ADVERTISEMENT

കോട്ടയം ∙ മന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന് എൻസിപിയിൽ ധാരണ ഉണ്ടായിരുന്നോ ? അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ സംഭവമാണ് എൻസിപിയിലെ മന്ത്രി സ്ഥാനം പങ്കിടൽ. ധാരണ ഉണ്ടായിരുന്നെങ്കിൽ കുട്ടനാട് എംഎൽഎ തോമസ് കെ. തോമസിന് മന്ത്രി സ്ഥാനം ലഭിക്കുമായിരുന്നു. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ. തോമസ്. പാർട്ടിയിൽ എന്താണ് സംഭവിച്ചത്. തോമസ് കെ. തോമസ് മനോരമ ഓൺലൈനോട്. 

∙ മന്ത്രി സ്ഥാനമാണല്ലോ താങ്കളുടെ ആവശ്യം. താങ്കളെ മന്ത്രിയാക്കണമെന്ന വ്യവസ്ഥ എൻസിപിയിൽ നേരത്തെയുണ്ടായിരുന്നോ?

മന്ത്രിസ്ഥാനം ഞാൻ ആവശ്യപ്പെടുന്നതല്ല. ഞങ്ങളുടെ ദേശീയ നേതാവ് ശരദ് പവാറിന്റെ  പ്രതിനിധി ആയിരുന്ന പ്രഫുൽ പട്ടേൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇവിടെ വന്നിരുന്നു. ഞങ്ങളെയെല്ലാം വിളിച്ച് സംസാരിച്ച ശേഷം അദ്ദേഹമൊരു തീരുമാനമെടുത്തു. രണ്ടര വർഷം എ.കെ. ശശീന്ദ്രനും രണ്ടര വർഷം തോമസ് കെ. തോമസിനും മന്ത്രി സ്ഥാനം എന്നതായിരുന്നു ആ തീരുമാനം. പാർട്ടിയുടെ തീരുമാനമായിരുന്നു അത്. എന്റെ തീരുമാനമല്ല. ആ തീരുമാനം നടപ്പിലാക്കുമെന്നാണ് പറഞ്ഞത്. അല്ലാതെ മന്ത്രിസ്ഥാനം വേണമെന്ന് ആരും പറഞ്ഞില്ല. ശശീന്ദ്രൻ മന്ത്രിയായതും പാർട്ടി തീരുമാനമാണ്. രണ്ടര വർഷമെന്നത് മൂന്നു വർഷമായി. ശശീന്ദ്രൻ മാറിനിൽക്കണം. കുട്ടനാട് കൂടി ജയിച്ചുവന്നതു കൊണ്ടാണ് പാർട്ടിക്ക് അഞ്ച് വർഷം മന്ത്രി സ്ഥാനം കിട്ടിയത്. അല്ലെങ്കിൽ അഹമ്മദ് ദേവർകോവിലിനും ആന്റണി രാജുവിനുമൊക്കെ കിട്ടിയതു പോലെ രണ്ടര വർഷമെ ഞങ്ങൾക്കും ലഭിക്കുമായിരുന്നുള്ളൂ. 

∙ ഏകാംഗ എംഎൽഎമാരുള്ള പാർട്ടികളിലെല്ലാം മന്ത്രിസ്ഥാനം ടേം അനുസരിച്ച് കൃത്യമായി നടപ്പായല്ലോ. എൻസിപിയിൽ മാത്രം എന്താണ് ഇങ്ങനെയൊരു തടസം?

എന്റെ ചോദ്യവും അതാണ്. പി.സി.ചാക്കോ കാരണമാണ് ടേം വ്യവസ്ഥ നടപ്പിലാകാത്തത്. ഈ പാർട്ടി തകർന്നു. ചിഹ്നം പോയി, കൊടി പോയി, ജീവിതം പോയി, എല്ലാം പോയി. യഥാർഥ എൻസിപിക്കാരൊക്കെ വെളിയിലാണ്. 

∙ താങ്കളോട് ശത്രുത തോന്നാൻ പി.സി.ചാക്കോയ്ക്ക് എന്തെങ്കിലും കാരണമുണ്ടോ?

 അയാളോട് ചോദിച്ചുനോക്ക്. ചാക്കോ എന്റെ നേതാവല്ല. ‍ഞാൻ അംഗീകരിച്ചിട്ടുമില്ല. നേരത്തെ അയാളോടും പവാർ‌ജിയോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

∙ എ.കെ.ശശീന്ദ്രന്റെ നിലപാടെന്താണ്? അദ്ദേഹം എന്താണ് പറയുന്നത്?

