ADVERTISEMENT

തിരുവനന്തപുരം ∙ പത്തനംതിട്ട മുക്കൂട്ടുതറയിൽനിന്ന് 6 വർഷം മുൻപ് കാണാതായ കോളജ് വിദ്യാർഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനക്കേസിൽ തുടരന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. സിബിഐ തന്നെയാണ് തുടരന്വേഷണം നടത്തുക. ജെസ്നയ്ക്ക് എന്തു സംഭവിച്ചെന്നു കണ്ടെത്താനായില്ലെന്നും ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു. ഇതു തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ സമാന്തര അന്വേഷണത്തിലൂടെ താൻ കണ്ടെത്തിയെന്നുമുള്ള ജെസ്നയുടെ പിതാവ് ജയിംസ് ജോസഫിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.

തിരോധാനത്തിനു പിന്നിൽ അജ്ഞാത സുഹൃത്തിനു പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങൾക്കു പിൻബലമായി രേഖകളും ജയിംസ് മുദ്രവച്ച കവറിൽ ഹാജരാക്കിയിരുന്നു. ഇവ സിബിഐയുടെ അന്വേഷണ പരിധിയിൽ വന്നിരുന്നോ എന്നും കോടതി പരിശോധിച്ചു. ഇല്ലെന്നു വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു. ജയിംസ് നൽകിയ രേഖകൾ സിബിഐ എസ്പിക്ക് കോടതി കൈമാറി.

പുനരന്വേഷണത്തിന് തയാറാണെന്ന് കോടതിയെ സിബിഐ അറിയിച്ചിരുന്നു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതായത്. വീട്ടിൽനിന്ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഓട്ടോയിൽ പോയ ജെസ്നയെ പിന്നെ ആരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് സിബിഐ ഏറ്റെടുത്തത്.

ജെസ്നയുടെ പിതാവിന്റെ ഹർജിയിലെ പരാമർശങ്ങൾ

‘ജെസ്ന വീട്ടിൽനിന്നു പോകുന്നതിനു ദിവസങ്ങൾക്കു മുൻപ് രക്തസ്രാവം ഉണ്ടായി. ഇതിന്റെ കാരണങ്ങൾ സിബിഐ പരിശോധിച്ചില്ല. വീട്ടിൽ നിന്നു പോകുന്നതിന്റെ തലേദിവസവും രക്തസ്രാവം ഉണ്ടായി. രക്തം പുരണ്ട വസ്ത്രങ്ങൾ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് കൊണ്ടുപോയി. പിന്നീട് ഇതു സംബന്ധിച്ച അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ജെസ്ന രഹസ്യമായി പ്രാർഥിക്കാൻ പോകുന്ന സ്ഥലത്തെക്കുറിച്ച് സിബിഐ പരിശോധിച്ചില്ല. കാണാതാകുന്ന ദിവസം ജെസ്നയുടെ കയ്യിൽ 60,000 രൂപയുണ്ടായിരുന്നു. ഇത് വീട്ടുകാർ നൽകിയതല്ല. കൂട്ടുകാരെ വിശദമായി ചോദ്യം ചെയ്തില്ല. അജ്ഞാത യുവാവിനെ സംശയമുണ്ട്’.

∙ ‘തുടരന്വേഷണത്തിനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നു. സത്യാവസ്ഥ പുറത്തുവരുമെന്ന ഉറച്ച വിശ്വാസമുണ്ട്. എന്റെ പക്കലുള്ള പുതിയ തെളിവുകൾ സിബിഐ എസ്പിയുമായി ചർച്ച നടത്തി കൈമാറും. എനിക്കും ബന്ധുക്കൾക്കുമുള്ള സംശയങ്ങളാണ് കോടതിയെ അറിയിച്ചത്. 6 മാസം കൂടി അന്വേഷണം തുടരണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിന് അനുകൂലമായ തീരുമാനമാണ്  കോടതിയിൽനിന്നുണ്ടായത്.’ – ജയിംസ് ജോസഫ് (ജെസ്നയുടെ പിതാവ്)

English Summary:

Court has announced further investigation in Jesna Missing Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com