ADVERTISEMENT

കൊച്ചി∙ കടുത്ത നിയന്ത്രണങ്ങളും കാര്യക്ഷമമായ വൈദ്യുതി ഉപയോഗവും ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം എല്ലാ പരിധിയും കവിഞ്ഞുപോയേക്കുമെന്നു കണക്കുകൾ. സംസ്ഥാനത്തിന് അടുത്ത 6–7 വര്‍ഷത്തിനുശേഷം വേണ്ടിവരുമെന്നു കണക്കാക്കിയിട്ടുള്ള വൈദ്യുതി ഉപഭോഗം ഇപ്പോൾ തന്നെ പിന്നിട്ടു കഴിഞ്ഞു എന്നതാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. ‘‘പീക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം ഇപ്പോള്‍ അതിന്റെ പരമാവധിയിലാണ് പോകുന്നത്. എന്നാൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വൈദ്യുതി ഉപഭോഗം 5800 മെഗാവാട്ടിൽനിന്ന് ഇന്നലെ 5684 മെഗാവാട്ടായി കുറഞ്ഞിരുന്നു. 5860 മെഗാവാട്ട് വരെയാണു പരമാവധി പോകാവുന്നത്. ഈ പരിധി എത്തിക്കഴിഞ്ഞാൽ ലോഡ് ഷെഡ്ഡിങ് അല്ലാതെ മറ്റു വഴികളില്ല’’– വൈദ്യുതി വിതരണത്തിന്റെ നിയന്ത്രണവും ഏകോപനവും നടത്തുന്ന സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ വൃത്തങ്ങൾ പറയുന്നു. 

പ്രാദേശിക നിയന്ത്രണങ്ങളും വടക്കൻ കേരളത്തിലെ ചില ഭാഗങ്ങളിൽ മഴ പെയ്തതുമൂലം വൈദ്യുതി ഉപയോഗത്തിലുണ്ടായ നേരിയ കുറവും മൂലമാണ് ഈ ദിവസങ്ങളിൽ‍ പിടിച്ചു നിൽക്കാൻ സാധിക്കുന്നതെന്നു ലോഡ് ഡിസ്പാച്ച് സെന്റർ വൃത്തങ്ങൾ പറയുന്നു. ജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുകയും ഒപ്പം ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വർധിപ്പിക്കുകയും ചെയ്യുക എന്ന നിർദേശമാണു സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്റർ പ്രതിവിധിയായി മുന്നോട്ടു വയ്ക്കുന്നത്. കേന്ദ്ര വിഹിത ഇനത്തിൽ പുറത്തുനിന്നു സംസ്ഥാനത്തിനു ലഭിക്കാവുന്ന പരമാവധി വൈദ്യുതി 4260 മെഗാവാട്ടാണ്. ഇപ്പോൾ 3900 മെഗാവാട്ടാണു ലഭിക്കുന്നത്. 1650 മെഗാവാട്ടാണ് ആഭ്യന്തര ഉൽപാദനം വഴി ലഭിക്കുന്നത്. കേന്ദ്ര വിഹിതവും ആഭ്യന്തര ഉൽപാദനവും കഴിഞ്ഞാൽ ബാക്കി ആവശ്യമായി വരുന്ന വൈദ്യുതി സംസ്ഥാനം കേന്ദ്ര പവർ എക്സ്ചേഞ്ചിൽനിന്നു കൂടിയ വില കൊടുത്ത് വാങ്ങുകയാണു ചെയ്യുന്നത്. 

കഴിഞ്ഞ വർഷം സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തിറക്കിയ ഇലക്ട്രിക് പവർ സർവേയിൽ കേരളത്തിന് 2023–24ൽ പീക് സമയത്തെ ആവശ്യകതയായി കണക്കാക്കിയിരുന്നത് 4804 മെഗാവാട്ട് വൈദ്യുതിയായിരുന്നു. 2026–27ൽ ഇത് 5549 മെഗാവാട്ടും 2031–32ൽ ഇത് 6967 മെഗാവാട്ടുമായിരിക്കും എന്നായിരുന്നു കണക്ക്. അതോടൊപ്പം, ഓരോ ദിവസവുമുള്ള വൈദ്യുതി ഉപഭോഗം 2023–24ൽ‍ ശരാശരി 80.12 ദശലക്ഷം യൂണിറ്റും 2026–27ൽ 92.88 ദശലക്ഷം യൂണിറ്റും 2031–32ൽ 117.47 ദശലക്ഷം യൂണിറ്റും ആയിരിക്കും എന്നും കണക്കാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം തന്നെ ഇതു ശരാശരി 4800 മെഗാവാട്ട് ആയിരുന്നു. ഏപ്രിൽ മധ്യത്തോട് അടുപ്പിച്ചുള്ള 2–3 ദിവസങ്ങളിൽ 5017 മെഗാവാട്ട് വരെ പോയി. അതോടൊപ്പം, വൈദ്യുതി ഉപഭോഗം 95.57 ദശലക്ഷം യൂണിറ്റ് വരെ എത്തുകയും ചെയ്തു. അന്ന് ഇത് അമ്പരപ്പിക്കുന്ന കണക്കായിരുന്നു എങ്കിൽ ഈ വര്‍ഷം ആവശ്യകത 5800 മെഗാവാട്ട് വരെയായി ഉയർന്നു. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗമാകട്ടെ, 115.96 ദശലക്ഷം യൂണിറ്റ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതായത്, ഏഴോ എട്ടോ വർഷങ്ങൾ‍ക്കുശേഷം ആവശ്യമാകുമെന്നു കരുതിയിരുന്ന വൈദ്യുതി ഉപഭോഗമാണ് ഇപ്പോൾ തന്നെ കേരളം മറികടന്നിരിക്കുന്നത്. 

വൈദ്യുതി ഉപയോഗം പരമാവധി പരിധിയോട് അടുക്കുന്ന സമയങ്ങളിൽ പ്രാദേശികമായി നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ ഉപയോഗം നിയന്ത്രിക്കുന്നത്. അതുവഴി സംസ്ഥാനമൊട്ടാകെ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാൻ സാധിക്കുന്നു. അതേസമയം, ഈ നിയന്ത്രണത്തിനു ശേഷം വൈദ്യുതി പുനഃസ്ഥാപിക്കുമ്പോള്‍ ഒറ്റയടിക്ക് പീക് ഉപയോഗത്തിലേക്ക് വരുന്നതു വഴി ട്രാൻസ്ഫോർമറുകളിലെ ഫ്യൂസുകളും മറ്റും അടിച്ചു പോകുന്നതും തങ്ങളുടെ വലിയ ആശങ്കയാണെന്ന് ലോഡ് ഡിസ്പാച്ച് സെന്റർ വൃത്തങ്ങൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com