ADVERTISEMENT

‘ശ്യാമേട്ടൻ വന്നിട്ടുണ്ട്, എന്തെങ്കിലും ചെയ്യും’ എന്നായിരുന്നു  കണ്ണൂർ പാനൂരിൽ പ്രണയപ്പകയിൽ യുവാവ് കൊലപ്പെടുത്തിയ വിഷ്ണുപ്രിയ ഫോൺകോളിലുണ്ടായിരുന്ന സുഹൃത്തിനോട് അവസാനം പറഞ്ഞ വാക്കുകൾ.  2022 ഒക്ടോബർ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ പാനൂർ സ്വദേശി വിഷ്ണുപ്രിയയെ (22) ആൺസുഹൃത്ത് ശ്യാംജിത്ത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെ വിഷ്ണുപ്രിയയുടെ കൊലപാതകം പ്രതി ആസൂത്രണം ചെയ്തത് അഞ്ചാംപാതിര സിനിമ കണ്ടാണെന്നു പൊലീസ് വ്യക്തമാക്കുന്നു.

അഞ്ചാംപാതിരയിലെ കൊലപാതകിയുടെ വേഷത്തിലാണ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്.  ദൃക്സാക്ഷികളില്ലാത്ത കേസായിട്ടും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഫോൺകോൾ റെക്കോർഡുകളും ഉപയോഗിച്ച് 34 ദിവസത്തിനകം പാനൂർ സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയും. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ഐപിസി 449, 302 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എം.പി. ആസാദ് പറഞ്ഞു.

∙ സഹോദരിയുടെ സുഹൃത്ത്, കോവിഡ് കാലത്തെ പ്രണയം

കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സഹോദരിയും പ്രതി ശ്യാംജിത്തും സഹപാഠികളായിരുന്നു. കോവിഡ് കാലത്ത് സഹോദരിയുടെ ഫോണിലേക്ക് ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് ശ്യാംജിത്ത് വിളിച്ചിരുന്നു. അങ്ങനെയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറി. ഇതിനിടെ വിഷ്ണുപ്രിയയിൽ ശ്യാംജിത്തിന് സംശയം തുടങ്ങിയതോടെ ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായി. പലപ്പോഴും വഴക്കുകളുണ്ടാകുകയും ബന്ധം തുടരാൻ താൽപര്യമില്ലെന്ന് വിഷ്ണുപ്രിയ ശ്യാംജിത്തിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ബന്ധത്തിൽനിന്നു പിന്മാറാൻ ശ്യാംജിത്ത് തയാറായില്ല. 

∙ കൊലപാതകത്തിലേക്കു നയിച്ചത് പ്രണയപ്പക

ശ്യാംജിത്തുമായി പിരിഞ്ഞശേഷം വിഷ്ണുപ്രിയ വയനാട്ടിലേക്ക് വിനോദയാത്ര പോയി. അവിടെ വച്ച് പൊന്നാനി സ്വദേശിയായ ഫൊട്ടോഗ്രഫറെ പരിചയപ്പെട്ടു. അയാള്‍ വിഷ്ണുപ്രിയയുടെയും സുഹൃത്തുക്കളുടെയും ഫോട്ടോ എടുത്തു കൊടുത്തു. ഫോട്ടോ അയച്ചു നൽകാൻ വിഷ്ണുപ്രിയയുടെ നമ്പർ വാങ്ങി. തുടർന്ന് ഇരുവരും സുഹൃത്തുക്കളായി. ശ്യാംജിത്തുമായുള്ള പ്രശ്നങ്ങൾ വിഷ്ണുപ്രിയ പുതിയ സുഹൃത്തുമായി സംസാരിക്കുമായിരുന്നു. പിന്നീട് ഇവർ‌ പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞ ശ്യാംജിത്ത് വിഷ്ണുപ്രിയയെയും യുവാവിനെയും ഭീഷണിപ്പെടുത്തി. 

തന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ വിഷ്ണുപ്രിയ യുവാവിനൊപ്പം അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്കു പോയത് അറിഞ്ഞ ശ്യാംജിത്ത് അവരെ പിൻതുടർന്ന് വഴിയിൽ തടഞ്ഞു. താൻ പ്രണയിക്കുന്ന പെൺകുട്ടിയാണ് വിഷ്ണുപ്രിയയെന്നും ഈ ബന്ധത്തിൽനിന്ന് പിന്മാറണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധത്തിൽനിന്നു പിൻമാറാൻ തയാറല്ലെന്ന് ഇരുവരും ശ്യാംജിത്തിനോട് പറഞ്ഞു. അതുമൂലമുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. 

