എസി ഓൺ ചെയ്ത് വിശ്രമിക്കാൻ കിടന്നു; യുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ

Mail This Article
ഹരിപ്പാട് (ആലപ്പുഴ) ∙ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനുള്ളിൽ ഉച്ചയ്ക്ക് എസി ഓണാക്കി വിശ്രമിക്കാൻ കിടന്ന യുവാവ് മരിച്ച നിലയിൽ. കരുവാറ്റ വടക്ക് ഊട്ടുപറമ്പിന് സമീപം പുത്തൻ നികത്തിൽ വീട്ടിൽ മണിയന്റെ മകൻ അനീഷാണ് (37) മരിച്ചത്.
കാറിൽ വിശ്രമിക്കുകയായിരുന്ന അനീഷ് ഏറെ സമയം കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ വരാതിരുന്നപ്പോഴാണു ഭാര്യ ദേവിക അന്വേഷിച്ചു ചെന്നത്. കാറിന്റെ ഡോർ തുറന്നു നോക്കിയപ്പോൾ അനീഷ് ബോധരഹിതനായി സീറ്റിലിരിക്കുകയായിരുന്നു. ഉടൻ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കാറിലെ ഡോർ ഗ്ലാസുകൾ ഉയർത്തിയിട്ട നിലയിലായിരുന്നു. എൻജിൻ ഓഫ് ആയിരുന്നു. ഉറക്കത്തിനിടയിൽ എൻജിൻ ഓഫായപ്പോൾ കാറിൽ വിഷവാതകം നിറഞ്ഞതാണോ മരണകാരണമെന്നാണു സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു. മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഇന്നു കാർ പരിശോധിക്കും. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മകൻ: ശിവദത്ത്. ആയിഷ ബീവിയാണു മാതാവ്. സഹോദരങ്ങൾ: അജീഷ്, സോഫിയ.