ADVERTISEMENT

പുൽപള്ളി∙ സ്വന്തമെന്ന് പറയാൻ ആകെയുണ്ടായിരുന്ന വീട് ചിതൽപ്പുറ്റ് കയ്യേറിയതോടെ ഒരു അമ്മയ്ക്കും മകള്‍ക്കും വീട് വിടേണ്ടിവന്നിരിക്കുകയാണ്. വയനാട് ചേകാടി കട്ടക്കണ്ടി കോളനിയിലെ ബിന്ദുവിനും മകൾക്കുമാണു വീട് ചിതലുകൾക്കു വിട്ടുകൊടുക്കേണ്ടി വന്നത്. വീട്ടിനുള്ളില്‍ ചിതല്‍പ്പുറ്റുകള്‍ വളര്‍ന്നുയര്‍ന്നുകൊണ്ടിരിക്കുകയാണ്. പുറ്റ് തട്ടിക്കളഞ്ഞാലും അടുത്ത ദിവസം അതിലും വലുതുണ്ടാവുന്നു. ഇതോടെ ഒരുതരത്തിലും വീട്ടിൽ താമസിക്കൻ സാധിക്കാത്ത അവസ്ഥയായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയതാണ് ബിന്ദുവിന്റെ വീട്. വീട്ടില്‍ താമസമാക്കി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ ചിതലുകളുമെത്തി. സിമന്റ് തറയില്‍ വളരുന്ന പുറ്റ് തട്ടിക്കളയാറായിരുന്നു പതിവ്. എന്നാല്‍ പിന്നീട് പുറ്റിന്റെ വളര്‍ച്ചയ്ക്ക് ശക്തിയേറി. പതിയെ വീട് മുഴുവന്‍ വലിയ ചിതല്‍പ്പുറ്റുകൾ നിറഞ്ഞു. വീടിന്റെ വരാന്തയിലും ഹാളിലും മുറികളിലുമെല്ലാം ചിതൽപ്പുറ്റ് നിറഞ്ഞു. ചിതല്‍പുറ്റുകളെ ഒഴിവാക്കാന്‍ പലമാര്‍ഗങ്ങളും പരീക്ഷിച്ചിട്ടും ഒന്നും ഫലം കണ്ടില്ല. വരാന്തയില്‍ ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞതിനാല്‍ ഇപ്പോള്‍ വീട്ടിനുള്ളിലേക്ക് പ്രവേശിക്കാന്‍പോലും കഴിയില്ല. ചിതല്‍പ്പുറ്റിന് ചുറ്റും മാളങ്ങളുമുണ്ട്. 

ചിതല്‍പ്പുറ്റുകള്‍ നിറഞ്ഞ് താമസിക്കാന്‍ കഴിയാതെ വന്നതോടെ, കോളനിയില്‍ തന്നെയുള്ള ബിന്ദുവിന്റെ അമ്മ മാരയുടെ വീട്ടിലേക്ക് ഇവര്‍ താമസം മാറ്റി. വീട്ടില്‍ വലിയ ചിതല്‍പ്പുറ്റുകള്‍ വന്നത് ദൈവിക സാന്നിധ്യമുള്ളതിനാലാണെന്ന വിശ്വാസത്തിലാണ് കോളനിക്കാര്‍. ഇതിനാല്‍ വിശേഷ ദിവസങ്ങളില്‍ ബിന്ദുവിന്റെ വീട്ടിലെ ചിതല്‍പുറ്റുകള്‍ക്കു മുന്നില്‍ കോളനിവാസികള്‍ വിളക്ക് തെളിയിച്ച് പൂജ നടത്തിവരുന്നുണ്ട്. 

ബിന്ദുവും മകളും ഇപ്പോള്‍ താമസിക്കുന്ന മാരയുടെ വീട് കാലപ്പഴക്കത്താല്‍ തകര്‍ച്ചയുടെ വക്കിലാണ്. പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയ ഈ വീടിന്റെ മേല്‍ക്കൂര വാര്‍ത്തതാണെങ്കിലും മഴയില്‍ ചോര്‍ന്നൊലിക്കും. രണ്ട് മുറികള്‍ മാത്രമുള്ള ഈ കൊച്ചുവീട്ടില്‍ ഏട്ടോളം അംഗങ്ങളാണ് താമസിക്കുന്നത്.

English Summary:

The house was invaded by termites mother and daughter left the house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com