∙ അഞ്ചാംപാതിര കണ്ട് കൊലപാതക പദ്ധതി

അഞ്ചാംപാതിര എന്ന സിനിമ കണ്ടാണ് പ്രതി കൊലപാതകത്തിനു പദ്ധതി തയാറാക്കിയത്. ആ സിനിമയിലെ കൊലയാളിയുടെ വസ്ത്രധാരണം പോലെ കറുത്ത ടീഷർട്ടും ഗ്ലൗസും ഹെൽമെറ്റും ധരിച്ചാണ് കൃത്യം ചെയ്യുന്നതിനായി ബൈക്കിൽ എത്തിയതും. ‌കൂത്തുപറമ്പിലെ കടയിൽനിന്ന് ഒരു ചുറ്റിക വാങ്ങി. ബികോം കഴിഞ്ഞ ശേഷം അമ്മാവന്റെ ഹാർഡ്‌വെയർ കടയിൽ ജോലി ചെയ്തിരുന്ന ശ്യാംജിത്ത് അവിടെവച്ചാണ് കൊലക്കത്തിയുണ്ടാക്കിയത്.

vishnupriya

കത്തി നിർമിക്കുന്ന ഒരാളിൽനിന്ന് അതിനെപ്പറ്റി മനസ്സിലാക്കി. ഈ കേസിൽ സാക്ഷിയായിരുന്ന അയാള്‍ കൂറുമാറുകയും പിന്നീട് കോടതിയിൽ സത്യം വെളിപ്പെടുത്തുകയും ചെയ്തു. വിഷ്ണുപ്രിയ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്കാണ് ശ്യാംജിത്ത് ആദ്യം പോയത്. അവിടെ പെൺകുട്ടി ഇല്ലെന്നു മനസ്സിലാക്കിയപ്പോൾ വീട്ടിലേക്കു പോയി. 

∙ ശ്യാമേട്ടൻ വന്നിട്ടുണ്ട് എന്തെങ്കിലും ചെയ്യും!

അമ്മാവന്റെ വീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിഷ്ണുപ്രിയ മുറിയിലിരുന്ന്, പൊന്നാനിയിലുള്ള സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് മുറിയില്‍ കയറിയ ഉടൻ, വിഡിയോ കോളിലുള്ള സുഹൃത്തിനോട് വിഷ്ണുപ്രിയ ‘ശ്യാമേട്ടന്‍ വന്നിട്ടുണ്ട് എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്’ എന്നുപറയുകയും ചെയ്തു. ആ സമയത്ത് ശ്യാംജിത്ത് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയുടെ തലയ്ക്കടിച്ചു. കൈകാലുകളുടെയും കഴുത്തിന്റെയും ഞരമ്പ് മുറിച്ചു. നെഞ്ചിലും മറ്റും കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. മൊത്തം 26 മുറിവുകളാണ് അവളുടെ ശരീരത്തിലുണ്ടായിരുന്നത്.

ശ്യാംജിത്ത് മുറിയിൽ കയറിയ കാര്യം വിഡിയോകോളിലൂടെ അറിഞ്ഞ സുഹൃത്ത് അപ്പോൾത്തന്നെ ആ വിവരം പരിചയക്കാരനായ പൊലീസുകാരനെ അറിയിച്ചു. അദ്ദേഹം പാനൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശ്യാംജിത്തിന്റെ നമ്പർ കൈവശമുണ്ടായിരുന്ന വിഷ്ണുപ്രിയയുടെ സുഹൃത്ത് ഈ നമ്പർ പൊലീസിന് അയച്ചു. തുടർന്ന് ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൂത്തുപറമ്പിനടത്ത് മാനഞ്ചേരി എന്ന പ്രദേശത്താണ് പ്രതിയുള്ളതെന്ന് പൊലീസിനു വ്യക്തമായി. അവിടെ എത്തിയപ്പോൾ അച്ഛന്റെ ഹോട്ടലിൽ സഹായിയായി നിൽക്കുകയായിരുന്നു പ്രതി.

