കെ.എസ്.ഹരിഹരന്റെ വീടിന് നേരെയുള്ള ആക്രമണം; കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെ കേസ്

Mail This Article
തേഞ്ഞിപ്പാലം∙ ആർഎംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു. സ്ഥലം ബോംബ് സ്ക്വാഡ് സന്ദർശിച്ചു. സാമ്പിൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് ഹരിഹരനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വീടിനു നേരെ ആക്രമണം. മലപ്പുറം തേഞ്ഞിപ്പാലം ഒലിപ്രം കടവിനടുത്തെ വീട്ടിൽ ഇന്നലെ രാത്രി 8.15ന് ആയിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ സ്ഫോടകവസ്തു എറിയുകയായിരുന്നു. ഗേറ്റിന് മുകളിലേക്കാണ് സ്ഫോടകവസ്തു വീണത്.

സം ഭവസമയത്ത് ഹരിഹരനും കുടുംബവും ഭാര്യാസഹോദരനും രാഷ്ട്രീയഹരിഹരൻ നിരീക്ഷകനുമായ ഡോ. ആസാദും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്ക് വടകര റജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘം ഭീഷണി മുഴക്കിയിരുന്നതായും സിപിഎം ആണ് ആക്രമണത്തിന് പിന്നിലെന്നും ഹരിഹരൻ പറഞ്ഞു.
വടകരയിൽ ശനിയാഴ്ച നടന്ന യുഡിഎഫ്, ആർഎംപി ജനകീയ പ്രതിഷേധവേദിയിലാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. പരാമർശം ചർച്ചയായതോടെ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കെ.എസ്.ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
ഹരിഹരന്റെ പരാമർശം ദൗർഭാഗ്യകരമാണെന്നും ആ മനോനില തിരുത്തണമെന്നും വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പറഞ്ഞു. ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണുണ്ടായതെന്നും തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിക്ക് ഇനി വിവാദത്തിനു പ്രസക്തിയില്ലെന്നും കെ.കെ.രമ എംഎൽഎ പറഞ്ഞിരുന്നു..
ഹരിഹരന്റെ വീടിനു നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും മാപ്പുപറയൽ കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞത് ഇതിന്റെ സൂചനയാണെന്നും രമ പറഞ്ഞു.