ADVERTISEMENT

തൃപ്പൂണിത്തുറ ∙ തളർന്നു കിടക്കുന്ന പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ ലേബർ കോർണറിനു സമീപമുള്ള വാടക വീട്ടിൽ പിതാവ് ഷൺമുഖനെ തനിച്ചാക്കിയതിനു മകൻ അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമാണ് അജിത്തിനെതിരെ ആദ്യം കേസെടുത്തിരുന്നത്. നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ മകൻ ഉപേക്ഷിച്ചു പോയതോടെ ഷൺമുഖൻ മരിച്ചു പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഈ വകുപ്പുകൾ പ്രകാരവും കേസെടുക്കാമെന്ന് നിയമോപദേശം കിട്ടിയതോടെ ഐപിസി 308 ചുമത്തി. ഇതിനൊപ്പം ഷൺമുഖന്റെ മറ്റു മക്കളുടെയും നാട്ടുകാരുടെയും മൊഴികളും പൊലീസ് പരിഗണിച്ചു. 

മകൻ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അവശനിലയിലായ ഷൺമുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ
മകൻ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് അവശനിലയിലായ ഷൺമുഖനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ പൊലീസിനു നിർദേശം നൽകി. 75 വയസ്സുള്ള ഷൺമുഖനു മന്ത്രി വീണാ ജോർജ് ഇടപെട്ട് ചികിത്സയും പരിചരണവും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. അജിത്തിനു പുറമേ ഷൺമുഖനു പെണ്‍മക്കളാണുള്ളത്. അജിത്തും സഹോദരിമാരും തമ്മിൽ കുറെക്കാലമായി ഭിന്നതയുണ്ടെന്നും പലവട്ടം പൊലീസ് ഇടപെട്ടിട്ടുണ്ടെന്നുമാണ് നാട്ടുകാരുടെ ഭാഷ്യം.

വാടക വീട്ടിൽ ഷൺമുഖൻ ഒറ്റയ്ക്കു കിടക്കുന്നതു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണു നാട്ടുകാർ അറിയുന്നത്. ഒരു ദിവസം മുഴുവൻ ഷൺമുഖൻ വെള്ളമോ ഭക്ഷണമോ കിട്ടാതെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ കഴിയാതെയും കിടന്നു. നാട്ടുകാർ ഭക്ഷണവും പരിചരണവും നൽകി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മകനെ ബന്ധപ്പെട്ടപ്പോൾ താൻ വേളാങ്കണ്ണിയിലാണെന്നാണു നാട്ടുകാരോടു പറഞ്ഞത്.

ഇതിനിടെ, ഷൺമുഖനെ ഏറ്റെടുക്കാൻ മുളന്തുരുത്തി ബത്‍ലഹേം ജെറിയാട്രിക് ഹോം സന്നദ്ധത അറിയിച്ചു. എന്നാൽ, സഹോദരൻ വിജയൻ എത്തി ഷൺമുഖനെ ഇടുക്കിയിലെ വീട്ടിലേക്കു കൊണ്ടുപോയി. രണ്ടര വർഷം മുൻപു പക്ഷാഘാതം വന്നപ്പോൾ ഷൺമുഖനെ പെൺമക്കളുടെയും തന്റെയും സഹായത്തോടെയാണു ചികിത്സിച്ചതെന്നും ഇതിനു18 ലക്ഷത്തോളം രൂപ ചെലവായെന്നും വിജയൻ പറഞ്ഞു. ഇതിനുശേഷം സഹോദരിമാരെയും തന്നെയും വീട്ടിൽ വരുന്നതിൽനിന്ന് അജിത് വിലക്കിയതായും വിജയൻ അറിയിച്ചിരുന്നു.

English Summary:

Son Arrested for Deserting Elderly Father in Tripunithura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com