ഹരിയാനയിൽ തീർഥാടകസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; എട്ടു മരണം
Mail This Article
നൂഹ്∙ ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് എട്ടു പേർ മരിച്ചു. കുണ്ടലി–മനേസർ–പൽവാൾ എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഒട്ടേറെപ്പേർക്ക് പൊള്ളലേറ്റു. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ എന്നിവിടങ്ങളിൽനിന്ന് തീർഥയാത്ര കഴിഞ്ഞുവരുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിൽ അറുപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം. ഇവരെല്ലാം പഞ്ചാബിലെ ഒരു കുടുംബത്തിൽപ്പെട്ടവരാണ്. ശനിയാഴ്ച പുലർച്ചെ 1.30ഓടെ ബസിൽനിന്ന് പുകമണം ഉയർന്നതായി അപകടത്തിൽനിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ബസിൽനിന്ന് തീ ഉയരുന്നത് കണ്ട മോട്ടർ സൈക്കിൾ യാത്രികൻ ബസിനെ പിന്തുടർന്ന് ഡ്രൈവറെ വിവരമറിയിച്ചിരുന്നു. ഡ്രൈവർ ബസ് നിർത്തിയെങ്കിലും പെട്ടെന്ന് തീ പടരുകയായിരുന്നു.
വിവരം അറിയിച്ചിട്ടും മൂന്നു മണിക്കൂറിനുശേഷമാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥരെത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. 10 ദിവസത്തെ തീർഥാടനയാത്രയ്ക്ക് പോയതായിരുന്നു അപകടത്തിൽപ്പെട്ട കുടുംബം.