ADVERTISEMENT

തിരുവനന്തപുരം∙ ‘നിങ്ങൾ ജീവിച്ചിരിക്കുന്നത് അത്ഭുതമാണെന്നാണ് ലണ്ടനിലെ ഡോക്ടർമാർ പറഞ്ഞത്. കഴുത്തിൽ‌ വെടിയുണ്ട ഉള്ളതിനാൽ പ്രത്യേക ശ്വസന ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജൻ മാസ്ക് ധരിച്ചാണ് 20 വർഷത്തോളമായി ഉറങ്ങുന്നത്’– മുതിര്‍ന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ രാഷ്ട്രീയ ജീവിതം പൊതുസമൂഹത്തിന് അറിയാമെങ്കിലും രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായ ആക്രമത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അധികമാർക്കും അറിയില്ല. അക്രമികൾ വെടിവച്ച, ഓപ്പറേഷനിലൂടെ നീക്കം ചെയ്യാനാകാത്ത വെടിയുണ്ടയുമായാണ് വർഷങ്ങളായി ഇ.പി.ജയരാജന്റെ ജീവിതം. വെടിയേറ്റതിലൂടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഒട്ടേറെ. 1995ൽ സിപിഎം ദേശീയ സമ്മേളനം കഴിഞ്ഞ് ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ആന്ധ്രയിൽവച്ച് ജയരാജന് കഴുത്തിന് വെടിയേറ്റത്. സംഭവത്തിൽ ജയരാജന് ഗുരുതരമായി പരുക്കേറ്റു. 

‘ വെടിയേറ്റ് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ഉറക്കം നഷ്ടമായി തുടങ്ങി. ഉറങ്ങി അൽപനേരം കഴിയുമ്പോൾ ഞെട്ടി ഉണരും. ഉറങ്ങാൻ കഴിയാത്ത സ്ഥിതിയായപ്പോൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് അവിടെ ബോംബെയിൽ നിന്നുള്ള ഡോക്ടർ ഉണ്ടായിരുന്നു. ഉറക്കം കിട്ടാത്ത പ്രശ്നം അദ്ദേഹത്തോട് പറഞ്ഞപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാക്കി. വെടിയേറ്റപ്പോൾ നിരവധി ഞരമ്പുകൾ തകരാറിലായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാകണമെങ്കിൽ ഈ ഞരമ്പുകൾ വേണം. ഞരമ്പുകൾ നശിച്ചതിനാൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ ഹൃദയത്തിന്റെ പ്രവർത്തനം പതുക്കെയായി. ഉറക്കത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ തലച്ചോർ പ്രതികരിക്കും. അങ്ങനെയാണ് ഞെട്ടി ഉണരുന്നത്. അല്ലെങ്കിൽ ഹൃദയം തകരാറിലാകും. ഞരമ്പുകൾ തകരാറിലായതിന്റെ പ്രശ്നം പരിഹരിക്കാൻ ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജൻ സ്വീകരിക്കാൻ ഡോക്ടർ നിർദേശിച്ചു’– ഇ.പി.ജയരാജൻ പറയുന്നു.  

കേരളത്തെ അവഗണിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുന്ന ഇ.പി.ജയരാജൻ (ഫയൽ ചിത്രം: മനോരമ)
ഇ.പി.ജയരാജൻ ഡൽഹിയിൽ (ഫയൽ ചിത്രം: മനോരമ)

‘ഡോക്ടർ തന്നെ ഉപകരണവും പരിചയപ്പെടുത്തി. 20 വർഷത്തോളമായി ഈ മെഷിൻ ഉപയോഗിക്കുന്നു. മെഷിനിന്റെ ഗ്യാരന്റി 2 വർഷമാണ്. രാത്രി ഉറങ്ങുമ്പോൾ മെഷീൻ പ്രവർത്തിപ്പിച്ച് മാസ്ക് ധരിച്ചാണ് കിടക്കുന്നത്. അതില്ലെങ്കിൽ ഉറങ്ങാൻ കഴിയില്ല. യാത്ര പോകുമ്പോൾ ഈ മെഷിനുമായാണ് പോകുന്നത്. ആദ്യകാലത്ത് വലിയ മെഷിനായിരുന്നു. ഇപ്പോൾ ചെറിയ മെഷിനാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ രാത്രി 11 മണിക്കുശേഷം യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയില്ല. റെയിൽവേ ചട്ടം അങ്ങനെയാണ്. അതിനാൽ രാത്രിയുള്ള യാത്ര പരമാവധി ഒഴിവാക്കും.  ഇപ്പോൾ വന്ദേഭാരതിലാണ് യാത്ര. കമ്പനിക്കാരുമായി ബന്ധപ്പെട്ട് ഉപകരണത്തിന്റെ പവർ ബാങ്ക് ഇപ്പോൾ വാങ്ങിയിട്ടുണ്ട്’–ഇ.പി.ജയരാജൻ പറയുന്നു.

