പന്നു വധശ്രമക്കേസ് ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ല: യുഎസ് അംബാസഡർ
Mail This Article
ന്യൂഡൽഹി∙ ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവുമായി ബന്ധപ്പെട്ട കേസ് ഇന്ത്യ–യുഎസ് ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. വിവാഹബന്ധത്തിലെ അനിവാര്യമായ ചില തർക്കങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാകുന്നതു പോലെയാണ് ഈ വിഷയം. ഇത് ഒരിക്കലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് എറിക് ഗാർസെറ്റിയുടെ പ്രതികരണം.
‘‘പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നത്. ഇതൊന്നും ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളെ ഒരുദിവസം പോലും ബാധിച്ചിട്ടില്ല. ഈ ബന്ധം നല്ലരീതിയിൽ മുന്നോട്ടു പോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതെല്ലാകാലത്തും അങ്ങനെ തന്നെ നിലനിൽക്കും.’’– ഗാർസെറ്റി പറഞ്ഞു
സാംസ്കാരികവും മതപരവും ഭാഷാപരവുമായ സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥിതി ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ഇതിന്റെ പേരിൽ നിയമപരമായ അതിർത്തി ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ജനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്ന പരാമർശം നടത്തുന്നുണ്ടോ എന്നതിനേക്കാൾ അവർ നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു വിദേശമണ്ണിൽ ഖലിസ്ഥാൻ അനുകൂല ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഗാർസെറ്റിയുടെ മറുപടി.