ADVERTISEMENT

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിക്കാത്ത ഡ്രൈവിങ് സ്കൂൾ ഉടമകളെ നേരിടാനുറച്ച് സർക്കാർ. ടെസ്റ്റ് നടത്താൻ പകരം ഗ്രൗണ്ടുകൾ കണ്ടെത്താൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. നിലവിൽ ടെസ്റ്റ് നടക്കുന്ന 86 ൽ 77 ഗ്രൗണ്ടുകളും ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ വാടകയ്ക്കെടുത്തവയാണ്. ഇൗ ഗ്രൗണ്ടുകൾ അടച്ചിട്ടാണ് യൂണിയനുകൾ ഇപ്പോൾ ടെസ്റ്റ് തടയുന്നത്. 

∙ ഇന്നു മുതൽ ടെസ്റ്റ് കേന്ദ്രങ്ങളായി പുതിയ ഇടങ്ങൾ കണ്ടെത്താൻ നിർദേശം.  

∙  കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള 24 സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. 

∙ മറ്റിടങ്ങളിൽ സർക്കാരിന്റെയും സർക്കാർ സ്കൂളുകളുടെയും മൈതാനങ്ങൾ ഒരുക്കാൻ ആർടിഒമാർക്ക് നിർദേശം.  

∙ ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്തയിടങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി വാടകയ്ക്കെടുക്കും.  

∙ ടെസ്റ്റിനുള്ള വാഹനം കിട്ടാത്ത സ്ഥലങ്ങളിൽ അവയും വാടകയ്ക്കെടുക്കും. 

∙ ഇന്നലെ ടെസ്റ്റിനു വന്നവരെ നിസ്സാരകാര്യങ്ങൾ പറഞ്ഞു തിരിച്ചയച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു നിർദേശം . 

∙ ടെസ്റ്റിന് വരുന്നവരെ തിരിച്ചയക്കുന്നവർക്കെതിരെ ഇനിമുതൽ ഉടൻ നടപടിയുണ്ടാകും. സമരത്തിന് ചില ഉദ്യോഗസ്ഥർ പിന്തുണ നൽകുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. 

∙ ഓരോ ദിവസവും അനുവദിക്കപ്പെട്ട സ്ലോട്ടുകളിൽ പങ്കെടുക്കേണ്ടവർ വരാത്ത പക്ഷം തൊട്ടടുത്ത ദിവസത്തെ ലിസ്റ്റിലുള്ളവരിൽനിന്നു വരാൻ തയാറുള്ളവരെ ഉൾപ്പെടുത്തി  വെയ്റ്റിങ് ലിസ്റ്റ് തയാറാക്കണം. 

ഡ്രൈവിങ് സ്കൂളുകളുടെയും യൂണിയനുകളുടെയും സമ്മർദത്തിനു വഴങ്ങില്ലെന്ന നിലപാട് മന്ത്രി കെ.ബി.ഗണേഷ്കുമാർ കർശനമാക്കി. വിദേശത്തുനിന്നാണു മന്ത്രി നി‍ർദേശങ്ങൾ നൽകിയത്. ചീഫ് സെക്രട്ടറിയും വിഷയത്തിൽ ഇടപെട്ടിരുന്നു 

ഇതിനിടെ, ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച സർക്കുലറിലെ മിക്ക നിർദേശങ്ങളും നടപ്പാക്കാൻ 3 മാസത്തിലേറെ ഇളവു നൽകിയിട്ടും ആശയക്കുഴപ്പമുണ്ടെന്നു പറഞ്ഞ് ഉദ്യോഗസ്ഥരിൽ ചിലർ ഇന്നലെയും നിസ്സഹകരിച്ചു. കയ്യിൽ ഗിയർ ഉള്ള ഇരുചക്ര വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്ന ആദ്യ സർക്കുലറിലെ നിർദേശത്തിനു മാത്രം, പുതിയ ഉത്തരവിൽ പ്രത്യേകിച്ച് ഇളവിന്റെ കാര്യം പറഞ്ഞിരുന്നില്ല. അതിനാൽ, കയ്യിൽ ഗിയറുള്ള ഇരുചക്രവാഹനവുമായി ഇന്നലെ വന്നവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. എന്നാൽ,  കയ്യിൽ ഗിയറുള്ളതു പറ്റില്ല എന്ന മുൻ ഉത്തരവു നടപ്പാക്കുന്നതും മൂന്നു മാസത്തേക്ക് നീട്ടി പിന്നാലെ ഗതാഗതവകുപ്പ് ഉത്തരവിറക്കി. ഇതോടെ ഇൗ പ്രശ്നവും പരിഹരിച്ചു.

ടെസ്റ്റിന് ഉപയോഗിക്കാവുന്ന കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ:

∙ പൂർണസജ്ജം: ആനയറ, ചാത്തന്നൂർ, പന്തളം, എടത്വ, തേവര, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നിലമ്പൂർ, കോഴിക്കോട്, പയ്യന്നൂർ, കാഞ്ഞങ്ങാട്. 

∙ ചെറിയ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കാൻ നിർദേശിച്ച സ്ഥലങ്ങൾ: ഈഞ്ചയ്ക്കൽ, പാറശാല, ചടയമംഗലം, മല്ലപ്പള്ളി, മാവേലിക്കര, വടക്കഞ്ചേരി, ചിറ്റൂർ, എടപ്പാൾ 

∙ കാര്യമായ അറ്റകുറ്റപ്പണി നടത്തി സജ്ജമാക്കാവുന്ന സ്ഥലങ്ങൾ: ആറ്റിങ്ങൽ, ചാലക്കുടി, പൊന്നാനി, മാനന്തവാടി, ബത്തേരി

∙ ‘‘ഡ്രൈവിങ് പരിഷ്കാരവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതിയുടെ നിർദേശമുണ്ട്. അപ്രകാരം മുന്നോട്ടുപോകും. ഒരു മാനദണ്ഡവുമില്ലാതെ യഥേഷ്ടം ലൈസൻസ് നൽകി നിരത്തുകളെ ചോരക്കളമാക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല.’’ – മന്ത്രി കെ.ബി. ഗണേഷ്കുമാർ

English Summary:

Transport Minister on New Way of Driving Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com