ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പ്രതിപക്ഷം പുറപ്പെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘2004ൽ എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ല, സംഘടനാപ്രശ്നം കാരണമാണ്. അതിനെ ഉദാഹരണമാക്കി നിങ്ങൾ സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട. തിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കരുത്. അതു നല്ലതല്ല. പരാജയത്തിന്റെ കാരണങ്ങൾ എൽഡിഎഫ് പരിശോധിച്ച് തിരുത്തും’’–മുഖ്യമന്ത്രി നിയമസഭയിൽ പറ‍ഞ്ഞു. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുമ്പോൾ ‘ബ, ബ, ബ’ പറയരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രതിപക്ഷത്തിന് ആവേശം കാണുമെന്നും പക്ഷേ പ്രകടിപ്പിച്ച ആവേശം ഉണ്ടോ എന്ന് കണക്ക് പരിശോധിച്ചാൽ അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് എതിരായ വിധിയെന്നാണ് പ്രതിപക്ഷ ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്. പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ട് കുറഞ്ഞു. മഹാവിജയം നേടിയ പ്രതിപക്ഷം വോട്ടു കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കണം. നരേന്ദ്ര മോദി അധികാരത്തിൽനിന്ന് പോകണമെന്നും അല്ലെങ്കിൽ രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്നും വിചാരിക്കുന്നവരുണ്ട്. അവർക്ക് ഇടതുപക്ഷത്തോട് വിരോധമില്ല.

പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും അതിനായി കോൺഗ്രസ് ജയിക്കണമെന്നും അവർ‌ വിചാരിച്ചു. കേന്ദ്രത്തില്‍ സർക്കാർ രൂപീകരിക്കാൻ കഴിയുന്നത് കോൺഗ്രസിനാണ്. 2019ലും ഇതാണ് സംഭവിച്ചത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് വിചാരിച്ച് കോൺഗ്രസിന് ജനം വോട്ടു ചെയ്തു. കോൺഗ്രസ് ജയിച്ചതിൽ ഇടതിനു വേവലാതിയില്ല. പക്ഷേ, തൃശൂരിൽ ബിജെപി ജയിച്ചത് ഗൗരവമായി കാണണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10% വോട്ട് യുഡിഎഫിനു തൃശൂരിൽ കുറഞ്ഞു. 

ബിജെപിക്ക് എതിരായി നടന്ന പോരാട്ടത്തിൽ പ്രത്യേക പാർട്ടിക്ക് അപ്രമാദിത്വം അവകാശപ്പെടാൻ കഴിയില്ല. യോജിച്ച പോരാട്ടം നടക്കുമ്പോഴാണ് ഫലം ഉണ്ടാകുക. ഇടതിന്റെ പാർലമെന്റിലെ സാന്നിധ്യം എന്തായാലും ബിജെപി മുഖ്യശത്രുവായി കാണുന്നത് ഇടതിനെയാണ്. ബിജെപിയുമായി സിപിഎം അന്തർധാരയുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇ.ഡി എന്തു കൊണ്ടാണ് അറസ്റ്റു ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്.

ആരോപണങ്ങളല്ലാതെ തെളിവോടെ എന്തെങ്കിലും പറയാൻ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. പ്രതിപക്ഷം ബിജെപിക്ക് ആയുധം എറിഞ്ഞു കൊടുത്തു. ബിജെപിയും രാഹുലും ഒരേ ഭാഷയിൽ സിപിഎമ്മിനെ അധിക്ഷേപിച്ചു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാർ രാജിവയ്ക്കണമെന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. ആ ഉപദേശം ഞങ്ങൾക്ക് നൽകുന്നതിനു മുൻപ് നിങ്ങൾ ഭരിച്ചിരുന്ന സംസ്ഥാനങ്ങളിലുള്ളവർക്ക് ആ ഉപദേശം നൽകണം–  മുഖ്യമന്ത്രി പറ‍ഞ്ഞു.

English Summary:

Kerala CM Pinarayi Vijayan Reacts to BJP's Victory in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com