ADVERTISEMENT

സ്വര്‍ണത്തിനും ജിഎസ്‍ടി നിയമത്തിന് കീഴിലെ ഇ-വേ ബില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വര്‍ണ വ്യാപാരികളുടെ യോഗം വിളിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജൂണ്‍ 13ന് തിരുവനന്തപുരത്താണ് യോഗം. വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുകയാണ് യോഗത്തിന്‍റെ ലക്ഷ്യമെന്ന് വ്യാപാരികള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിഎസ്‍ടി ബാധകമായ, 50,000 രൂപയ്ക്കു മേലുള്ള ചരക്കുകളുടെ സംസ്ഥാനാന്തര നീക്കത്തിന് അനിവാര്യമായ രേഖയാണ് ഇ-വേ ബില്‍. സ്വര്‍ണത്തിനും ഇ-വേ ബില്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞവര്‍ഷം ജിഎസ്‍ടി കൗൺസിലിന് മുന്നില്‍വച്ചത് കേരളമാണ്. ഇത് കൗൺസില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സ്വര്‍ണത്തിന് ഇ-വേ ബില്ലിനുള്ള പരിധി രണ്ടുലക്ഷം രൂപയ്ക്ക് മുകളിലായും നിശ്ചയിച്ചിരുന്നു.

എതിര്‍ത്ത് വ്യാപാരികള്‍

സ്വര്‍ണത്തz ഇ-വേ ബില്ലില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സ്വര്‍ണ വ്യാപാര മേഖലയില്‍ ഇ-വേ ബില്‍ ഏര്‍പ്പെടുത്തരുതെന്ന് ഇന്ന് ചേര്‍ന്ന ഓള്‍ കേരള ഗോൾഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ (എകെജിഎസ്എംഎ) സംസ്ഥാന കൗണ്‍സിലും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടുലക്ഷം രൂപയെന്ന പരിധി ഏകദേശം 4 പവന് തുല്യമാണ്. തീരുമാനം നടപ്പായാല്‍ 4 പവന്‍ ആഭരണം കൊണ്ടുപോകുന്നവരും ഇനി ഇ-വേ ബില്‍ എടുക്കേണ്ടിവരും. ഇത് പ്രായോഗികമല്ലെന്നും പരിധി 500 ഗ്രാമായി ഉയര്‍ത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇ-വേ ബില്‍ ഇല്ലെങ്കില്‍ 200 ശതമാനം പിഴ ഈടാക്കാനുള്ള നീക്കത്തെയും അസോസിയേഷന്‍ എതിര്‍ക്കുന്നുണ്ട്.

എന്തുകൊണ്ട് ഇ-വേ ബില്‍?

സംസ്ഥാന ധനവകുപ്പിന്‍റെ വിലയിരുത്തല്‍ പ്രകാരം 2020-21ല്‍ കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം ലഭിക്കേണ്ടിയിരുന്ന മൊത്തം ജിഎസ്‍ടി 3,000 കോടി രൂപയും സംസ്ഥാന ജിഎസ്‍ടിയായി ലഭിക്കേണ്ടിയിരുന്നത് 1,500 കോടി രൂപയുമായിരുന്നു. എന്നാല്‍ സംസ്ഥാന ജിഎസ്‍ടിയായി വെറും 393 കോടി രൂപയേ ആ വര്‍ഷം കിട്ടിയുള്ളൂ. അതോടെയാണ്, നികുതിച്ചോര്‍ച്ച ഒഴിവാക്കാനെന്നോണം കേരളം ഇ-വേ ബില്ലിനായി രംഗത്തെത്തിയത്.

English Summary:

Gold Traders to Meet Finance Minister for GST E-Way Bill Discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com