‘മോദിയെ ദൈവം ഭൂമിയിലേക്കയച്ചത് അദാനിയെ സേവിക്കാൻ; വീണ്ടും പ്രധാനമന്ത്രിയാകില്ല’

Mail This Article
പട്ന∙ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ഉറപ്പാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ ഇന്ത്യാസഖ്യത്തിന് അനുകൂലമായ കൊടുങ്കാറ്റു വീശുകയാണെന്നും രാഹുൽ പറഞ്ഞു. പട്നയിൽ ഇന്ത്യാസഖ്യത്തിന്റെ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
താൻ പരമാത്മാവാണെന്ന മോദിയുടെ കഥ തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണ്. തിരഞ്ഞെടുപ്പു കഴിയുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അദാനിയെ കുറിച്ച് നരേന്ദ്ര മോദിയോടു ചോദിക്കും. അദാനിയെ സേവിക്കാനാണ് ദൈവം മോദിയെ ഭൂമിയിലേക്ക് അയച്ചതെന്നും രാഹുൽ പരിഹസിച്ചു.
സാധാരണക്കാരനിൽ നിന്നു പിരിച്ചെടുത്ത ജിഎസ്ടി തുകയിൽ നിന്നാണ് മോദി സർക്കാർ 22 വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയത്. അദാനി വിദേശത്തു നിന്നു തുച്ഛോവിലയ്ക്കു വാങ്ങുന്ന കൽക്കരി സർക്കാർ വൻവില നൽകി ഏറ്റെടുക്കുന്നതിനാലാണ് രാജ്യത്തു വൈദ്യുതി നിരക്ക് വർധിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
അഗ്നിവീർ പദ്ധതിയിൽ സൈന്യത്തിൽ ജോലി നേടുന്ന നാലു പേരിൽ മൂന്നു പേരും പുറത്താകും. ഈ മൂന്നു പേരും ആദിവാസി, ദലിത്, പിന്നാക്ക, ദുർബല വിഭാഗങ്ങളിലുള്ളവരാകും. ജോലി സ്ഥിരപ്പെടുന്ന ഒരാൾ തീർച്ചയായും സമ്പന്ന വിഭാഗത്തിൽ നിന്നുള്ളയാളാകുമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നും രാഹുൽ ഉറപ്പു നൽകി.