ADVERTISEMENT

തിരുവനന്തപുരം∙ തേടിയെത്തിയ ഭാഗ്യദേവതയെ ഏറെ വിശ്വസിച്ചയാള്‍ തട്ടിയെടുത്തതിന്റെ ഞെട്ടലും വേദനയും മാറിയിട്ടില്ല തിരുവനന്തപുരം സ്വദേശി സുകുമാരിയമ്മയ്ക്കും കുടുംബത്തിനും. ലോട്ടറി ടിക്കറ്റും സമ്മാനത്തുകയും തിരിച്ചുകിട്ടാനായി കോടതി കയറിയിറങ്ങുകയാണിവര്‍. ഒരു കോടി രൂപ ലോട്ടറിയടിച്ചിട്ടും അതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണു കുടുംബം. വഴിയോര കച്ചവടക്കാരിയായ സുകുമാരിയമ്മയില്‍നിന്ന് ലോട്ടറിക്കച്ചവടക്കാരനായ കണ്ണന്‍ ആണ് സമ്മാനം അടിച്ച ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്തത്. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

ഏറെ വിശ്വസിച്ചയാള്‍ ചതിച്ചതിന്റെ ഞെട്ടലിലാണ് അമ്മയെന്ന് സുകുമാരിയമ്മയുടെ മകള്‍ ദീപ പറഞ്ഞു. ‘‘ഇത്രയും വർഷങ്ങളായിട്ട് അറിയുന്ന, ഏറെ വിശ്വസിക്കുന്ന ആള്‍ ചതിക്കുമെന്ന് അമ്മ ഒട്ടും കരുതിയില്ല. അതിന്റെ മനോവേദന ശരിക്കും അമ്മയ്ക്കുണ്ട്. അമ്മയ്ക്ക് നല്ല മനക്കട്ടിയുണ്ട്. അതുകൊണ്ടാണു പിടിച്ചുനില്‍ക്കുന്നത്. കൂലിപ്പണിയൊക്കെ ചെയ്താണു ജീവിച്ചിരുന്നത്. വര്‍ഷങ്ങളായി കണ്ണന്റെ കൈയില്‍നിന്നു തന്നെയാണ് അമ്മ ടിക്കറ്റ് വാങ്ങുന്നത്. സമ്മാനമുണ്ടെങ്കില്‍ കൃത്യമായി എത്തി പണം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച 30,000 രൂപ സമ്മാനം കിട്ടിയപ്പോള്‍ വന്ന് പണം കൊടുത്തിരുന്നു. ഇത്തവണയും സമ്മാനമുണ്ടെന്ന് വന്ന് പറഞ്ഞ് 100 രൂപ വീതം 12 ടിക്കറ്റിന് 1200 രൂപ കൊടുത്തിട്ടാണ് ഒരു കോടി അടിച്ച ടിക്കറ്റ് വാങ്ങിക്കൊണ്ടു പോയത്. ടിക്കറ്റ് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കി. അമ്മയെ തേടിവന്ന ഭാഗ്യം കൈവിട്ടു പോകില്ലെന്ന് ഉറച്ച പ്രതീക്ഷയിലാണ് ഞങ്ങള്‍‘‘ - ദീപ പറഞ്ഞു.

fifty-fifty-lottery

കണ്ണനെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് ടിക്കറ്റ് സൂക്ഷിച്ച ബാങ്ക് ഓഫ് ബറോഡയില്‍ എത്തിച്ച് ടിക്കറ്റ് കൈപ്പറ്റി വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടി പൂര്‍ത്തിയാക്കിയാലുടന്‍ സുകുമാരിയമ്മയ്ക്ക് ടിക്കറ്റ് തിരികെ ലഭിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. പേരൂര്‍ക്കട സ്വദേശിയായ കണ്ണന്‍ അറസ്റ്റിലാകും മുന്‍പ് ഭാഗ്യക്കുറി ടിക്കറ്റ് ബാങ്ക് ഓഫ് ബറോഡയുടെ ശാഖയില്‍ നല്‍കിയിരുന്നു. പൊലീസ് ഇടപെട്ടതിനാല്‍ പണം കൈമാറ്റം നടന്നില്ല. സമ്മാനത്തുക കൈമാറരുതെന്ന് ഭാഗ്യക്കുറി ഡയറക്ടറേറ്റിലും പൊലീസ് അറിയിച്ചിരുന്നു. 

മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂര്‍ ദീപു സദനത്തില്‍ സുകുമാരിയമ്മ (72)യില്‍ നിന്നാണ് കണ്ണന്‍ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. ഒന്നാം സമ്മാനത്തിന് അവകാശം ഉന്നയിച്ച് സുകുമാരിയമ്മ ഭാഗ്യക്കുറി വകുപ്പിനെ സമീപിച്ചു. കോടതി ഉത്തരവ് വരാതെ ഒന്നും ചെയ്യാനാകില്ലെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു നല്‍കിയ മറുപടി. ഇതോടെ ഇവര്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 14ന് ആണ് സുകുമാരിയമ്മ കണ്ണന്റെ പക്കല്‍നിന്നു കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റിയുടെ വ്യത്യസ്ത സീരീസുകളിലായി ഒരേ നമ്പരിലുള്ള 12 ടിക്കറ്റുകള്‍ വാങ്ങിയത്. 15നായിരുന്നു നറുക്കെടുപ്പ്. ഇതില്‍ ഒന്നിനായിരുന്നു ഒരു കോടി രൂപ സമ്മാനം. എന്നാല്‍ ഇക്കാര്യം സുകുമാരിയമ്മ അറിഞ്ഞില്ല. ടിക്കറ്റ് പിന്നീട് തന്ത്രപൂര്‍വം കണ്ണന്‍ തന്നെ കൈവശപ്പെടുത്തുകയായിരുന്നു.

തട്ടിപ്പിന് ഇരയായ സുകുമാരിയമ്മ പറഞ്ഞത് 

കണ്ണന്റെ പക്കല്‍നിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ട്. 14ന് വൈകിട്ടും ടിക്കറ്റ് എടുത്തു. തൊട്ടടുത്തു കച്ചവടം നടത്തുന്ന സാവിത്രിയാണ് ആദ്യം ടിക്കറ്റ് നോക്കിയത്. അവര്‍ എടുക്കാന്‍ തുനിഞ്ഞ ടിക്കറ്റ് സെറ്റാണ് കണ്ണന്‍ എന്റെ നേരെ നീട്ടിയത്. ഒരേ നമ്പറിലുള്ള ഒരു സെറ്റ് (12 എണ്ണം) ടിക്കറ്റ് എടുത്തു. അടുത്ത ദിവസം വൈകിട്ട് 5 മണിയോടെ മ്യൂസിയത്തെ തൊപ്പി വില്‍ക്കുന്നിടത്ത് കണ്ണന്‍ വന്നു. ടിക്കറ്റ് ഒന്നിന് 500 രൂപ വീതം 6000 രൂപ സമ്മാനം ഉണ്ടെന്ന് പറഞ്ഞു. ഈ സമയം അടുത്തുണ്ടായിരുന്ന ആള്‍ ലോട്ടറി ഫലത്തിന്റെ ഷീറ്റ് പരിശോധിക്കുകയും 500 രൂപ അടിച്ചതായി കാണുന്നില്ലെന്നും പറഞ്ഞു. എന്നാല്‍ 100 രൂപ വീതം 1200 രൂപയാണ് സമ്മാനം ലഭിച്ചതെന്നു പറഞ്ഞ് കണ്ണന്‍ ടിക്കറ്റുകള്‍ തിരിച്ചുവാങ്ങി. 500 രൂപയും 700 രൂപയ്ക്കുള്ള പുതിയ ടിക്കറ്റുകളും നല്‍കി. രാത്രിയോടെ തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് പാളയത്തെ കച്ചവടക്കാര്‍ക്ക് കണ്ണന്‍ ലഡു വിതരണം ചെയ്തു. ഒരു സ്ത്രീ ടിക്കറ്റ് എടുത്ത ശേഷം പണം ഇല്ലാത്തതിനാല്‍ തിരികെ നല്‍കിയ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്. സംശയം തോന്നി ഒരു ലോട്ടറിക്കച്ചവടക്കാരന്‍ എന്നോട് വിവരം പറഞ്ഞു. തുടര്‍ന്ന് ലോട്ടറി ഫലം പരിശോധിച്ചപ്പോള്‍ ഞാന്‍ എടുത്ത ടിക്കറ്റുകളില്‍ ഒന്നായ എഫ്ജി 348822 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം അടിച്ചതെന്ന് മനസ്സിലായി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനാർഹൻ ബാങ്ക് മുഖാന്തരം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ 

