ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട നിർണായക യോഗം മാറ്റി. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്. ഇതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണു യോഗം തീരുമാനിച്ചത്.

കേരളത്തില്‍നിന്നുളള ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ എത്തിയതിനു ശേഷമാണ് യോഗം മാറ്റി വച്ച വിവരം അറിയിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണു യോഗം നിശ്ചയിച്ചിരുന്നത്. യോഗം മാറ്റിവച്ചിരിക്കുന്നു എന്ന ഇ-മെയില്‍ സന്ദേശം മാത്രമാണ് ഇന്നലെ ലഭിച്ചത്. കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നത്തേക്കാണു യോഗം മാറ്റിയതെന്നും അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഐഡിആര്‍ബി ആന്‍ഡ് ഇന്റര്‍സ്‌റ്റേറ്റ് വാട്ടേഴ്‌സ് ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്, ഐഡിആര്‍ബി ഡയറക്ടര്‍ ശ്രീദേവി എന്നിവരാണു യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയത്. ജലവിഭവ വകുപ്പ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും യോഗം മാറ്റിയതോടെ ഡല്‍ഹി യാത്ര ഒഴിവാക്കുകയായിരുന്നു.

പഴയതു പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്‌സ്) യോഗം പരിഗണിക്കുമെന്നായിരുന്നു സൂചന. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു. 

പുതിയ അണക്കെട്ടുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ കേരളത്തെ അനുവദിക്കരുതെന്നു ചൂണ്ടിക്കാട്ടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവിനെ സമീപിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും അണക്കെട്ടിന്റെ താഴ്ഭാഗത്തു താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷയുമാണ് കേരളം പ്രധാനമായും ഉന്നയിക്കുന്നത്. സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്തിട്ടുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ് സോണിലാണ് (പിടിആര്‍) പുതിയ അണക്കെട്ട് നിർമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com