ADVERTISEMENT

തിരുവനന്തപുരം ∙ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അയനം, എഴുന്നള്ളത്ത്, ഉദ്യാനപാലകൻ, ക്ലിന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.

തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. അച്ഛൻ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ഭരതന്നൂർ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പിന്നീട് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. കുട്ടിക്കാലത്തുതന്നെ വായനയിൽ കമ്പമുണ്ടായിരുന്നു. എട്ടു കിലോമീറ്റർ നടന്നുപോയി ലൈബ്രറിയിൽനിന്നു പുസ്തകമെടുത്തായിരുന്നു വായന. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും വിവർത്തനങ്ങൾ വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരൻ എന്ന നിലയിൽ ഹരികുമാറിന്റെ അടിസ്ഥാനം സൃഷ്ടിച്ചത്. അക്കാലത്തുതന്നെ സിനിമയോടും പ്രിയം തുടങ്ങിയിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നുവെന്ന് ഹരികുമാർ പിന്നീടു പറഞ്ഞിട്ടുണ്ട്.

എൻജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമാകാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശങ്ങൾ പതിവായി കണ്ടിരുന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പിൽക്കാലത്ത് ഹരികുമാർ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. 2022 ൽ പുറത്തിറങ്ങിയ, എം.മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന സിനിമ.

‘മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ പ്രയോക്താവ്’

ഹരികുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

‘‘മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്.

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'സുകൃതം' ആണ് മാസ്റ്റര്‍ പീസ്.  ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള 'ഉദ്യാനപാലകന്‍', ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള 'ജാലകം', എം.മുകുന്ദന്റെ കഥയെ ഉപജീവിച്ചുകൊണ്ടുള്ള 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള 'ക്‌ളിന്റ്' തുടങ്ങിയ സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.’’– മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Director Harikumar Passed Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com