‘പറവൂർ പീഡനക്കേസിൽ പ്രതിയാക്കും’: 2.5 കോടി ആവശ്യപ്പെട്ട് പ്രവാസിക്ക് ഭീഷണി; ഒരാൾ കൂടി പിടിയിൽ
Mail This Article
തൃശൂർ∙ പ്രവാസിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. യുട്യൂബറും വിവരാവകാശ പ്രവർത്തകനുമായ ബോസ്കോ കളമശേരി അറസ്റ്റിലായ കേസിലാണ് കണ്ണൂർ സ്വദേശി ലോറൻസ് ജോസഫിനെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. ബോസ്കോ കളമശേരി ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.
പറവൂർ പീഡനക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 2.5 കോടിയോളം രൂപ തട്ടാൻ പ്രതികൾ ശ്രമിച്ചത്. അതിജീവിതയെക്കൊണ്ട് മൊഴി നൽകിക്കുമെന്നായിരുന്നു ഭീഷണി. ഇപ്പോൾ താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടിൽവച്ചാണ് ലോറൻസ് ജോസഫ് പിടിയിലായത്.
രണ്ടു മാസം മുൻപാണ് ബോസ്കോയും ലോറൻസ് ജോസഫും ഉൾപ്പെടുന്ന സംഘം പ്രവാസി വ്യവസായിയുടെ ബിസിനസ് പങ്കാളിയെ സമീപിച്ച് പറവൂർ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പണം നൽകിയാൽ കേസിൽനിന്ന് രക്ഷപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തു. ആദ്യം 15 കോടി രൂപയാണ് പ്രതികൾ പ്രവാസി വ്യവസായിയോട് ആവശ്യപ്പെട്ടത്. പിന്നീട് 2.5 കോടി നൽകണമെന്ന് ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ പീഡനവിവരം യുട്യൂബ് ചാനലിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രവാസി വ്യവസായി പൊലീസിനെ സമീപിച്ചത്. പണം ആവശ്യപ്പെട്ട് നടത്തിയ സംഭാഷണങ്ങളും വാട്സാപ്പ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.