ADVERTISEMENT

കോട്ടയം∙ കോരുത്തോട് സ്വദേശി വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ അഞ്ചു മാസത്തിനുശേഷം ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ. കോരുത്തോട് സ്വദേശി തങ്കമ്മ (88) ആണ് ഡിസംബർ 15ന് മരിച്ചത്. ഇടിച്ച വാഹനത്തെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇടുക്കി, കോട്ടയം ജില്ലകളിലെ നൂറോളം സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദ് സ്വദേശി ദിനേശ് റെഡ്ഡിയെ മുണ്ടക്കയം പൊലീസ് അറസ്റ്റു ചെയ്തത്.

നടന്നുപോകുമ്പോഴാണ് തങ്കമ്മയെ വാഹനം ഇടിക്കുന്നത്. ഡിസംബർ 15 രാവിലെ എട്ടിന് പനക്കച്ചിറ ആനക്കുളം കവലയുടെ സമീപമായിരുന്നു അപകടം. പനക്കച്ചിറയിലേക്ക് നടന്നു പോകുകയായിരുന്ന തങ്കമ്മയെ തെറ്റായ ദിശയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശബരിമല സീസൺ കച്ചവടത്തിന്റെ ഭാഗമായി നിരവധി ആളുകൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഒട്ടേറെ വാഹനങ്ങൾ ഒരേ സമയം പോയതിനാൽ വാഹനത്തിന്റെ നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തങ്കമ്മ മരിച്ചു.

ശബരിമല തീർഥാടകരെത്തിയ വാഹനം എന്നതു മാത്രമായിരുന്നു പൊലീസിന് ലഭിച്ച വിവരം. അതുവഴി കടന്നുപോയ വാഹനങ്ങളുടെ നമ്പരുകൾ ശേഖരിച്ചു. നൂറോളം സിസിടിവികൾ പരിശോധിച്ചു. വാഹനം ഇടിച്ച സമയം കണക്കാക്കി ചില വാഹനങ്ങളുടെ നമ്പറുകൾവച്ച് പട്ടിക തയാറാക്കി. അതു കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സങ്കീർണമായ അന്വേഷണത്തിന് ഒടുവിലാണ് ഹൈദരാബാദ് സ്വദേശി പിടിയിലായത്. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായതെന്ന് മുണ്ടക്കയം സിഐ പറഞ്ഞു. വാടകയ്ക്ക് എടുത്ത വാഹനത്തിലാണ് ഹൈദരാബാദ് സ്വദേശികൾ ശബരിമലയിലേയ്ക്ക് വന്നത്.

English Summary:

Hyderabad Man Arrested in Longstanding Hit-and-Run Death of Elderly Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com