ADVERTISEMENT

ചെന്നൈ ∙എഗ്‌മൂർ– കൊല്ലം എക്സ്പ്രസിൽ യാത്ര ചെയ്ത ഗർഭിണി ട്രെയിനിൽനിന്നു വീണ് മരിച്ച സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം തുടങ്ങി.  തെങ്കാശി ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യ കസ്തൂരിയാണ്(22) മരിച്ചത്. 

വളകാപ്പ് ചടങ്ങിനായി ചെന്നൈയിൽനിന്നു തെങ്കാശിയിലേക്കു പോകുമ്പോൾ കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏഴു മാസം ഗർഭിണിയായിരുന്ന യുവതി ഛർദിക്കാനായി കംപാർട്മെന്റിലെ വാഷ്‌ബേസിന് സമീപം നിൽക്കുമ്പോൾ പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ അപായച്ചങ്ങല വലിച്ചെങ്കിലും ട്രെയിൻ നിന്നില്ല. തുടർന്ന് അടുത്ത കംപാർട്മെന്റിലെ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. അപ്പോഴേക്കും ട്രെയിൻ എട്ട് കിലോമീറ്ററോളം പിന്നിട്ടിരുന്നു. 

കസ്തൂരിക്കായി ട്രാക്കിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം റെയിൽവെ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ തിരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചെ പൂവനൂരിലാണ് മൃതദേഹം കണ്ടെത്തിയത്.  അപായച്ചങ്ങല പ്രവർത്തിച്ചിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാനാകുമായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. 9 മാസം മുൻപായിരുന്നു കസ്തൂരിയുടെ വിവാഹം. 

ട്രെയിൻ കൊല്ലത്ത് എത്തിയ ശേഷം റെയിൽവേ അധികൃതരും ആർപിഎഫ് ഉദ്യോഗസ്ഥരും കംപാർട്മെന്റിൽ പരിശോധന നടത്തി. അപായച്ചങ്ങല കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നതും വീഴ്ച സംഭവിച്ചത് എവിടെയാണെന്നും കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

English Summary:

South Railway has started investigation into the death of a pregnant woman traveling on Egmoor-Kollam Express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com