ADVERTISEMENT

ആലപ്പുഴ∙ കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ മലക്കംമറിഞ്ഞ് ഡിവൈഎസ്പിയും പൊലീസുകാരും. സിനിമാനടനായ ‘സുഹൃത്തിന്റെ’ വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്നു ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവിന് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറഞ്ഞു. ഈയിടെ റിലീസായ സിനിമയിൽ ഫെയ്സൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫെയ്സലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മേലധികാരികളോടു വിശദീകരിച്ചത്. സംഭവത്തിൽ ഡിവൈഎസ്‌പിയെയും പൊലീസുകാരെയും സസ്പെൻഡ് ചെയ്തു.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫെയ്സലിന്റെ (എം.ജെ.ഫെയ്സൽ–46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ നടന്ന റെയ്ഡിൽ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്പിയും സംഘവും ഫെയ്സലിന്റെ വീട്ടിലെത്തിയത്. അൽപസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ‍ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.

ഫെയ്സലിനെ പൊലീസുകാർക്കു മുൻപരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്പി സാബു മുൻപ് എറണാകുളം റൂറലിൽ ജോലി ചെയ്തിട്ടുണ്ട്. എസ്ഐക്കു ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കാൻ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫെയ്സലിനെയും വീട്ടിലെ ജോലിക്കാരൻ ഷബ്നാസിനെയും കരുതൽ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങൾ രേഖപ്പെടുത്തിയും വിട്ടയച്ചു. ഗുണ്ടകൾ ഏർപ്പാടാക്കിയ കാറിലാണ് ഡിവൈഎസ്പി മടങ്ങിയത്.

English Summary:

Policemen who were caught feasting with goons by Angamaly cops explain how they ended up there

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com