ADVERTISEMENT

തിരുവല്ല ∙ കനത്തമഴയിൽ റോഡും പാലവും വെള്ളത്തിനടിയിലായതോടെ 80 വയസ്സുകാരന്റെ മൃതദേഹം വീട്ടിലെത്തിച്ചത് വെള്ളക്കെട്ട് നീന്തിക്കടന്ന്. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ വേങ്ങൽ ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസിന്റെ (80) മൃതദേഹമാണ് വേങ്ങൽ പാരൂർ കണ്ണാട് പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള വാണിയപുരയ്ക്കൽ-ചാന്തുരുത്തി പടി റോഡിലെ വെള്ളക്കെട്ട് നീന്തിക്കടന്ന് ബന്ധുക്കളും സമീപവാസികളും സംസ്കാര ചടങ്ങിനായി കരയ്ക്കെത്തിച്ചത്. 

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ജോസഫ് മാർക്കോസ് മരിച്ചത്. തുടർന്ന് മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്തമഴയെ തുടർന്ന് 300 മീറ്ററോളം  ദൂരവും നാലടിയോളം വീതിയുമുള്ള റോഡ് വെള്ളത്തിലായിരുന്നു. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്റർ നീളത്തിൽ താൽക്കാലിക പാലം നിർമിച്ചു. എന്നാൽ വെള്ളിയാഴ്ച തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഈ പാലവും വെള്ളത്തിനടിയിലായി. 

അന്ത്യശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സിഎസ്ഐ പള്ളി സെമിത്തേരിയിലെ സംസ്കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിക്കുകയായിരുന്നു. 5 കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്. വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരെ കസേരയിലിരുത്തി വെള്ളക്കെട്ട് നീന്തിക്കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്നും ഇവർ പറയുന്നു. റോഡ് ഉയർത്തി നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

English Summary:

80-Year-Old Man's Body Swam Across Flooded Waters in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com