മോഹൻ ചരൺ മാജി ഒഡീഷാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

Mail This Article
ഭുവനേശ്വർ∙ ഒഡീഷ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിത മുഖത്തെ അവതരിപ്പിച്ച് ബിജെപി. നാലുതവണ എംഎൽഎയായിരുന്ന മോഹൻ ചരൺ മാജിയെ മുഖ്യമന്ത്രിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്നുള്ള ധർമേന്ദ്ര പ്രധാനും ജുവൽ ഓറമും കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് മാജിക്ക് നറുക്കു വീണത്.
കെ.വി.സിങ് ഡിയോ, പ്രവതി പരീദ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. കിയോൻജർ നിയമസഭാ മണ്ഡലത്തിൽനിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. ബിജു ജനതാദളിന്റെ മീണാ മാജിയായിരുന്നു എതിർ സ്ഥാനാർഥി.
ഒഡീഷയിലെ പട്ടികവർഗ ഭൂരിപക്ഷ മേഖലയും ധാതുസമ്പന്നവുമായ കിയോൻജർ ജില്ലയിലെ റായ്കലയിൽ ജനിച്ച മോഹൻ മാജി ഗ്രാമത്തിലെ സർപഞ്ചായാണ് രാഷ്ട്രീയജീവിതം തുടങ്ങുന്നത്. വാച്ച്മാനായിരുന്നു മാജിയുടെ പിതാവ്. ബിരുദധാരിയായ മാജി 1997 മുതൽ 2000 വരെ ഗ്രാമമുഖ്യനായിരുന്നു. ബിജെപിയുടെ ആദിവാസി മോർച്ച വിഭാഗം സെക്രട്ടറിയായും തുടക്കത്തിൽ പ്രവർത്തിച്ചു. 2000ൽ കിയോൻജറിൽനിന്ന് ആദ്യമായി എംഎൽഎ ആയി. തുടർന്ന് 2004, 2019, 2024 തിരഞ്ഞെടുപ്പുകളിലും എംഎൽഎ ആയി. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായിരുന്നു.
വിജയത്തിലും മുഖ്യമന്ത്രി പദത്തിലും ഒഡീഷയിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് മോഹൻ മാജി പ്രതികരിച്ചു. ബുധനാഴ്ച മാജി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്. 174 സീറ്റുകളിൽ 78 സീറ്റും പിടിച്ചെടുത്തായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ ആദ്യവിജയം.