ഇപ്പോൾ അദ്ദേഹത്തിന് ഒന്നും ഓർമ കാണില്ല. പഴയ ചരിത്രങ്ങളൊന്നും പുള്ളിക്ക് അറിയത്തില്ല. പ്രഫുൽ പട്ടേൽ ഉണ്ടല്ലോ. ഇങ്ങനെയൊരു വ്യവസ്ഥയുണ്ടോയെന്ന് അദ്ദേഹത്തോട് ചോദിക്കാമല്ലോ. 

∙ സിപിഎമ്മിന് ഈ വ്യവസ്ഥയുടെ കാര്യം അറിയാമോ?

ഇത് എൻസിപിയുടെ തീരുമാനമാണ്. എൻസിപി പറയുന്നത് നടപ്പിലാക്കും. ഗണേഷിന്റെയും കടന്നപ്പള്ളിയുടെയും കാര്യമൊക്കെ എൽഡിഎഫ് തീരുമാനിക്കും. എന്നാൽ ജെഡിഎസിന്റെയും എൻസിപിയുടെയും കാര്യം പാർട്ടിയാണ് തീരുമാനിക്കുന്നത്. പാർട്ടി തീരുമാനിച്ചാൽ മന്ത്രിയെ മാറ്റുമെന്നാണ് ഇ.പി. ജയരാജൻ എന്നോട് പറഞ്ഞത്. മുഖ്യമന്ത്രിക്കും കത്ത് കൊടുത്തിട്ടുണ്ട്.

∙ മുഖ്യമന്ത്രി എന്താണ് പറഞ്ഞത്?

നിങ്ങളുടെ പാർട്ടിയുടെ തീരുമാനമെന്നാണ് അദ്ദേഹം പറഞ്ഞത്.

∙ കേരളത്തിലെ എൻസിപിയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തനാണോ?

കേരളത്തിലെ എൻസിപി പ്രവർത്തിക്കുന്നില്ല. ഞാനും ശശീന്ദ്രനും ചാക്കോയും ഒക്കെയുള്ള ഒരു കമ്മിറ്റിയുണ്ട്. ആ കമ്മിറ്റി ഇതുവരെ വിളിച്ചിട്ടില്ല. പബ്ലിക് സർവിസ് കമ്മിഷനിലെ മെമ്പർ സ്ഥാനം കൊടുത്തത് ആർക്കെന്നു പോലും എനിക്കറിയില്ല. ബോർഡ് വിഭജനം പോലും ആരോടും ചർച്ച ചെയ്യാതെയാണ് നടപ്പാക്കിയത്.

∙ ശരദ് പവാർ‌ എന്തുകൊണ്ടാണ് ഉറച്ച നിലപാട് സ്വീകരിക്കാത്തത്?

അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഇതെല്ലാം നടത്തുന്നത്. 

∙ വരുന്ന എൽഡിഎഫ് യോഗത്തിൽ രാജ്യസഭാ സീറ്റ് എൻസിപി ആവശ്യപ്പെടുമെന്ന് ശശീന്ദ്രൻ‌ ‍മനോരമ ഓൺലൈനോട് പറഞ്ഞിരുന്നു?

ആവശ്യപ്പെടുന്നതിനു കുഴപ്പമൊന്നുമില്ല. മുഖ്യമന്ത്രി സ്ഥാനം വരെ ആവശ്യപ്പെടാം. പക്ഷെ തരാൻ ആരെങ്കിലും വേണ്ടേ?

∙ ദേശീയതലത്തിൽ തിരഞ്ഞെടുപ്പിനു ശേഷം എൻ‌സിപി കോൺഗ്രസിൽ ലയിക്കുമെന്ന് കേൾക്കുന്നുണ്ടല്ലോ?

അങ്ങനെ വാർ‌ത്തകൾ വരുന്നുണ്ട്. പവാർ അത് നിഷേധിച്ചിട്ടില്ല.

∙ അങ്ങനെയുണ്ടായാൽ താങ്കളും കോൺഗ്രസിലേക്ക് പോകുമോ?

ഇല്ല. ആ തീരുമാനം അംഗീകരിക്കില്ല. ‍ഞാൻ എൽഡിഎഫിൽ തന്നെ നിൽക്കും.

English Summary:

Kuttanad is the reason for the 5-year ministership: Thomas K. Thomas MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com