ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ പത്തുദിവസം മാത്രമാണുള്ളത്. ആവേശമില്ലാതെ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടവും അവസാനിക്കുമ്പോൾ ബംഗാൾ മാത്രമാണ് പോളിങ്ങിൽ മുന്നേറിയത്. തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം നൽകുന്ന സന്ദേശങ്ങളെന്ത്? മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് വിലയിരുത്തുന്നു..

കടുത്ത ചൂട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആറാം ഘട്ട വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്. 59.6% ആണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വോട്ട് നില. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ ഇത്തവണയും പലസ്ഥലത്തുമുണ്ടായി. ആറാം ഘട്ടത്തിനു തൊട്ടുമുൻപ് പുതിയ ചർച്ചയുണ്ടായത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ട ‘ഞാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൻ’ എന്ന പരാമർശത്തെക്കുറിച്ചാണ്.

ഡൽഹിയിൽ മുഖ്യ ആകർഷണ കേന്ദ്രം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളായിരുന്നു. പ്രചാരണത്തിനു മാത്രമായാണ് മദ്യനയക്കേസിൽ കേജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കേജ്‌രിവാളിനെതിരെയുള്ള നടപടിയോടുള്ള വിധിയെഴുത്തുകൂടിയായി ഡൽഹിയിലെ തിരഞ്ഞെടുപ്പിനെ ബിജെപിയും എഎപിയും കാണുന്നു. 2019ൽ ഡൽഹിയിലെ 7 സീറ്റിലും പോൾ ചെയ്തതിൽ 50 ശതമാനത്തിലേറെ വോട്ട് നേടിയാണ് ബിജെപി വിജയിച്ചത്.

ഡൽഹിയിൽ, കോൺഗ്രസിൽനിന്നുണ്ടായ ചില അസ്വാരസ്യങ്ങൾ ഒഴിച്ചാൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സഹകരിച്ചാണ് പ്രവർത്തിച്ചത്. ഹരിയാനയിൽ ഒരു സീറ്റിൽ മാത്രമാണ് ആം ആദ്മി സ്ഥാനാർഥിയുള്ളത്. ഇവിടെയും ഇന്ത്യാ മുന്നണിയെന്ന നിലയ്ക്കുള്ള മെച്ചപ്പെട്ട പ്രവർത്തനമുണ്ടായി. ഹരിയാനയിൽ കർഷക സമരവും തൊഴിലില്ലായ്മയും ഗുസ്തിക്കാരുടെ പ്രശ്നവും ജാട്ട് സമുദായത്തിന്റെ എതിർപ്പുമുൾപ്പെടെ ബിജെപിക്ക് സാഹചര്യം പ്രതികൂലമാണ്.

ഏഴാം ഘട്ടത്തിൽ ബംഗാളിലും ഒഡീഷയിലും യുപിയിലുമെന്നപോലെ പഞ്ചാബിലും ത്രികോണ മൽസരമാണ്. 28 വർഷത്തിനുശേഷമാണ് പഞ്ചാബിൽ‍ ബിജെപി തനിച്ചു മൽസരിക്കുന്നത്. ഇതോടെ 543ൽ 486 സീറ്റിൽ വോട്ടെടുപ്പ് നടപടികൾ കഴിഞ്ഞു. പഞ്ചാബിലെയും (13) ഹിമാചലിലെയു (4) എല്ലാ സീറ്റിലും, ബിഹാർ (8), ചണ്ഡീഗഡ് (1), ജാർഖണ്ഡിലും (3) ഒഡീഷയിലും (6), യുപിയിലും (13), ബംഗാളിലും (9) വോട്ടെടുപ്പ് ജൂൺ 1ന് നടക്കും. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

English Summary:

Analysis on Sixth Phase Loksabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com