ഏഴാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്

Mail This Article
നാദാപുരം∙ ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്. കേസിൽ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേൽ നിടുംപറമ്പ് തയ്യുള്ളതിൽ അനിൽ (44), രണ്ടാം പ്രതി ഏറ്റുമാനൂർ സ്വദേശി എം.ദാസ് (44), മൂന്നാം പ്രതി മണ്ണാർക്കാട് സ്വദേശി ചങ്ങിലേരി വസന്ത (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ലൈംഗിക പീഡനം, പീഡനത്തിന് ഒത്താശ ചെയ്തു നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് വസന്തയ്ക്ക്മേൽ ചുമത്തിയത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്.
2019 മുതൽ അനിലും വസന്തയും പെൺകുട്ടിയെ പീഡനത്തിനിരയാക്കി വരുകയായിരുന്നു. നേരത്തെ ഈ കേസിൽ വസന്തയ്ക്ക് കോടതി 75 വർഷം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചിരുന്നു. വസന്ത ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്. ദാസിന് ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്ന് അനിലിനെ പ്രതിചേർത്ത ശേഷം നടത്തിയ വിചാരണയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. ബുധനാഴ്ചത്തെ വിധിയിൽ അനിലിന് 40 വർഷം തടവും 60,000 രൂപ പിഴയും ദാസിന് 6 മാസം തടവും 5000 രൂപ പിഴയും വസന്തയ്ക്ക് ഇരുപതര വർഷം തടവും 35000 രൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. ഇതോടെ വസന്തയ്ക്കുള്ള ആകെ തടവുശിക്ഷ 95 വർഷമായി. എന്നാൽ ആദ്യത്തെ 75 വർഷം എന്നത് ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. ഇന്നത്തെ വിധിയിലെ 20 വർഷം കൂടിയാകുമ്പോൾ 40 വർഷം വസന്ത ജയിലിൽ കഴിയണം.