‘യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുക്കാൻ സമ്മർദ്ദം’; എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച എസ്ഐ മരിച്ചു
Mail This Article
കാസർകോട്∙ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ബേഡകം പൊലീസ് സ്റ്റേഷനിലെ എസ്ഐ ചികിത്സയ്ക്കിടെ മരിച്ചു. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കോളിച്ചാൽ സ്വദേശിയുമായ കെ.വിജയൻ(49) ആണ് ശനിയാഴ്ച വൈകിട്ട് കൊച്ചി അമൃത ആശുപത്രിയിൽവച്ച് മരിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്നാണു വിഷം കഴിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ആദ്യം മംഗളൂരുവിലും പിന്നീടു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ആയിരുന്നു ചികിത്സ നടത്തിയിരുന്നത്. വോട്ടെടുപ്പ് ദിവസം ബേഡടുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ അപമാനിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ കേസെടുക്കാൻ വിജയനുമേൽ സമ്മർദ്ദം ഉണ്ടായിരുന്നെന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. ഇതിനുശേഷം എസ്ഐ വിജയൻ മാനസിക സമ്മർദ്ദത്തിലായിരുന്നത്രെ.
പിന്നാലെ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടിനായ്കിന്റെയും അക്കാച്ചുഭായുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കൾ: ആവണി, അഭിജിത്ത് (ഇരുവരും വിദ്യാർഥികൾ).