മോദി വിളമ്പുന്നതെല്ലാം മണ്ടത്തരം, സംവാദത്തിന് തയ്യാർ; വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

Mail This Article
ന്യൂഡൽഹി∙ മോദി വിളമ്പുന്നതെല്ലാം മണ്ടത്തരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുമായുള്ള സംവാദത്തിന് താൻ തയ്യാറാണെന്നും, എന്നാൽ രണ്ട് ചോദ്യങ്ങളിൽ മോദി അത് അവസാനിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തന്റെ ആദ്യ ചോദ്യം അംബാനിയുമായുള്ള ബന്ധത്തെക്കുറിച്ചും രണ്ടാമത്തേത് ഇലക്ട്രൽ ബോണ്ടിനെ കുറിച്ചുമായിരിക്കും. കഴിഞ്ഞ പത്തുവർഷവും ലാഭമുണ്ടാക്കിയത് അദാനിയാണെന്ന് വോട്ട് ചെയ്യാനെത്തുമ്പോൾ ഓർക്കണമെന്നും ഡൽഹിയിൽ ചാന്ദിനി ചൗക്കിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ആം ആദ്മി പാർട്ടിക്ക് നാലും, കോൺഗ്രസിനു മൂന്നും സീറ്റുകൾ വീതം നൽകണമെന്ന് വോട്ടർമാരോട് അഭ്യർഥിച്ച രാഹുൽ ഈ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് ആവർത്തിച്ചു. കഴിഞ്ഞ പത്ത് വർഷവും മോദി സർക്കാർ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ചെയ്തതെല്ലാം അതിസമ്പന്നർക്ക് വേണ്ടിയാണ്. അവർക്ക് വേണ്ടി എഴുതിത്തള്ളിയ തുകയുണ്ടായിരുന്നെങ്കിൽ രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 24 തവണ വേതനം നൽകാമായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.
‘‘കഴിഞ്ഞ പത്ത് വർഷവും ലാഭമുണ്ടാക്കിയത് അദാനിയാണ്. നിങ്ങൾ വോട്ട് ചെയ്യാനെത്തുമ്പോൾ അതോർക്കണം. മേഘത്തിന്റെ മറവിൽ യുദ്ധവിമാനം പറത്തിയാൽ റഡാറിൽ വരില്ലെന്നതടക്കമുള്ള മണ്ടത്തരങ്ങൾ മോദി വിളമ്പിയിട്ടുണ്ട്. റംസാൻ സമയത്ത് മുസ്ലിം സഹോദരങ്ങൾ ഭക്ഷണം തരുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ മോദി ജി, നിങ്ങൾ സസ്യാഹാരിയല്ലേ? അരവിന്ദ് കേജ്‍രിവാളിനെയും ഹേമന്ത് സോറനെയും ജയിലിലടച്ച മോദി സാഹോദര്യത്തിന്‍റെ നാടായ ഡൽഹിയിൽ ചൂല് കൈയ്യിലേന്തിയാണ് പോരാട്ടം നടത്തുന്നത്’’ – രാഹുൽ ഗാന്ധി പറഞ്ഞു.