റെ ഉറച്ച സീറ്റായ റായ്ബറേലിയിൽ രാഹുൽ വിജയിച്ചാൽ വയനാട് സീറ്റ് ഒഴിയുമോ ? അതേസമയം, രാഹുൽ ഒഴിഞ്ഞാൽ വയനാട് സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമോ ? രാഹുലിന്റെ റായ് ബറേലി സ്ഥാനാർഥിഥ്വത്തിനൊപ്പം കേരളത്തിൽ ഉയരുന്നത് ഈ ചോദ്യങ്ങളാണ്. അതൊടൊപ്പം ഉറച്ച സീറ്റായ വയനാടിന് പുറമെ റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചതിന് കാരണം എന്താണ് എന്ന ചർച്ചയും ഇതോടൊപ്പം ഉയരുന്നു. അവസാന നിമിഷത്തെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം സോണിയയും രാഹുലും പ്രിയങ്കയും ഒരുമിച്ചാണ് റായ്ബറേലിയിൽ എത്തിയത്. ബിെജപി കുത്തൊഴുക്കിലും സോണിയയ്ക്കൊപ്പം പിടിച്ചു നിന്ന യുപിയിലെ ഏക മണ്ഡലമാണ് റായ്ബറേലി. സോണിയയ്ക്ക് ശേഷം രാഹുലിനെ റായ്ബറേലി വരവേറ്റാൽ വീണ്ടും പഴയ ചോദ്യം ഉയരും. അതിനാൽ തന്നെ ഗാന്ധി കുടുംബത്തിന്റെ ഉറച്ച് സീറ്റ് വിടാൻ രാഹുലിനും കഴിയില്ല. അങ്ങനെ പറയാൻ കോൺഗ്രസിനും സോണിയയ്ക്കും കഴിയില്ല. അതോടെ അടുത്ത ചോദ്യം ‘രാഹുൽ ഗാന്ധി വയനാട് വിടുമോ?’

രണ്ടാം സീറ്റുണ്ടോ, വോട്ടിനു മുമ്പ് വയനാട്ടുകാർ ചോദിച്ചു 

രാഹുൽ ഗാന്ധിയുടെ രണ്ടാം സീറ്റായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ വയനാട്ടിലെ പ്രധാന ചർച്ചാ വിഷയം. രണ്ട് തരത്തിലാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം വയനാട്ടിൽ ചർച്ച ചെയ്യപ്പെട്ടത്. രാഹുൽ ഗാന്ധി മത്സരിക്കേണ്ടത് വയനാട്ടിൽ അല്ലെന്നും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് ഉത്തർപ്രദേശിലാണ് മത്സരിക്കേണ്ടതെന്നുമായിരുന്നു എൽഡിഎഫ് പ്രചാരണം. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാടിനെ ഉപേക്ഷിക്കുമെന്നും അമേഠിയിൽ മത്സരിക്കുമെന്നുമായിരുന്നു എൻഡിഎയുടെ പ്രധാന പ്രചാരണം. അമേഠിയിൽ സ്മൃതി ഇറാനിയെ പേടിച്ചാണ് വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതെന്നും എൻഡിഎ പ്രചരിപ്പിച്ചു. വയനാട്ടുകാരെ വഞ്ചിച്ച് രാഹുൽ മറ്റെവിടെയെങ്കിലും മത്സരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വയനാട് തന്റെ കുടുംബമാണെന്നു പറഞ്ഞാണ് രാഹുൽ ഇതിനെ പ്രതിരോധിച്ചത്. അമ്മ സോണിയ ഗാന്ധിയോട് വയനാട്ടിൽ വന്ന് താമസിക്കാൻ നിരന്തരം ആവശ്യപ്പെടാറുണ്ടെന്നും രാഹുൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. ഒടുവിൽ രണ്ടാം സീറ്റിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായതോടെ കുടുംബക്കാരെ രാഹുൽ ഉപേക്ഷിക്കുമോ എന്നതാണ് അടുത്ത ചോദ്യം.  

വയനാട്ടിൽ ഭൂരിപക്ഷം കുറയുമോ 

2019ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ ഇത്തവണ വയനാട് മണ്ഡലത്തിൽ പോളിങ് കുറവായിരുന്നു. നാല് ലക്ഷം പേർ വോട്ടവകാശം വിനിയോഗിച്ചില്ല. രാഹുൽ ഗാന്ധി വീണ്ടും ജയിക്കുമെങ്കിലും കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്ന് യുഡിഎഫ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നുണ്ട്. അഞ്ച് ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. എൻഡിഎ സർക്കാരിനെതിരെ വലിയ ജനവികാരം 2019ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായിരുന്നു. വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന് വരെ ജനം മോഹിച്ചു. അമേഠിയിൽ ജയിച്ചാൽ രാഹുൽ വയനാട് ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ തവണയും പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ആ പ്രചരണം തള്ളിക്കളഞ്ഞുകൊണ്ട് ജനം കൂട്ടത്തോടെ രാഹുലിന് വോട്ടുചെയ്തു. ഇത്തവണ വോട്ടു ചെയ്യാൻ ആളുകൾ കൂട്ടത്തോടെ എത്തുന്ന സാഹചര്യമുണ്ടായില്ല. എൽഡിഎഫും എൻഡിഎയും നിർത്തിയത് കരുത്തരായ സ്ഥാനാർഥിയെയാണ്. കോൺഗ്രസ് അധികാരത്തിൽ വരാൻ സാധ്യത കുറവാണ് എന്ന ചിന്തയും ജനങ്ങൾക്കുണ്ടായിരുന്നു. അതിനിടെയാണ് രാഹുൽ ഉത്തർപ്രദേശിൽ മത്സരിക്കുമോ എന്ന സംശയവും ഉടലെടുത്തത്. 

English Summary:

Will Priyanka Gandhi come to contest in Wayanad ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com