∙ നറുക്കെടുപ്പ്  ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാന ടിക്കറ്റ് ഹാജരാക്കേണ്ടതാണ്. (എന്നാൽ മേൽപറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി  സമർപ്പിക്കുക)

∙ സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും (ആധാർ കാർഡിൽ ചേർത്തിരിക്കുന്നതുപോലെ) ഒപ്പും  രേഖപ്പെടുത്തിയതിനുശേഷം രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമ്മാനാർഹമായ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

∙ ഭാഗ്യക്കുറി സബ് ഓഫിസ് / ജില്ലാ ഭാഗ്യക്കുറി ഓഫിസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽനിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്, ഫോട്ടോയില്‍ ഗസറ്റഡ് ഓഫിസര്‍ ഒപ്പിട്ട്, ഗസറ്റഡ് ഓഫിസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫിസ് സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.

∙ സമ്മാനതുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാംപില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫിസ് / ജില്ലാ ഭാഗ്യക്കുറി ഓഫിസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ രസീത് ലഭ്യമാണ്)

∙ സമ്മാനാർഹന്റെ പാന്‍ കാർഡിന്റെയും ആധാർ കാർഡിന്റെയും ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ മറ്റുരേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതാണ്.

∙ സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൗണ്ട് നമ്പർ, രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. (ജൻധൻ അക്കൗണ്ടുകൾ, സീറോ ബാലൻസ് അക്കൗണ്ടുകൾ എന്നിവ സ്വീകരിക്കുന്നതല്ല.)

∙ സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്ന ബാങ്കിനെ അധികാരപ്പെടുത്തികൊണ്ടുള്ള “ലെറ്റര്‍ ഓഫ് ഓതറൈസേഷന്‍” – പേര്, ഒപ്പ്, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കുക (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)

∙ സമ്മാനാർഹൻ ടിക്കറ്റ് സമർപ്പിക്കുന്നനബാങ്ക്, “റിസീവിങ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” മാനേജരുടെ പേര്, ഒപ്പ്, ഓഫിസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)

∙ സമ്മാന ടിക്കറ്റ് ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഹാജരാക്കുന്നതിനായി റിസീവിങ് ബാങ്ക് സമീപിക്കുന്ന അവരുടെ തന്നെ തിരുവനന്തപുരം ജില്ലയിലുള്ള ബാങ്ക്, “കളക്റ്റിങ് ബാങ്ക് സര്‍ട്ടിഫിക്കറ്റ്” ബാങ്ക് മാനേജരുടെ പേര്, ഒപ്പ്, ഓഫിസ് സീല്‍ എന്നിവ സഹിതം സമര്‍പ്പിക്കുക. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)

