ADVERTISEMENT

തൃശൂർ∙ 33 വയസ്സിനിടെ അഞ്ചോളം കൊലക്കേസ്, മോഷണം അടക്കം അൻപതിലധികം കേസിലെ പ്രതി, വേഷം മാറുന്നതിൽ വിദഗ്ധൻ, ഒരു സ്ഥലത്ത് ലുങ്കിയാണ് വേഷമെങ്കിൽ മറ്റൊരിടത്തു പ്രത്യക്ഷപ്പെടുന്നത് ജീൻസും കൂളിങ് ഗ്ലാസും ധരിച്ച്– കഴിഞ്ഞ ദിവസം വിയ്യൂർ ജയിലിനു മുന്നിൽനിന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെക്കുറിച്ച് ചുരുക്കത്തിൽ ഇങ്ങനെ പറയാം. തമിഴ്നാട്ടിലെ കോടതിയിൽ ഹാജരാക്കിയശേഷം വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കെത്തിക്കുമ്പോഴാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. പിന്നീട്, മോഷ്ടിച്ച ബൈക്കിലാണ് ജില്ല വിട്ടതെന്നാണ് പൊലീസ് നിഗമനം. ഒരു വീടിനു മുന്നിൽ താക്കോൽ സഹിതം നിർത്തിയിട്ടിരുന്ന ബൈക്കാണ് മോഷ്ടിച്ചത്.

രണ്ടാം തവണയാണ് കേരള പൊലീസിന്റെ കയ്യിൽനിന്ന് ബാലമുരുകൻ രക്ഷപ്പെടുന്നത്. മറയൂരിൽ നടന്ന മോഷണങ്ങളുടെ തെളിവെടുപ്പിന് തമിഴ്നാട്ടിലെത്തിച്ചപ്പോഴായിരുന്നു ആദ്യ രക്ഷപ്പെടൽ. ഇന്നലെ രാത്രി, വിയ്യൂർ ജയിലിലേക്കു കയറ്റാൻ വിലങ്ങ് ഊരിയപ്പോഴാണ് ബാലമുരുകൻ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്. മോഷണത്തിനിടെ ആളുകളെ ആക്രമിക്കുന്നതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്.

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കടയം രാമനദി ഗ്രാമത്തിലാണ് ബാലമുരുകന്റെ ജനനം. വർഷങ്ങളോളം തമിഴ്നാട്ടിൽ ഗുണ്ടാ സംഘത്തലവനായി പ്രവർത്തിച്ചു. ഇയാൾക്കായി തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകൻ കേരളത്തിലേക്കു കടന്നത്. മറയൂരിലെത്തി ഒരു കരിമ്പിൻതോട്ടത്തിൽ ഉടമയുടെ വിശ്വസ്തനായി കൂടി. ഭാര്യയെയും മകളെയും കൊണ്ടു വന്ന് മറയൂരിലെ മുരുകൻ മലയിൽ താമസമാക്കി. സ്ഥലം മനസ്സിലാക്കിയശേഷം മോഷണ പരമ്പര ആരംഭിച്ചു. മറയൂരിലെ ഒരു വീട്ടിലെ നായകളെ മോഷ്ടിച്ച് വാഹനത്തിൽപോകുമ്പോൾ നായകൾ കുരച്ചത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടതോടെയാണ് പിടിയിലായത്. മറയൂരിൽ ഒരു വർഷത്തിനിടെ 20 വീടുകളിൽ മോഷണം നടത്തി.

മറയൂരിൽനിന്ന് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് പോകുന്ന ബാലമുരുകൻ തിരിച്ചെത്തുന്നത് കാറിലാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു മുൻപ് വിൽക്കുന്നതാണ് പതിവ്. കോട്ടക്കുളത്ത് സതീശന്റെ വീട്ടിൽ മോഷണത്തിനെത്തിയതും ഇത്തരത്തിലുള്ള ഒരു ആൾട്ടോ കാറിലാണ്.

മറയൂരിലെ മോഷണക്കേസിൽ പിടിയിലായ ബാലമുരുകനുമായി പൊലീസ് ഇയാളുടെ സ്വദേശമായ തെങ്കാശിയിൽ എത്തി അന്വേഷണവും തെളിവെടുപ്പും കഴിഞ്ഞ് തിരിച്ച് ദിണ്ടുഗൽ–കൊടൈറോഡ് ടോൾഗേറ്റിൽ എത്തിയപ്പോൾ രാത്രി ഒരു മണിയോടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയിൽ‌നിന്നു പുറത്തിറങ്ങിയപ്പോൾ വീണ്ടും വിലങ്ങണിയിക്കാൻ ശ്രമിച്ച എസ്ഐയുടെ ‌‌തലയ്ക്കടിച്ച് തള്ളി വീഴ്ത്തി ഓടി. സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ബാലമുരുകനെ കിട്ടിയില്ല. ഇയാൾ ചെന്നൈയിൽ എത്തി തല മുണ്ഡനം ചെയ്ത് താടിയും മീശയും വടിച്ച് രൂപം മാറിയാണ് പിന്നീട് യാത്ര ചെയ്തത്. ഒടുവിൽ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

തമിഴ്നാട്ടിൽ 53 കേസുകളിൽ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.

English Summary:

Story of Criminal Balamurukan Who Escaped from Police Custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com