വിഷ്ണുപ്രിയ, ശ്യാംജിത്ത്
വിഷ്ണുപ്രിയ, ശ്യാംജിത്ത്

കൃത്യം നടത്തി വീട്ടിലെത്തിയ പ്രതി കുളിച്ചു. കൊലപാതകത്തിനുപയോഗിച്ച സാധനങ്ങൾ തൊട്ടടുത്ത കുളത്തിൽ ഉപേക്ഷിച്ചു. ആദ്യം ചോദ്യം ചെയ്തപ്പോൾ നിഷേധിക്കുകയും പിന്നീട് കുറ്റസമ്മതം നടത്തുകയും ചെയ്തു. പിറ്റേന്ന് തൊണ്ടിമുതൽ കുളത്തിൽനിന്ന് കണ്ടെത്തി. അതിൽ മനുഷ്യരക്തത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചുറ്റിക വാങ്ങുന്നതിന്റെയും പാനൂർ ടൗണിലെത്തിയതിന്റെയും പെൺകുട്ടിയുടെ വീട്ടിലെത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വന്നു പോയത് മൂന്നു പേർ കണ്ടിട്ടുണ്ട്. ദൃക്സാക്ഷിയില്ലാത്ത കേസാണ് പൊലീസ് ഇപ്പോൾ തെളിയിച്ചു കോടതിയിൽ എത്തിച്ചിരിക്കുന്നത്. 

∙ സാമൂഹിക മനോഭാവം മാറണം

വിഷ്ണുപ്രിയയുടേതു പോലെയുള്ള കൊലപാതകങ്ങൾക്കു കാരണം സാമൂഹിക ബോധത്തിന്റെ പ്രശ്നമാണെന്ന് മനുഷ്യാവകാശ പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി പ്രതികരിച്ചു. ഒരാളെ പ്രണയിക്കുമ്പോൾ അയാൾ തന്റെ സ്വന്തമാണെന്ന് വിചാരിക്കുകയാണ്. അതിൽ ആത്മാഭിമാനമാണ് പ്രവർത്തിക്കുന്നത്. എപ്പോഴാണോ ‘ഇയാൾ വേണ്ട’ എന്നു പെൺകുട്ടി പറയുന്നത്, അപ്പോള്‍ എന്റെ അഭിമാനം നഷ്ടപ്പെടുന്നു എന്നാണ് ആൺകുട്ടികൾ കരുതുന്നത്. നിരാകരിക്കപ്പെട്ടാൽ താൻ ഇല്ലാതാകുമെന്നു കരുതുന്ന പുരുഷന്മാർ പിന്നാലെ നടന്നുകൊണ്ടിരിക്കും.

ജീവപര്യന്തം എന്നു പറയുന്നത് 14 വർഷമാണ്. 25 വയസ്സിൽ ഒരാള്‍ കുറ്റകൃത്യം ചെയ്തു പിടിയിലായാൽ‌ 39–ാം വയസ്സില്‍ പുറത്തിറങ്ങുന്നു. പ്രണയപ്പകയിലെ കൊലപാതകം പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോള്‍ പലപ്പോഴും സ്ത്രീകളെ ചോദ്യമുനയിൽ നിർത്താറുണ്ട്. നിങ്ങൾ കൂടി ഇടപെട്ടിട്ടാണല്ലോ ഇങ്ങനെ സംഭവിച്ചത് എന്ന രീതിയിൽ ഇത്തരം കേസുകൾ ലഘൂകരിക്കപ്പെടുന്നുണ്ടെന്നും അഡ്വ. കുക്കു ദേവകി ചൂണ്ടിക്കാട്ടി. 

‘‘ഇത്തരം കേസുകൾ കോടതിയിൽ എത്തുമ്പോഴേക്കും ഗൗരവം കുറഞ്ഞു വരുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ വേറെയൊരു തരത്തിൽ ഈ പ്രതിക്ക് സംരക്ഷണം നൽകുന്ന രീതിയിലുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം ബോധങ്ങളിലാണ് മാറ്റങ്ങൾ വരേണ്ടത്. ആൺകുട്ടികള്‍ പ്രിവിലേജ്ഡ് ആണെന്ന ചിന്തയെയാണ് ആദ്യം ഇല്ലാതാക്കേണ്ടത്. തുല്യത എന്നത് നമ്മൾ വെറുതെ പറയേണ്ടതല്ല. അത് പ്രാവർത്തികമാക്കേണ്ടതാണ്.

ഭരണഘടന, തുല്യത എന്നിവയെ സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കണം. നിയമ ബോധവത്കരണം ആൺകുട്ടികളിൽ ഉണ്ടാക്കണം. നീ ചത്തു, നിന്നെ കുഴിച്ചിട്ടു. ഞാൻ ഇറങ്ങിപ്പോരും എന്ന മനോഭാവമാണ് ഇപ്പോഴും പലർക്കും ഉള്ളത്. അതിനർഥം ഇത്രകാലമായിട്ടും നമ്മുടെ സാമൂഹികവ്യവസ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായില്ല എന്നതാണ്.’’– അവർ വ്യക്തമാക്കി. 

English Summary:

Kannur Murder Case Inspired by 'Anchampathira' Movie Awaits Thalassery Court's Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com