കഴുത്തിൽ തറച്ച വെടിയുണ്ട പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ പ്രശ്നങ്ങളുമായാണ് ജയരാജന്റെ ജീവിതം. വെടിയുണ്ട നീക്കം ചെയ്താൽ അപകടം ഉണ്ടായേക്കാമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. ‘ വെടിയുണ്ട കഴുത്തിലുള്ളതിനാൽ ആരോഗ്യ പ്രശ്നമുണ്ടായപ്പോൾ ലണ്ടനിലുള്ള ഡോക്ടറോട് ഇക്കാര്യം ചോദിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും ആ പ്രശ്നങ്ങൾ സഹിച്ച് മുന്നോട്ടുപോകുക മാത്രമേ രക്ഷയുള്ളൂ എന്നുമാണ് ഡോക്ടർ പറഞ്ഞത്. വെടിയുണ്ട മജ്ജയ്ക്ക് അകത്തായതിനാൽ എടുത്ത് മാറ്റാൻ കഴിയില്ല. മജ്ജയുടെ ഭാഗത്തുനിന്ന് വെടിയുണ്ട എടുത്തു മാറ്റിയാൽ എന്താ സംഭവിക്കുക എന്നു പറയാൻ കഴിയില്ല. ചിലപ്പോൾ അപകടകരമായ നിലയുണ്ടാകും. അതിനു ശ്രമിക്കണ്ടെന്നും ഡോക്ടർ പറഞ്ഞു. വെടികൊണ്ടതിന്റെ ഭാഗമായി കേൾവിക്ക് തകരാറുണ്ട്’–ഇ.പി.ജയരാജൻ പറഞ്ഞു. 

New Delhi 2023 July 26  : K Sudhakaran , president of the Kerala Pradesh Congress Committee (KPCC) , Member of Parliament, Lok Sabha  @ Rahul R Pattom
കെ. സുധാകരൻ (ഫയൽ ചിത്രം –രാഹുൽ ആർ പട്ടം–മനോരമ)

ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലത്താണ് ജയരാജൻ ചികിൽസയ്ക്കായി ലണ്ടനിൽ പോകുന്നത്. വിദഗ്ധ ചികിൽസ നേടാൻ ബാലകൃഷ്ണപിള്ള ഇപിയെ ഉപദേശിച്ചു. അന്ന് കെ.എം.മാണി ധനമന്ത്രിയായിരുന്നു. പ്രത്യേക അനുമതി അദ്ദേഹം നൽകി. ‘പൊലീസ് മർദനത്തിന്റെ ഫലമായി കാലിലും പ്രശ്നങ്ങളുണ്ട്. വെടിവച്ചവരെ പിന്നീട് കണ്ടിട്ടുണ്ട്. ആന്ധ്രയിലെ ഓങ്കോൾ കോടതിയിൽ പോയപ്പോൾ എന്നെ വെടിവച്ച ദിനേശൻ സംസാരിച്ചു. താൻ ചെയ്തതല്ല, തന്നെക്കൊണ്ട് ചെയ്യിച്ചതാണ് എന്നാണ് അയാൾ പറഞ്ഞത്. ഇപ്പോഴും ദിനേശൻ ജയിലിലാണ്’–ഇ.പി.പറയുന്നു.

∙ ഇ.പി.ജയരാജന് വെടിയേറ്റത് 1995ൽ

ചണ്ഡീഗഡിലെ പാർട്ടി ദേശീയ സമ്മേളനത്തിൽ പങ്കെടുത്തശേഷം ഭാര്യയ്ക്കും മറ്റ് നേതാക്കൾക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ ഇ.പി.ജയരാജന് വെടിയേറ്റത്. ട്രെയിൻ ആന്ധ്രയിലെ സിറാല സ്റ്റേഷനിലെത്തിയപ്പോള്‍ മുഖം കഴുകാൻ വാഷ്ബേസിനരികിലേക്ക് പോയ ജയരാജനെ രണ്ട് അക്രമികളിലൊരാൾ കൈത്തോക്ക് കൊണ്ട് വെടിവച്ചു. ഗൂഢാലോചനയുടെ പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കേസിൽ പ്രതിയാക്കി. വെടിവയ്ക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന വിക്രംചാലിൽ ശശി വർഷങ്ങൾക്കുശേഷം കൊല്ലപ്പെട്ടു. മറ്റൊരു പ്രതിയായ പേട്ട ദിനേശൻ സിപിഎം പ്രവർത്തനെ ജയിലിൽ കൊലപ്പെടുത്തിയതിന് റിമാൻഡ് തടവുകാരനായി കഴിയുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനുശേഷം കഴിഞ്ഞ ദിവസം കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com