ADVERTISEMENT

കോഴിക്കോട് ∙ പുതിയതായി സർവീസ് ആരംഭിച്ച കോഴിക്കോട് – ബെംഗളൂരു നവകേരള ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നു വിലയിരുത്തൽ. രാവിലെ നാലിനാണു ബസ് കോഴിക്കോട്ടുനിന്നു യാത്ര ആരംഭിക്കുന്നത്. നഗരത്തിനടുത്തുള്ളവർക്കുപോലും ഇതിനായി മൂന്നുമണിക്ക് തയാറെടുക്കേണ്ടി വരും. കോഴിക്കോട് ജില്ലയുടെ മറ്റു ഭാഗങ്ങൾ, മലപ്പുറം ജില്ല എന്നിവിടങ്ങളിൽനിന്നു കോഴിക്കോട് എത്തണമെങ്കിൽ വളരെ നേരത്തേതന്നെ പുറപ്പെടണം. പതിനൊന്നരയോടെയാണു ബസ് ബെംഗളൂരുവിൽ എത്തേണ്ടതെങ്കിലും ഗതാഗതതടസ്സം മൂലം ആ സമയത്ത് എത്താനാകില്ല. യാത്രക്കാർക്ക് ഉച്ചയോടെയേ ബെംഗളൂരുവിൽ എത്താനാകൂ. ഇതോടെ ഒരു ദിവസം ഏറെക്കുറെ നഷ്ടപ്പെടുമെന്നാണു പരാതി.

ഉച്ചയ്ക്കു രണ്ടരയ്ക്കാണു മടക്കയാത്ര. രാത്രി പത്തിനാണു കോഴിക്കോട് എത്തേണ്ടത്. വൈകിട്ടത്തെ ഗതാഗതക്കുരുക്ക് താണ്ടി എത്തുമ്പോഴേക്കും 12 മണി കഴിയും. ഈ സമയത്തു കോഴിക്കോടെത്തിയാൽ പലർക്കും വീടുകളിലേക്കു പോകാനും വണ്ടി കിട്ടില്ല. സമയക്രമത്തിൽ മാറ്റം വരുത്തിയാൽ യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണു യാത്രക്കാർ പറയുന്നത്. പുലർച്ചെ ആറോടെ പുറപ്പെട്ടാൽ വൈകിട്ടോടെ ബെംഗളൂരുവിൽ എത്താം. പുലർച്ചെ രണ്ടിനും മറ്റും വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്നത് ഒഴിവാക്കാം.

നവകേരള ബസ് ഗുണ്ടല്‍പ്പേട്ടിൽ എത്തിയപ്പോൾ. (Photo: Arun Varghese / Manorama Online)
നവകേരള ബസ് ഗുണ്ടല്‍പ്പേട്ടിൽ എത്തിയപ്പോൾ. (Photo: Arun Varghese / Manorama Online)

ബെംഗളൂരുവിൽനിന്നു വൈകിട്ട് എട്ടോടെ യാത്ര ആരംഭിച്ചാൽ പുലർച്ചെ നാലോടെ കോഴിക്കോടെത്താം. ഇവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ടവർക്കു രാവിലെ പോകാനും സാധിക്കും. നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ഒറ്റ ബസ് മാത്രമാണു ഗരുഡ പ്രീമിയം ബസ് ആയി സർവീസ് നടത്തുന്നത്. അതുകൊണ്ട് രാത്രിയിൽ മാത്രമായി സർവീസ് നടത്താൻ സാധിക്കില്ല. രാത്രി സർവീസ് നടത്തണമെങ്കിൽ 2 ബസ് വേണ്ടി വരും. അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിലേ സർവീസ് സാധ്യമാകൂ. 

കോഴിക്കോട്ടുനിന്നും കൽപറ്റയിൽനിന്നും ഒരേ ചാർജ് എന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. 700 രൂപയ്ക്കു കൽപറ്റയിൽ നിന്നും എസി ബസിൽ ബെംഗളൂരുവിൽ എത്താമെന്നിരിക്കെ 1240 രൂപ മുടക്കുന്നത് നഷ്ടമാണ്. അതിനാൽ ടിക്കറ്റ്, സ്റ്റേജ് അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. സീറ്റുകൾക്ക് മൾട്ടി ആക്സിൽ ബസുകൾക്കുള്ളത്ര വലുപ്പം ഇല്ലാത്തതും ബുദ്ധിമുട്ടാണ്. 

നവകേരള ബസ്സിന് താമരശേരിയിൽ സ്വീകരണം നൽകിയപ്പോൾ
നവകേരള ബസ്സിന് താമരശേരിയിൽ സ്വീകരണം നൽകിയപ്പോൾ

കോഴിക്കോട്ടുനിന്നു ബസ് ബെംഗളൂരുവിൽ പോയി തിരിച്ചു വരുമ്പോഴേക്കും 35,000 രൂപയോളമാണു ചെലവ് വരുന്നത്. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും മുഴുവൻ സീറ്റിൽ ആളുകളുമായി യാത്ര നടത്താനായാൽ 62,000 രൂപ വരുമാനം ലഭിക്കും. അങ്ങനെ ലഭിച്ചാൽ സർവീസ് നല്ല ലാഭത്തിൽ കൊണ്ടുപോകാം. എന്നാൽ സമയക്രമം മാറ്റിയാലേ ഇതു സാധിക്കൂവെന്നാണു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.

English Summary:

Is the Kozhikode-Bengaluru Bus Schedule Missing the Mark? Travelers Speak Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com