∙ റിസീവിങ് ബാങ്കും കളക്റ്റിങ് ബാങ്കും ഒന്ന് തന്നെയാണെങ്കിലും രണ്ട് സർട്ടിഫിക്കറ്റും നൽകേണ്ടതാണ്. സമർപ്പിക്കുന്ന ബാങ്കിന്റെ പേര് തന്നെയാണു രണ്ടു സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടത്. (മാതൃക http://statelottery.kerala.gov.in/index.php/download-forms എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്)

ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനാർഹമായ ടിക്കറ്റ് സമ്മാനാർഹൻ നേരിട്ട് / പോസ്റ്റൽ മാർഗ്ഗം ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

∙ സമ്മാനത്തുക ലഭിക്കുന്നതിനായി നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ് ബന്ധപ്പെട്ട് രേഖകൾ സഹിതം ഹാജരാക്കേണ്ടതാണ്. (എന്നാൽ മേല്പറഞ്ഞ ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ , ടിക്കറ്റ് സമർപ്പിക്കുന്നതിൽ ഉണ്ടായ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണത്തോടുകൂടി  സമർപ്പിക്കുക.)

∙ സമ്മാനാർഹമായ ടിക്കറ്റിന് പുറകിൽ നിർദ്ദിഷ്ട സ്ഥലത്ത് സമ്മാനാർഹന്റെ ഒപ്പിട്ട് പേരും മേൽവിലാസവും രേഖപ്പെടുത്തി (ആധാർ കാർഡിലേതു പോലെ ) രണ്ട് വശങ്ങളുടെയും ഫോട്ടോ കോപ്പി എടുത്തു സ്വയം സാക്ഷ്യപ്പെടുത്തി  സമ്മാനാർഹമായ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

∙ ഭാഗ്യക്കുറി സബ് ഓഫിസ് / ജില്ലാ ഭാഗ്യക്കുറി ഓഫിസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്പ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകള്‍ ഒട്ടിച്ച്,ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസർ  ഒപ്പിട്ട്, ഗസറ്റഡ് ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ഓഫിസ് സീല്‍ എന്നിവ രേഖപ്പെടുത്തി സമർപ്പിക്കുക.

∙ സമ്മാനത്തുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പില്‍ പതിപ്പിച്ച് സമ്മാനാർഹന്റെ പൂര്‍ണ മേല്‍വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തി സമർപ്പിക്കുക. (ഭാഗ്യക്കുറി സബ് ഓഫീസ് / ജില്ലാ ഭാഗ്യക്കുറി ഓഫിസ് / ഭാഗ്യക്കുറി ഡയറക്ടറേറ്റ് / http://statelottery.kerala.gov.in/index.php/download-formsഎന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്)

∙ സമ്മാനാർഹന്റെ ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും  ഇരുപുറവും ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക.പാൻകാർഡ് ലഭ്യമല്ലാത്തവർ ടിക്കറ്റ് സമയപരിധിക്കുളിൽ ആവശ്യമായ മറ്റുരേഖകൾ സഹിതം വകുപ്പിൽ ഹാജരാക്കേണ്ടതാണ്. പാൻ കാർഡ് ഹാജരാക്കുന്ന മുറയ്ക്ക്  തുക അനുവദിക്കുന്നതാണ്.

∙ സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് IFSC ബ്രാഞ്ചിന്റെ പേര് എന്നിവ അറിയുന്നതിനായി സമ്മാനാർഹന്റെ പേരിലുള്ള സിംഗിൾ അക്കൗണ്ട്ബാങ്ക് പാസ്സ് ബുക്കിന്‍റെ അക്കൌണ്ട് നമ്പർ , രേഖപ്പെടുത്തിയിരിക്കുന്ന പേജിന്റെ ഫോട്ടോകോപ്പിയെടുത്ത് സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുക. (ജൻധൻ അക്കൗണ്ടുകൾ,സീറോ ബാലൻസ് അക്കൗണ്ടുകൾഎന്നിവ സ്വീകരിക്കുന്നതല്ല.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com